'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

റഷ്യന്‍ പ്രസിഡന്റ് പദവിയില്‍ പുതുചരിത്രമെഴുതി വ്‌ളാദിമിര്‍ പുടിന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ക്രെംലിന്‍ കൊട്ടാരത്തിലെ സെന്റ് ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ നടന്ന ചടങ്ങില്‍നിന്ന് അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ വിട്ടുനിന്നു. അഞ്ചാംവട്ടമാണ് അദേഹം റഷ്യല്‍ പ്രസിഡന്റാകുന്നത്.

ജോസഫ് സ്റ്റാലിനുശേഷം റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം അനുഷ്ഠിക്കുന്ന നേതാവെന്ന റെക്കോര്‍ഡ് അദേഹത്തിന് സ്വന്തമാകും. പുടിന്‍ 1999-2000, 2008-2012 കാലത്ത് പ്രധാനമന്ത്രിയും 2000-2008 കാലത്തും 2012 മുതലും പ്രസിഡന്റാണ്.

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നു വിട്ടുനിന്നു. റഷ്യയെ നയിക്കുകയെന്നതു വിശുദ്ധമായ കര്‍മമാണെന്നും ദുര്‍ഘടഘട്ടം തരണംചെയ്ത് രാജ്യം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പുടിന്‍ പറഞ്ഞു. ഭീഷണികളും വെല്ലുവിളികളും നേരിടാന്‍ റഷ്യ സര്‍വസജ്ജമാണ്. നമ്മുടേതൊരു മഹത്തായ രാഷ്ട്രമാണ്.

Read more

പ്രതിസന്ധികളെ തോളോടുതോള്‍ചേര്‍ന്ന് നാം മറികടക്കും. ആവിഷ്‌കരിച്ച പദ്ധതികളെല്ലാം യാഥാര്‍ഥ്യമാക്കും. ഒരുമയോടെ വിജയം കൈവരിക്കുമെന്നും പുടിന്‍ പറഞ്ഞു.