ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

ഇന്ത്യൻ വിപണിയിൽ ടാറ്റയും മഹീന്ദ്രയും പറയത്തക്ക വിജയം കാണാതെ പോയ സെഗ്മെന്റാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. പകരം ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസുവായിരുന്നു ഈ സെഗ്മെന്റിൽ പിടിച്ചുകയറിയത്. ഡി-മാക്‌സ് വി-ക്രോസ് മോഡലിലൂടെ നിരത്തുകളിൽ വിസ്‌മയമായി മാറിയ ബ്രാൻഡാണിത്. പിക്കപ്പ് ട്രക്കുകളുടെ വിൽപ്പനയിലൂടെയാണ് ഇന്നും ഈ ബ്രാൻഡ് പിടിച്ചു നിൽക്കുന്നത്.

ടൊയോട്ട ഹൈലക്‌സുമായാണ് ബ്രാൻഡിന്റെ ഇപ്പോഴത്തെ പോരാട്ടം. ടൊയോട്ടയെ എതിരിടാനും വിപണിയിൽ പിടിച്ചു നിൽക്കാനുമായി 2024 മോഡൽ ഡി-മാക്‌സ് വി-ക്രോസ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഇസൂസു മോട്ടോർ ഇന്ത്യ. ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പുത്തൻ പതിപ്പ് വരുന്നുണ്ടെന്ന സൂചന കമ്പനി കഴിഞ്ഞ ദിവസം ടീസറുകളിലൂടെ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കിടിലൻ മാറ്റങ്ങളോടെ പുതിയ മോഡൽ എത്തിയിരിക്കുന്നത്.

കിടിലൻ ലുക്കിലെത്തിക്കാൻ എക്സ്റ്റീരിയറിൽ ചെറിയ മാറ്റങ്ങളും ഫീച്ചർ ലിസ്റ്റിൽ ചില പരിഷ്ക്കാരങ്ങളും ഇത്തവണ ഡി-മാക്‌സ് വി-ക്രോസിന് ഇസൂസു നൽകിയിട്ടുണ്ട്. എക്സ്റ്റീരിയറിലേക്ക് വരുമ്പോൾ 2024 ഡി-മാക്‌സ് വി-ക്രോസിന് പുതിയതായി ഫ്രണ്ട് ബമ്പർ ഗാർഡ്, എഞ്ചിൻ ഹുഡ് ഗാർണിഷ്, പുതിയ ഗ്രിൽ, ബ്ലാക്ക് ഔട്ട് വീലുകൾ എന്നിവ ലഭിക്കുന്നു. ഫെൻഡർ ലിപ്, ഫ്രണ്ട് ആൻഡ് റെയർ വീൽ ആർച്ചുകൾ, ഫോഗ് ലൈറ്റുകൾ, റിയർ ബമ്പർ, റൂഫ് റെയിലുകൾ, ഒആർവിഎം എന്നിവ ഡാർക്ക് ഗ്രേ കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നതും. ഇവ സ്പോർട്ടി ഫീൽ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്.

വണ്ടിയുടെ മൊത്തത്തിലുള്ള ഡിസൈൻ ‘സൈബർഗ്-ഓർക്ക’യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് ഇസൂസു പറയുന്നത്. 2024 മോഡൽ ഇയർ പരിഷ്ക്കാരത്തിലൂടെ ഇന്റീരിയറിലും ചില മാറ്റങ്ങൾ കൊണ്ടുവരാൻ ബ്രാൻഡ് ശ്രമിച്ചിട്ടുണ്ട്. പുത്തൻ വി-ക്രോസിന് ട്രാക്ഷൻ കൺട്രോൾ, ESC, HDC, HSA, പിന്നിലെ യാത്രക്കാർക്കുള്ള ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, പിൻസീറ്റ് ഒക്യുപൻ്റ് ഡിറ്റക്ഷൻ സെൻസറുകൾ പോലുള്ള സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയതാണ് ഇതിൽ പ്രധാനം.

റിയർ സീറ്റുകൾക്ക് ക്രമീകരിക്കാവുന്ന റിക്ലൈൻ ഫംഗ്‌ഷൻ എന്നിവയുടെ രൂപത്തിലും നവീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4WD സിസ്റ്റം, 6 എയർബാഗുകൾ എന്നിവയാണ് 2024 മോഡൽ വി-ക്രോസിലെ മറ്റ് ചില ശ്രദ്ധേയമായ സവിശേഷതകൾ.

163 ബിഎച്ച്പി കരുത്തിൽ പരമാവധി 360 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 1. 9 ലിറ്റർ, ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് ഇസൂസു ഡി-മാക്‌സ് വി-ക്രോസിന് തുടിപ്പേകുക. ഈ എഞ്ചിൻ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കി വാങ്ങാവുന്നതാണ്. ഏതുതരം റോഡിലും മിന്നുന്ന പെർഫോമൻസ് പുറത്തെടുക്കാൻ കഴിയുന്ന 4×2, 4×4 പതിപ്പുകൾക്കുള്ള ഓപ്ഷനുകളും വാഹനത്തിലുണ്ട്.

21. 20 ലക്ഷം രൂപയിൽ നിന്നാണ് പുതുക്കിയ ഡി-മാക്‌സ് സീരീസിൻ്റെ വില ആരംഭിക്കുന്നത്. എതിരാളിയായ ടൊയോട്ട ഹൈലക്‌സിനേക്കാൾ ഏകദേശം 9 ലക്ഷം രൂപയോളം വില കുറവാണിത്. ഹൈ-ലാൻഡർ, 2WD ഓട്ടോമാറ്റിക്, 4WD മാനുവൽ, 4WD മാനുവൽ പ്രസ്റ്റീജ്, 4WD ഓട്ടോമാറ്റിക് പ്രസ്റ്റീജ് എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വേരിയന്റുകളിൽ പിക്കപ്പ് ട്രക്ക് വാങ്ങാം. ടോപ്പ്-എൻഡ് വേരിയന്റിന് 30.96 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. കാറിൻ്റെ ബുക്കിംഗ് ബ്രാൻഡ് ആരംഭിച്ചു കഴിഞ്ഞു. പുത്തൻ പതിപ്പിനായുള്ള ഡെലിവറികളും ഉടൻ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.