ഈ അപ്പു നമ്മളോരോരുത്തരുമാണ്

സാലിഹ് റാവുത്തര്‍

പത്തുവയസ്സുകാരനായ അപ്പുവും ഗാന്ധിജിയും പ്രധാനകഥാപാത്രങ്ങളായി വരുന്ന ചിത്രമാണ് “അപ്പുവിന്റെ സത്യാമ്പേഷണം”. ഗാന്ധിജി അപ്പുവിന്റെ അപ്പൂപ്പന്റെ രൂപത്തിലാണെന്നുമാത്രം. ചുറ്റുപാടുമുള്ള മനുഷ്യരുടെ സത്യവും കള്ളവും കുട്ടിയുടെ കണ്ണുകളിലൂടെ നമ്മള്‍ കാണുന്നു.

അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അപ്പു പഠനത്തില്‍ മിടുക്കനേ അല്ല. പരാജയങ്ങള്‍ കൂടപ്പിറപ്പുകളായിരിക്കുന്നത് അവനെ പലപ്പോഴും വേദനിപ്പിക്കുന്നുണ്ട്. മനുഷ്യര്‍ കള്ളങ്ങള്‍ ചെയ്യുന്നത് അവരുടെ പരാജയങ്ങളെ നേരിടാനാണെന്ന് പല അനുഭവങ്ങളിലൂടെയും കണ്ട് മനസ്സിലാക്കുകയാണ് അപ്പു. അവരെ അനുകരിക്കാനാണ് പലപ്പോഴും അവനുകിട്ടുന്ന ഉപദേശങ്ങള്‍. പക്ഷെ സത്യത്തിന്റെ കൈവിടരുതെന്ന് ഒരാള്‍ മാത്രം അവനെ പഠിപ്പിക്കുന്നുണ്ട്. ഗാന്ധിജ്യോതിഷി
എന്നറിയപ്പെടുന്ന അപ്പൂപ്പന്‍.

തികഞ്ഞ ഗാന്ധിയനായ അപ്പൂപ്പന്റെ മകനും അപ്പുവിന്റെ അച്ഛനുമായ പോലീസുകാരന്‍ മോഹന്‍ദാസ് തികഞ്ഞ മദ്യപാനിയായതിനാല്‍ സംഭവിക്കുന്ന തെറ്റുകളെല്ലാം അയാള്‍ മറയ്ക്കുന്നത് നുണകള്‍ കൊണ്ടാണ്. “ഒരു കള്ളം പോലും പറയാനറിയാത്ത മരക്കഴുത” എന്ന് തന്നെ അച്ഛന്‍ വിളിക്കുമ്പോള്‍ അപ്പുവിന് വലിയ അതിശയമൊന്നുമില്ല. എന്നാല്‍ “ഒരു നുണപോലും പറയാനറിയാത്ത ഈ കുട്ടി എങ്ങനെ ജീവിക്കുമീശ്വരാ” എന്ന് അമ്മതന്നെ പറയുമ്പോള്‍ അപ്പുവിലുണ്ടാകുന്ന അരക്ഷിതബോധം ചെറുതല്ല.

സത്യമേത് വ്യാജമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവണ്ണം നമ്മുടെ സമൂഹം മാറിയിരിക്കുന്നു എന്നതിന് ഓരോദിവസവും നമ്മള്‍ ധാരാളം ഉദാഹരണങ്ങള്‍ കാണുന്നുണ്ട്. തിരിച്ചറിഞ്ഞാല്‍പ്പോലും നിലനില്‍പ്പിനായി നമ്മളും അതിന്റെ ഭാഗമായി മാറുന്നു. അപ്പുവിന്റെ അമ്മ അതിനുദാഹരണമാണ്. പൂര്‍ണ്ണമായും സത്യവതിയായിരുന്നാല്‍ ആ സ്ത്രീ ദുരിതത്തിലാകും. വീട്ടുചെലവിനായി സമയത്ത് പണം കൊടുക്കാത്ത അച്ഛന്റെ പേഴ്‌സില്‍നിന്നും അമ്മ പണം മോഷ്ടിക്കുന്നത് അവരുടെ നിലനില്‍പ്പിന്റെ ആവശ്യമാകുമ്പോള്‍ അത് തെറ്റല്ലാതായി മാറുന്നു എന്നതാണ് പ്രായോഗികസമവാക്യം.

ജ്യോതിഷത്തില്‍ ഉറച്ചുവിശ്വസിക്കുന്ന അപ്പൂപ്പന് ചെറിയൊരു വ്യാജം പറയേണ്ടിവരുന്നത് മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ്. അവിടെയും പ്രായോഗികതയാണ് മുഖ്യം. തന്റെ വിശ്വാസപ്രകാരം അതൊരു തെറ്റാണെങ്കില്‍ത്തന്നെയും അത് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നുണ്ട് എന്നതില്‍ മുത്തച്ഛന്‍ ആശ്വാസം കണ്ടെത്തുന്നുണ്ടാകാം.

അപ്പുവിന്റെ ജ്വേഷ്ഠസ്ഥാനീയനും കൂട്ടുകാരനുമായ ജിത്തു പ്രായോഗികജീവിതത്തിന്റെ വക്താവാണ്. ജീവിതത്തെ സധൈര്യം നേരിടാന്‍ സാധിക്കുന്ന ബാലനാണ് ജിത്തു. മാര്‍ക്ക് കുറഞ്ഞുപോയാല്‍ മകനെ കഠിനമായി മര്‍ദ്ദിക്കുന്നതിനോട് പരിഷ്കൃതസമൂഹത്തിന് യോജിക്കാൻ കഴിയില്ല. ആ പിതാവ് ചെയ്യുന്നത് തെറ്റാണ്. ആ ദുരിതത്തില്‍നിന്നും അപ്പുവിനെ മോചിപ്പിക്കാനായി പരീക്ഷാ പേപ്പറില്‍ കള്ളയൊപ്പിടാന്‍ പ്രേരിപ്പിക്കുന്ന കൂട്ടുകാരനെ വലിയ തെറ്റുകാരനായിക്കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നില്ല എന്നതുതന്നെ നമ്മള്‍
എത്രത്തോളം തെറ്റുകള്‍ ന്യായീകരിക്കാന്‍ സാഹചര്യത്താല്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ്.

നമ്മൾ പലപ്പോഴും താന്‍ ചെയ്യുന്നത് വ്യാജമല്ല എന്ന് സ്വയം ബോധിപ്പിക്കാന്‍ മനസ്സില്‍ കള്ളസത്യങ്ങള്‍ ചെയ്യുന്നു. സാവധാനം നേരും നുണയും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തുനേര്‍ത്തുവരുന്നു. ഗാന്ധിപ്രതിമ കണ്ട് “അനുപം ഖീര്‍ ആണോ” എന്ന് അന്യസംസ്ഥാന തൊഴിലാളി ചോദിക്കുന്നതു കേട്ടാല്‍ അവനെ പരിഹസിക്കാന്‍ യോഗ്യതയില്ലാത്തവരാണ് നമ്മള്‍. കാരണം ഗാന്ധിജി ആരാണ് എന്താണ് എന്നെല്ലാമറിഞ്ഞിട്ടും തെറ്റുകള്‍ ചെയ്യുന്ന നമ്മുടെ മുന്നില്‍ ഗാന്ധിജി ആരെന്നറിയാത്ത അവന്‍ കഠിനാദ്ധ്വാനമെന്താണെന്നും തൊഴിലില്‍ കാട്ടേണ്ട ധാര്‍മ്മികത എന്താണെന്നും കാട്ടിത്തരുന്നവനാണ്.

മഹത്തായ ആശയം സംവേദനം ചെയ്യുന്ന ചിത്രത്തില്‍ സോഹന്‍ലാലിന്റെ സംവിധാനമികവ് ഓരോ ഫ്രെയിമുകളിലും ദൃശ്യമാണ്. അതിഭാവുകത്വമില്ലാത്ത, സ്വാഭാവികമായ പ്രകടനം ഓരോ അഭിനേതാവും കാഴ്ചവെച്ചിരിക്കുന്നു. പ്രത്യേകിച്ച് അപ്പൂപ്പന്റെ വേഷം ചെയ്ത എ.വി. അനൂപ് ഇരുത്തംവന്ന നടനാണെന്ന് തെളിയിക്കുന്നു. “പഠനത്തില്‍ മിടുക്കനായ വിദ്യാര്‍ത്ഥി” എന്ന സ്ഥിരമായ അവര്‍ത്തനമില്ലാത്തതാണ് അപ്പു എന്ന പാത്രസൃഷ്ടിയുടെ പ്രത്യേകത. പഠനത്തില്‍ മിടുക്കനല്ലാത്ത അത്തരമൊരു കഥാപാത്രത്തില്‍ക്കൂടി ഈ കഥ പറയുമ്പോഴാണ് കഥാപരിസരം കൂടുതല്‍ അര്‍ത്ഥവത്താകുന്നത്. ആ വേഷം ചെയ്ത കുട്ടി മാസ്റ്റര്‍ റിഥുന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. അപ്പുവിന്റെ അമ്മയും അച്ഛനുമായി വന്ന മീരാ വാസുദേവ്, സുധീര്‍ കരമന എന്നിവരും ഹെഡ് മാസ്റ്റര്‍ മണിയന്‍പിള്ള രാജു, കള്ളന്‍ സത്യനായി വന്ന ഗോപാലന്‍, പൊറിഞ്ചുമുതലാളിയായി വന്ന സുനില്‍ സുഖദ, നീനാ കുറുപ്പ്, വിന്ദുജ, മാസ്റ്റര്‍ രോഹന്‍ തുടങ്ങിയവരും നല്ല അഭിനയം കാഴ്ചവെച്ചു.

സംഭാഷണ മിതത്വമുള്ള തിരക്കഥയൊരുക്കിയ രാജു രംഗനാഥന്‍, ഗ്രാമീണ പശ്ചാത്തലം മനോഹരമായി പകര്‍ത്തിയ എം.ജെ രാധാകൃഷ്ണന്‍, എഡിറ്റിംഗ് നിര്‍വ്വഹിച്ച മനോജ് തുടങ്ങിയവരും സര്‍വ്വോപരി മനുഷ്യകുലമുള്ള കാലത്തോളം അവിസ്മരണീയനായ ഗാന്ധിജി എന്ന യുഗപുരുഷനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഓരോരുത്തരും അഭിനന്ദനമര്‍ഹിക്കുന്നു.

ഏതൊരു വ്യക്തിക്കും മനസ്സാക്ഷിയിലേക്ക് ഒരു തിരിഞ്ഞുനോട്ടമുണ്ടാകും എന്നു സൂചിപ്പിക്കുന്ന രംഗങ്ങള്‍ ശുഭാപ്തിവിശ്വാസം നല്‍കുന്നതാണ്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സ്ഥലംമാറ്റം വേണ്ടെന്നുവെക്കുന്നതും പഠിപ്പിക്കുന്നതില്‍ ശ്രദ്ധകാട്ടാത്ത ടീച്ചര്‍ താന്‍ അലക്ഷ്യമായി പേപ്പര്‍ നോക്കിയതിലെ തെറ്റ് തിരിച്ചറിയുന്നതും ചുണ്ടോടടുപ്പിച്ച മദ്യഗ്‌ളാസ്സ് മോഹന്‍ദാസ് ഒരു നിമിഷം പിന്‍വലിക്കുന്നതുമെല്ലാം ശ്രദ്ധേയമായ നിമിഷങ്ങളാണ്.

വ്യാജം ചെയ്യുന്നതിന് പ്രതിഫലമായിക്കിട്ടുന്ന പച്ചനോട്ടുകള്‍ കൈയില്‍ വാങ്ങുമ്പോള്‍ എല്ലാമറിയുന്ന സത്യത്തിന്റെ പ്രവാചകന്‍  അതിലിരുന്ന്
നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്നതുകാണേണ്ടിവരുന്നവരാണ് നമ്മള്‍. ആ പുഞ്ചിരി ഓരോ തെറ്റുകളിലും നമുക്കുള്ള ഓര്‍മ്മപ്പെടുത്തലാകട്ടെ. വലിയ സന്ദേശം നല്‍കുന്ന അപ്പുവിന്റെ സത്യാന്വേഷണം ഏതൊരു സത്യാന്വേഷിയും കണ്ടിരിക്കേണ്ട ചിത്രമാണ്.

Latest Stories

ഇടയ്ക്കൊക്കെ ചെറുപുഞ്ചിരി സമ്മാനിച്ചു.. ആ വിരല്‍ത്തണുപ്പ് ബാക്കിനില്‍ക്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്: മഞ്ജു വാര്യര്‍

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ സംസ്‌കാരിക ചരിത്രം; അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നു: വി ഡി സതീശൻ

എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു