T20 WORLDCUP 2024: സൂപ്പർതാരം പുറത്ത്, ഹർഷ ഭോഗ്‌ലെയുടെ സർപ്രൈസ് ലോകകപ്പ് ഇലവൻ റെഡി; ഈ ടീം മതിയെന്ന് ആരാധകർ

കമൻ്റേറ്റർ ഹർഷ ഭോഗ്‌ലെ 2024 ലെ ടി20 ലോകകപ്പിനുള്ള തൻ്റെ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തു. ഏറെ നാളുകൾക്ക് ശേഷം ഒരു ഐസിസി ട്രോഫി കാത്തിരിക്കുന്ന ഇന്ത്യൻ ടീം ഇത്തവണ കിരീട പ്രതീക്ഷയുമായി ഇറങ്ങുമ്പോൾ 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത് കാണാൻ രാജ്യം കാത്തിരിക്കുകയാണ്. ഈ ദിവസങ്ങളിൽ തന്നെ ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാൻ ഇരിക്കെ അവരെക്കാൾ മുമ്പ് തന്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഹർഷ.

ഓപ്പണർ സ്ലോട്ടിലേക്ക് രോഹിത് ശർമ്മയുടെ ജോടിയായി യശസ്വി ജയ്‌സ്വാളിനെ തിരഞ്ഞെടുത്തു. മൂന്നാം നമ്പറിൽ സൂപ്പർ താരം വിരാട് കോഹ്ലി ഇറങ്ങുമ്പോൾ ആശ്ചര്യകരമെന്നു പറയട്ടെ, രണ്ടാം വിക്കറ്റ് കീപ്പർ ബാറ്റർ പൊസിഷനിലേക്ക് കെഎൽ രാഹുലിന് മുകളിലൂടെ സഞ്ജു സാംസണെ തേടിയെത്തി. ഐപിഎൽ 2024ൽ ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി തരംഗം സൃഷ്ടിച്ച ശിവം ദുബെയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

വാഹനാപകടത്തിന് ശേഷം അന്താരാഷ്ട്ര തലത്തിൽ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഋഷഭ് പന്ത് സൂര്യകുമാർ യാദവിനും ഹാർദിക് പാണ്ഡ്യക്കുമൊപ്പം മധ്യനിരയിൽ ഇറങ്ങും. സന്ദീപ് ശർമ്മയാണ് ടീമിലെ അപ്രതീക്ഷിത തിരഞ്ഞെടുപ്പ്. സന്ദീപ് മന്ദഗതിയിലുള്ള വെസ്റ്റ് ഇൻഡീസ് ഡെക്കുകളിൽ തിളങ്ങിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. അക്സർ പട്ടേലും കുൽദീപ് യാദവുമാണ് സ്പിൻ ഡിപ്പാർട്ട്മെൻ്റിന് ചുക്കാൻ പിടിക്കുന്നത്.

ലോകകപ്പിനുള്ള ഗ്രുപ്പുകൾ ഇങ്ങനെ

ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, അയർലൻഡ്, കാനഡ, യുഎസ്എ

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, നമീബിയ, സ്‌കോട്ട്‌ലൻഡ്, ഒമാൻ

ഗ്രൂപ്പ് സി: ന്യൂസിലാൻഡ്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, ഉഗാണ്ട, പാപുവ ന്യൂ ഗിനിയ

ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലൻഡ്‌സ്, നേപ്പാൾ

Read more