മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

തമിഴ് സിനിമയിൽ തമിഴ് നടിമാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നില്ലെന്നും എല്ലാം മലയാളി നടിമാർക്കാണ് ലഭിക്കുന്നതെന്നും വനിത വിജയകുമാർ. താൻ ഇരുപത്തിയഞ്ചോളം സിനിമകൾ ചെയ്തുവെന്നും, അതിലെല്ലാം വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചുവെന്നും എന്നാൽ 90കളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറങ്ങളിലെ സിനിമകള്‍ ഇന്ന് വളരെ കുറവാണെന്നും വനിത കുറ്റപ്പെടുത്തി. അതേസമയം നന്നായി അഭിനയിക്കാൻ കഴിവുണ്ടെങ്കിൽ ഭാഷ ഒരു പ്രശ്നമല്ലെന്നും, മികച്ച സിനിമകളുടെ ഭാഗമാവുന്നത് മികച്ച സ്ക്രിപ്റ്റ് തിരഞ്ഞെടുത്ത്കൊണ്ടാവണമെന്നും സോഷ്യൽ മീഡിയയിൽ വനിതയെ വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.

“തമിഴ് ഇന്‍ഡസ്​ട്രിയെ വിശ്വസിക്കുന്ന തമിഴ് നടിമാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല. അത് വളരെ നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 25 സിനിമകള്‍ ഞാന്‍ ചെയ്​തു. ഈ ചിത്രങ്ങളിലെല്ലാം പൊലീസ്, വക്കീല്‍, നെഗറ്റീവ്, പോസിറ്റീവ് അങ്ങനെ വ്യത്യസ്​തമായ കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്​തത്.

എന്നാല്‍ നമ്മള്‍ 90കളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറങ്ങളിലെ സിനിമകള്‍ ഇന്ന് വളരെ കുറവാണ്. എപ്പോഴൊക്കെ അത്തരം ചിത്രങ്ങള്‍ പുറത്തുവരുന്നോ അതെല്ലാം വിജയിക്കുന്നുണ്ട്. അത്തരം സിനിമകള്‍ ചെയ്യുന്ന സംവിധായകരും വളരെ കുറഞ്ഞു. എന്‍റെ അച്ഛനൊക്കെ ചെയ്​തതു പോലെയുള്ള പഴയ സിനിമകളും കഥകളും എനിക്ക് വളരെ ഇഷ്​ടമാണ്.

അങ്ങനെ പരുക്കനായ നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ എന്തുകൊണ്ട് നമുക്ക് വരുന്നില്ല? പറയുന്നതില്‍ വിഷമമുണ്ട്, ഒരുപാട് മലയാളം നടിമാര്‍ക്ക് അത്തരം വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ തമിഴ്​നാട്ടിലുള്ള തമിഴ് നടിമാര്‍ക്ക് അത് ലഭിക്കില്ല.” എന്നാണ് തണ്ടുപാളയം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വനിത പറഞ്ഞത്.

ഓപ്പറേഷൻ ലൈല എന്ന ചിത്രമാണ് വനിതയുടെ അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം. ഇന്നലെ പ്രഖ്യാപിച്ച മാരി സെൽവരാജ്- ധ്രുവ് വിക്രം ചിത്രം ബൈസണിൽ മലയാളികളായ അനുപമ പരമേശ്വരനും, രജിഷ വിജയനുമാണ് നായികമാർ.

Read more