വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്: അനശ്വര രാജൻ

മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് അനശ്വര രാജൻ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’, മിഥുൻ മാനുവൽ തോമസ് ജയറാം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘എബ്രഹാം ഓസ്ലർ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് അനശ്വര കാഴ്ചവെച്ചത്.

2017-ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി- നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യിലും അനശ്വര ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിതാ ഒരു സ്ത്രീ എന്ന നിലയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിക്കുകയാണ് അനശ്വര രാജൻ. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് താൻ വളർന്നതെന്നാണ് അനശ്വര പറയുന്നത്. അതുകൊണ്ട് തന്നെ സാമ്പത്തിക ഭദ്രത എന്നത് പ്രധാനമാണെന്നും അനശ്വര പറയുന്നത്.

“സാമ്പത്തിക സ്വാതന്ത്യം ആത്മവിശ്വാസം കൂട്ടാറുണ്ട്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോയിത്തുടങ്ങിയ അമ്മയെ കണ്ടാണ് ഞാൻ വളർന്നത്. അതു കൊണ്ടു തന്നെ പണ്ട് തൊട്ടേ ‘കല്യാണം കഴിക്ക്’ അമ്മ എന്നല്ല പറയുന്നത് മറിച്ച് ‘സാമ്പത്തിക ഭദ്രതയില്ലാതെ കല്യാണം കഴിക്കേണ്ട’ എന്നാണ് പറയാറുള്ളത്. ആണ് -പെണ്ണ് എന്നൊന്നുമല്ല. എല്ലാവരും സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടതുണ്ട്. എൻ്റെ പാഷനിലൂടെ വരുമാ നം നേടാൻ സാധിക്കുന്നു എന്നത് എന്നെ ഇരട്ടി സന്തോഷിപ്പിക്കുന്നു.” എന്നാണ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അനശ്വര രാജൻ പറയുന്നത്.

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രമാണ് അനശ്വരയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായകന്മാർ.

Read more