18.6 കോടിയുടെ സ്വര്‍ണക്കടത്ത്; അഫ്ഗാന്‍ നയതന്ത്രപ്രതിനിധി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി; നടപടി ഭയന്ന് സാകിയ വാര്‍ദക് രാജിവെച്ചു

സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടിയിലായ അഫ്ഗാനിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥ രാജിവെച്ചു. . ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ നയതന്ത്രരംഗത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥയായ സാകിയ വാര്‍ദക് ആണ് രാജിവെച്ചത്. ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നാടകീയമായി രാജി.

കഴിഞ്ഞ മാസം 18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വര്‍ണം ദുബായില്‍നിന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ സാകിയ വാര്‍ദക് മുംബൈയില്‍ പിടിയിലായെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ അഫ്ഗാന്‍ കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചിരുന്ന സാകിയ കഴിഞ്ഞവര്‍ഷംമുതല്‍ ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ ആക്ടിങ് അംബാസിഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.

നയതന്ത്രപരിരക്ഷ ഉള്ളതിനാല്‍ സാകിയയെ ഡി.ആര്‍.ഐ. അറസ്റ്റുചെയ്തിട്ടില്ലെന്നായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. 2023 നവംബറിലാണ് സാകിയ അഫ്ഗാനിസ്താന്‍ എംബസിയില്‍ ആക്ടിങ് അംബാസിഡറായി ചുമതലയേറ്റത്. എംബസി അടച്ചിടുകയാണെന്ന അന്നത്തെ അംബാസിഡര്‍ ഫരീദ് മുമുന്‍ഡ്സെയുടെ പ്രഖ്യാപനത്തിനുശേഷമാണ് സാകിയ പ്രവര്‍ത്തനം തുടങ്ങിയത്. സാകിയയുടെ രാജിസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read more

രാജി പ്രഖ്യാപനം എക്‌സില്‍ കൂടിയാണ് അവര്‍ നടത്തിയത്. തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജിവെക്കുകയാണെന്ന ഒറ്റവരി സന്ദേശമാണ് അവര്‍ പങ്കുവെച്ചത്.