ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 42 റൺസ് നേടി ആർസിബി വിജയത്തിൽ നിർണായക പങ്ക് വഹിച്ച ശേഷം വിരാട് കോഹ്‌ലി ഓറഞ്ച് ക്യാപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ഋതുരാജ് ഗെയ്‌ക്‌വാദ് രണ്ടാം സ്ഥാനത്തേക്ക് ഇറക്കി കോഹ്‌ലി ഒന്നാം സ്ഥാനം ഉറപ്പിക്കുക ആയിരുന്നു. ബെംഗളൂരുവിൽ 148 റൺസ് പിന്തുടരുന്നതിനിടെ ഫാഫ് ഡു പ്ലെസിസും (64) കോഹ്‌ലിയും ചേർന്ന് 5.5 ഓവറിൽ 92 റൺസ് കൂട്ടിച്ചേർത്തു.

ശേഷം വളരെ പെട്ടെന്ന് ആർസിബിക്ക് 6 വിക്കറ്റ് നഷ്ടമായതോടെ റൺസ് പിന്തുടരാൻ അവർ ബുദ്ധിമുട്ടുമെന്ന് കരുതി. പക്ഷേ ദിനേശ് കാർത്തിക്കിൻ്റെ പരിചയസമ്പത്ത് അവരെ ജയിപ്പിക്കുക ആയിരുന്നു.കോഹ്‌ലിയുടെ മികച്ച ഫോമിനെ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് അഭിനന്ദിച്ചു. 2024 ലെ ഐസിസി ടി20 ലോകകപ്പിലും ഇതേ ടെമ്പോ നിലനിർത്താൻ അദ്ദേഹം സ്റ്റാർ ബാറ്ററോട് അഭ്യർത്ഥിച്ചു.

“ഗുജറാത്ത് ടൈറ്റൻസിനെതിരെ വിരാട് കോഹ്‌ലി അസാമാന്യ പ്രകടനമാണ് നടത്തിയത്. ആർസിബിക്ക് വേണ്ടി ഈ സീസണിൽ അവൻ സ്ഥിരത പുലർത്തുന്നുണ്ട്. 2024ലെ ഐസിസി ടി20 ലോകകപ്പിലും അദ്ദേഹം തൻ്റെ ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലോകകപ്പിന് ശേഷം റണ്ണൊന്നും നേടാനായില്ലെങ്കിലും വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ഫോമിൽ ഇന്ത്യയ്ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്,” വീരേന്ദർ സെവാഗ് ക്രിക്ക്ബസിൽ പറഞ്ഞു.

അതേസമയം, 27 പന്തുകൾ നേരിട്ട കോഹ്‌ലി 4 സിക്‌സറുകളും 2 സിക്‌സറുകളും പറത്തി. ഇന്നലത്തെ അദ്ദേഹത്തിൻ്റെ വെടിക്കെട്ട് പ്രകടനം ടീമിനെ സഹായിച്ചു. 11 കളികളിൽ നിന്ന് 67.75 ശരാശരിയിലും 148.08 സ്‌ട്രൈക്ക് റേറ്റിലും 542 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. മൊത്തത്തിൽ 48 ഫോറുകളും 24 സിക്‌സറുകളും അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.