സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ മുഖ്യമന്ത്രി രഞ്ജിത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഇക്കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പു വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
രഞ്ജിത്തും വിനയനും മലയാള സിനിമയ്ക്ക് നല്ല സംഭാവനകള്‍ നല്‍കിയവരാണ്. വിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. അവാര്‍ഡിനെത്തന്നെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഏറ്റവും മികച്ച ജൂറിയാണ് ഇത്തവണ ഉണ്ടായിരുന്നത്. രഞ്ജിത്ത് അവാര്‍ഡ് നിര്‍ണയത്തില്‍ സ്വാധീനം നടത്തിയിട്ടില്ല. മുഖ്യമന്ത്രി എത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ആറു ദിവസം നീളുന്ന പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള. 15 വര്‍ഷം കൊണ്ട് രാജ്യത്തെ ചലച്ചിത്രകാരന്മാര്‍ ഉറ്റുനോക്കുന്ന മേളയായി കേരളത്തിന്റെ രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വചിത്രമേള മാറിയെന്നു മന്ത്രി പറഞ്ഞു.
ചില ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമപോരാട്ടങ്ങള്‍ തന്നെ ചലച്ചിത്ര അക്കാദമിക്കു നടത്തേണ്ടി വന്നു. ജെ.എന്‍.യു സമര പശ്ചാത്തലത്തില്‍ വിഷയമായ ചിത്രത്തിനും ആനന്ദ് പട്വര്‍ദ്ധന്റെ ‘റീസണ്‍’ എന്ന ചിത്രത്തിനും ഹൈക്കോടതിയില്‍ പോയി അനുമതി വാങ്ങിയാണ് മുന്‍ വര്‍ഷങ്ങളിലെ മേളകളില്‍ പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്രകാരന്മാരുടെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും കൂടി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന ജനാധിപത്യ വേദിയാണ് മേളയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സമഗ്ര സിനിമാ നയം തയ്യാറാക്കുന്നതിന്റെ ഭാഗമായി സിനിമയുടെ എല്ലാ മേഖലയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ കോണ്‍ക്ലവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെസി ഡാനിയേല്‍ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി.വി ചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തി.
ഫെസ്റ്റിവല്‍ കാറ്റലോഗ് ടി.വി ചന്ദ്രന്‍, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ കനു ബേലിനു നല്‍കിയും ഡെയ്ലി ബുള്ളറ്റിന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, നടിയും ജൂറി അംഗവുമായ തിലോത്തമ ഷോമിന് നല്‍കിയും പ്രകാശനം ചെയ്തു.
കനു ബേല്‍, ഷാജി എന്‍ കരുണ്‍, തിലോത്തമ ഷോം, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍’ പ്രദര്‍ശിപ്പിച്ചു. പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിത റെയ്ഹാന ജബ്ബാറിയുടെ കഥ പറഞ്ഞ ഈ പേര്‍ഷ്യന്‍ ഡോക്യുമെന്ററി നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
44 രാജ്യങ്ങളില്‍ നിന്നായി നവാഗതര്‍ ഉള്‍പ്പെടെയുള്ള സംവിധായകരുടെ അതിശക്തമായ കാലികപ്രസക്തിയുള്ള പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് ഇത്തവണത്തെ മേളയെ സമ്പുഷ്ടമാക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്സ്’ ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ബഹുമതികള്‍ നേടിയ ചിത്രങ്ങള്‍ വിരുന്നൊരുക്കുന്ന മേള 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിനും വേദിയാകും. 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
Read more
അനിമേഷന്‍, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റര്‍നാഷണല്‍ തുടങ്ങി 23 വിഭാഗങ്ങളിലെ ചിത്രങ്ങള്‍ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി രാവിലെ 9 മുതല്‍ പ്രദര്‍ശിപ്പിക്കും.