മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ടർബോ’ മെയ് 23ന് തിയേറ്ററുകളിൽ എത്തുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്.
ജോസ് എന്ന ജീപ്പ് ഡ്രൈവർ ആയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദുബായ് സിലിക്കൺ സെൻട്രൽ മാളിൽ വെച്ച് മാർച്ച് 12 നാണ് ട്രെയ്‌ലർ ലോഞ്ച്.
ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് എന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.
Read more
2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.