സുഗന്ധഗിരി മരംമുറി കേസ്; അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചു; പരാതിയുമായി സസ്‌പെന്‍ഷനിലായ വനിതാ റെയ്ഞ്ച് ഓഫീസര്‍

സുഗന്ധഗിരി മരംമുറി കേസില്‍ അന്വേഷണ സംഘത്തിനെതിരെ പരാതിയുമായി വനിതാ റെയ്ഞ്ച് ഓഫീസര്‍. അന്വേഷണ സംഘം മാനസികമായി പീഡിപ്പിച്ചെന്നാണ് സസ്‌പെന്‍ഷനിലായ വനിതാ റെയ്ഞ്ച് ഓഫീസര്‍ നീതു ഉന്നയിക്കുന്ന പരാതി. നീതു ഇത് സംബന്ധിച്ച് വനം മേധാവിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

സുഗന്ധഗിരി മരംമുറി കേസിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ വനംവകുപ്പ് നിയോഗിച്ചിരുന്ന വിജിലന്‍സ് സംഘത്തിനെതിരെയാണ് നീതു പരാതി നല്‍കിയത്. കേസില്‍ സൗത്ത് ഡിഎഫ്ഒയെ സ്ഥലം മാറ്റിയ നടപടിയും വിവാദത്തിലാണ്. തന്നെ ശാരീരികമായും മാനസികമായും സമ്മര്‍ദ്ദത്തിലാക്കിയാണ് തെറ്റായ മൊഴി രേഖപ്പെടുത്തിയതെന്നാണ് പരാതിയിലുള്ളത്.

Read more

കേസില്‍ മേല്‍നോട്ട വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീതുവിനെ സസ്‌പെന്റ് ചെയ്തത്. അതേസമയം അനധികൃത മരംമുറി കണ്ടെത്തിയതും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതും തന്റെ സംഘമാണെന്നാണ് നീതുവിന്റെ വാദം. കേസില്‍ സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റിയതിലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.