എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രഞ്ജി പണിക്കര്‍

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കര്‍. വോട്ട് ചെയ്ത ശേഷമാണ് രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് സംസാരിച്ചത്. തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോടാണ് രഞ്ജി പണിക്കര്‍ പ്രതികരിച്ചത്.

”ഈ ചോദ്യം കുഴപ്പിക്കൊന്നൊന്നുമില്ല. എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി അല്ലെങ്കില്‍ അതിന്റെയൊരു അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്.”

”എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവര്‍ത്തിക്കുക. അതിന്റെ എല്ലാ പരിമിതികള്‍ക്കും പരാധീനതകള്‍ക്കും ഉള്ളില്‍ നിന്നു കൊണ്ട് അതിന്റെയൊരു മെക്കാനിസമുണ്ട് എന്ന് വിശ്വസിക്കുന്ന വോട്ടര്‍ ആണ് ഞാന്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷം നമ്മള്‍ അത് കണ്ടതാണ്.”

” ഇന്ത്യന്‍ ജനതയ്ക്ക് ഇത്രയധികം രാഷ്ട്രീയ ബോധമുണ്ടാവാത്ത കാലത്ത്, ജനാധിപത്യത്തിന്റെ നിലനില്‍പിനായി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവര്‍ത്തിക്കുക” എന്നാണ് രഞ്ജി പണിക്കര്‍ പറയുന്നത്.