കൊറോണയുടെ മണം

ദിവസത്തിന് നീളവും വീതിയും കൂടുന്നത് എപ്പോഴാണെന്ന് ആലോചിച്ചിട്ടുണ്ടോ ‘ തേര്‍ഡ് ഗിയറിലേക്ക് കൈ ചലിപ്പിച്ചു കൊണ്ട് അനുരൂപ് ചോദിച്ചു.

ഗള്‍ഫില്‍ നിന്നു ജോലി നഷ്ടപ്പെട്ടു വീട്ടില്‍ ഇരുന്നപ്പോഴാണെന്ന റിയാസിന്റെ മറുപടി കേട്ടപ്പോള്‍ ചെറിയ ചിരിയോടെ സ്റ്റിയറ്റിംഗില്‍ താളം പിടിച്ചു. കൊറോണയായി ആശുപത്രിയില്‍ കിടന്നപ്പോഴാണ് സമയത്തിന് ഇത്രയേറെ നീളം അനുരൂപിന് തോന്നിച്ചത്.

ആ പത്ത് ദിവസവും മിനിട്ടുകളോ മണിക്കൂറുകളോ മുന്നിലുണ്ടായിരുന്നില്ല, രണ്ടുതരം കാലം മാത്രം. രാത്രിയും പകലും. കാക്കയും കിളികളും ഇല്ലാത്ത പ്രഭാതമായിരുന്നു. എപ്പോഴോ ഉണരുന്നു, എപ്പോഴോ ഉറങ്ങുന്നു. പുറമേ വെയിലിനു പോലും ഇളംമഞ്ഞ നിറം മാത്രം. താഴെയുള്ള പഴയ ഓടിട്ട കെട്ടിടത്തിന് മേലേ നിറം കൊഴിഞ്ഞ വെയില്‍ തളര്‍ന്നു കിടന്നു. കൊറോണ എല്ലാവരിലേക്കും കടന്നു ചെല്ലാതിരുന്ന കാലത്ത് എല്ലാം ഭയമായിരുന്നല്ലോ.

വായിക്കാന്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ കൈകൊണ്ടു മറിക്കാന്‍ തോന്നിയില്ല. മൊബൈലിലെ ഇഷ്ടമുള്ള പാട്ടുകള്‍ വേറെ ഏതോ ഭാഷയിലെ ഗാനം പോലെ തോന്നിച്ച ദിവസങ്ങള്‍. ഗന്ധമില്ലാത്തവരുടെ ഇടയില്‍ ശബ്ദം കൊണ്ട് സുഗന്ധം പരത്തിയ അവള്‍ മാത്രമായിരുന്നു ഏക ആശ്വാസം.

നീല ബോര്‍ഡറുകള്‍ ഉള്ള വെളുത്ത പിപിഇ കുപ്പായത്തില്‍, കണ്ണില്‍ നോക്കിയാല്‍ അറിയാവുന്ന ചിരിയോടെ അവള്‍ നിറഞ്ഞു നിന്നു. മഞ്ഞ പുള്ളിക്കുത്തുള്ള ചുരിദാര്‍ അല്ലെങ്കില്‍ ഓറഞ്ചു നിറത്തിലുള്ള ഇലകള്‍ ഉള്ള ടോപ്. അവളുടെ വേഷം ഏറെക്കുറെ ഊഹിച്ചു.

സ്‌കൂളില്‍ വക്കച്ചന്‍ ചേട്ടന്‍ മൂന്നാം മണിയടിക്കുന്ന ശബ്ദം കേട്ടാണ് ഒരു ദിവസം ഉറക്കം അനുരൂപ് എണീറ്റത്. സ്‌കൂളും മണിയൊന്നും ആയിരുന്നില്ല, ചെറിയ സ്പാനര്‍ കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ അവള്‍ മെല്ലെ തുറക്കുകയാണ്. ജീവശ്വാസം തുറക്കുന്നതിന്റെ ശബ്ദം പള്ളിമണിയടിയാണെന്ന് കരുതി കണ്ണടച്ച് കേട്ട് ജോസഫ് ചേട്ടന്‍ കിടക്കയിലുണ്ട്. ആള്‍ക്കാര്‍ അധികമുണ്ടായതോടെ അനാഥാലയത്തില്‍ കഴിയേണ്ടി വന്നയാള്‍ എന്നതിനപ്പുറം വീട്ടുകാരെ കുറിച്ച് ഒന്നും ഉരിയാടാന്‍ ജോസഫേട്ടന്‍ തയ്യാറുമല്ല.

ഏഴാം വയസില്‍ മരിച്ചു പോയ അച്ഛനെകുറിച്ചുള്ള ഓര്‍മ്മകളാണ് അറിവിന്റെ സങ്കടം. പറയുന്നത് ഒരേ കാര്യമാണെങ്കിലും ആദ്യമായി കേള്‍ക്കുന്ന ഭാവത്തോടെ അവള്‍ തിരക്കൊട്ടും ഭാവിക്കാതെ നില്‍ക്കും. അറിവിന്റെ അച്ഛന്‍ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നാണ് അന്‍പത് കൊല്ലം മുന്‍പ് മരിച്ചത്.

മൂന്നാം ദിവസമാണ് ശവം നാട്ടില്‍ കൊണ്ടുപോകാന്‍ പറ്റിയത്. ജനനം കൊണ്ട് മലയാളിയാണെങ്കിലും മരണം കൊണ്ട് തമിഴനായ ആളാണ് അറിവിന്റെ അച്ഛന്‍. ഐക്യകേരളം രൂപം കൊണ്ടപ്പോള്‍ മാര്‍ത്താണ്ഡത്ത് താമസിക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം.

രാജാവിന്റെ ആശുപത്രിയെന്ന് പേരുള്ള തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കിടന്നുമരിച്ച അച്ഛനെ തമിഴ്‌നാട്ടില്‍ ദഹിപ്പിച്ചു. കന്യാകുമാരിയില്‍ ഒഴുക്കി. അച്ഛന്റെ ഓര്‍മ്മയ്ക്കായി രണ്ടായിരം രൂപ ആശുപത്രി വികസന ഫണ്ടിലേക്ക് സംഭാവന ചെയ്യുക എന്നതാണ് അറിവിന്റെ ഇപ്പോഴത്തെ ആലോചന. മൂന്ന് ദിവസമായി ഇക്കാര്യം തന്നെയാണ് അവളോട് അറിവ് പറയുന്നത്. അറിവിന് മലയാളിയായി മരിക്കണം.

പെങ്ങളുടെ മകന്റെ മരണവാര്‍ത്തയുമായി എത്തിയ ഫോണ്‍വിളിക്ക് ശേഷം അറിവിന്റെ ഉത്സാഹമെല്ലാം നശിച്ചു. വേരുകളിലേക്ക് മടങ്ങണമെന്നും താന്‍ മരിച്ചാല്‍ മര്‍ത്താണ്ഡത്തേക്ക് ശവം കൊണ്ടുപോകാന്‍ പറ്റുമോ എന്നൊക്കെ ആണ് അവളോട് പിന്നെ അറിവ് ചോദിച്ചിരുന്നത്. സംസാരത്തിനിടയില്‍ പലവാക്കുകളും വഴി പിരിഞ്ഞു നാഞ്ചിനാട് ഭാഷയിലേക്ക് മടങ്ങി.

മരണം മുന്‍കൂട്ടി കണ്ടെത്തുന്നവരുടെ മുഖം കണ്ടെത്താന്‍ അവള്‍ക്ക് എന്തോ സിദ്ധിയുള്ള പോലെ തോന്നിച്ചു. നേഴ്സുമാര്‍ നാഡിമിടിപ്പിലൂടെ ഹൃദയത്തിന്റെ സന്തോഷവും സങ്കടവും വായിച്ചെടുക്കും. അറിവിന്റെ ആശങ്കയും അനുരൂപിന്റെ ക്ഷീണം കുടുക്കിട്ട സ്‌നേഹവും എവിടെ നിന്നോ അവള്‍ അറിഞ്ഞു കൊണ്ടേയിരുന്നു കാണും.

പുറത്ത് നിന്നു കൂട്ടുകാര്‍ എത്തിച്ചു തരുന്ന മീന്‍കറിയും ഇറച്ചിക്കറിയും കഴിക്കുന്നതില്‍ കുഴപ്പമില്ലെന്നും വാട്ടിയ ഇലയില്‍ വെളുവെളുത്ത ചോറിലെ കടുംചെമപ്പ് ചമ്മന്തി സഹിക്കാന്‍ പറ്റില്ലെന്നും പകുതി കളിയായും പകുതി കാര്യമായും അവള്‍ അനുരൂപിനോട് പറഞ്ഞു. വലിയ ഹാളില്‍ കൂടെ കിടക്കുന്നവര്‍ ജീവിതത്തില്‍ പരിഗണന കിട്ടാത്തവരാണ് എന്ന് അവള്‍ പറഞ്ഞപ്പോള്‍ അതിലെ ശാസനയുടെ ലാഞ്ചന മനസിലാക്കിയത് കൊണ്ടാകാം മേലില്‍ പുറമേ നിന്നുള്ള പൊതിച്ചോര്‍ വേണ്ടെന്നു വെച്ചു. സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് നേരത്തെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

കോവിഡ് തുടങ്ങിയ ശേഷം അവളുടെ രാത്രിഭക്ഷണം ഇഷ്ടമില്ലാത്ത ഉണക്ക ചപ്പാത്തിയാണ്.

‘ചായകുടിച്ചിട്ട് പോയാലോ’ റിയാസിന്റെ ചോദ്യം ആശുപത്രി ചിന്തകളില്‍ ബ്രേക്കിട്ട് വണ്ടി ചായക്കടയിലേക്ക് നിര്‍ത്തി.
മധുരം വേണോ, കടുപ്പം വേണോ, പേപ്പര്‍ ഗ്ലാസില്‍ മതിയോ, ചൂട് എങ്ങനെ, എന്നിങ്ങനെ നാല് ചോദ്യങ്ങള്‍ക്ക് ശേഷമാണ് കടക്കാരന്‍ വെള്ളത്തിന് തീപിടിപ്പിച്ചത്.

ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പെണ്ണ്കാണാന്‍ പോവുകയാണ്. പ്രായം 35 ആയി. വിവാഹം ഉടന്‍ നടത്തണം എന്ന ചിന്തയായിരുന്നു. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ വിവാഹത്തിനു ആരും നിര്‍ബന്ധിക്കില്ല. റിയാസിനെ ഇത്തവണ കൂടെ കൂട്ടിയതിന് ഒരു കാരണമുണ്ട്. റിയാസിനെ പോലെ ഒരു വിജയിച്ച ബിസിനസുകാരന്‍ എല്ലായിടത്തും വിജയി ആയിരിക്കും.

ഒരേ ബെഞ്ചില്‍ ഇരുന്ന് പഠിച്ച നമ്മളില്‍ എനിക്ക് മൂന്ന് മക്കള്‍ ആയെങ്കിലും നീ ഇപ്പോഴും ഒറ്റത്തടിയായി നില്‍ക്കാന്‍ കാരണം ആലോചിച്ചിട്ടുണ്ടോ? ചായ ഊതികുടിച്ചു റിയാസിന്റെ ചോദ്യമാണ്. എല്ലാ ചോദ്യത്തിനും റിയാസിന് ഉത്തരം ഉള്ളത് പോലെ അവന്റെ ചോദ്യത്തിന് അനുരൂപില്‍ ഉത്തരക്ഷാമം പതിവാണ്. ദര്‍ശനികത ചേര്‍ത്തരച്ച ചോദ്യങ്ങളാണ് പക്കല്‍ കൂടുതലുള്ളത്. ഒരു ഫിലോസഫിയും ഇല്ലെന്നും ലളിതമായ ചോദ്യങ്ങളില്‍ പോലും കടുപ്പമുള്ള ഉത്തരങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന അനുരൂപിന്റെ മനസാണ് കുഴപ്പമെന്നും പറഞ്ഞ റിയാസ് ഉത്തരവും പറഞ്ഞു തുടങ്ങി.

നിന്റെ പ്രേമം പരാജയപ്പെട്ടതും ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തത്തും കുറേ അരുതായ്മകള്‍ മൂലമാണ്. ഷിഫ്റ്റുള്ള ജോലി ആകരുത് എന്ന് നിര്‍ബന്ധബുദ്ധിയില്‍ തട്ടിയാണ് ഒരു വര്‍ഷം മുമ്പ് വന്നുറപ്പിച്ച പൊലീസുകാരിയുടെ ആലോചന പോയത്. കിടപ്പിലായ അമ്മയെ ഷിഫ്റ്റ്കാരി കുഴപ്പത്തിലാക്കുമോ എന്ന ആശങ്കയും കൂടെയുണ്ടായിരുന്നു.

ചായകുടി കഴിഞ്ഞെങ്കിലും രണ്ട് കൈപ്പത്തിക്കും ഇടയില്‍ വെച്ചു ചൂട് ഗ്ലാസ് അനുരൂപ് ഉരുട്ടികൊണ്ടേയിരുന്നു. കല്യാണം കഴിച്ചാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നോട്ടം മുഴുവന്‍ റിയാസിന്റെ മുഖത്തായി. എനിക്ക് ചായ കുടിക്കണം എന്ന് തോന്നിയപ്പോള്‍ നേരിട്ട് പറഞ്ഞത് ആണായത് കൊണ്ടാണ്. യാത്രയ്ക്കിടയില്‍ ഭാര്യയ്ക്ക് ചായ കുടിക്കണം എന്ന് തോന്നിയാല്‍ ‘തനിക്ക് ചായ കുടിക്കണോ’ എന്നേ അവള്‍ ചോദിക്കൂ. അതിനര്‍ത്ഥം അവള്‍ക്ക് ചായ കുടിക്കണം എന്നാണ്. യു.പി.സ്‌കൂളിലെ പരീക്ഷയ്ക്ക് പൂരിപ്പിക്കാനുള്ള വരയിട്ട ചോദ്യം പോലെ ചില വാചകങ്ങള്‍ എല്ലാ സ്ത്രീകളിലുമുണ്ടാകും. കൃത്യമായി പൂരിപ്പിക്കുന്നവനേ ജയിക്കാന്‍ പറ്റൂ. ആ ഉത്തരം കണ്ടുപിടിക്കാനുള്ള വഴി ഒരിക്കല്‍ പിടികിട്ടിയാല്‍ കുപ്പിയില്‍ നിന്നു തുറന്നു വിട്ട ഭൂതത്തെ പോലെ അവളെ കൊണ്ട് എന്തും ചെയ്യിക്കാം. തോറ്റവരെ പെണ്ണുങ്ങള്‍ ഉപേക്ഷിക്കില്ല.അവന് ഒരു മാര്‍ക്ക് കൊടുത്തു കൂടെ കൂട്ടും. പക്ഷെ പൂരിപ്പിക്കാന്‍ പറ്റിയ വിജയികളെ ജീവിതത്തില്‍ ഉടനീളം അവര്‍ തേടികൊണ്ടേയിരിക്കും.

ചായയുടെ കാശ് കൊടുത്ത് രണ്ട് പേരും വണ്ടിയില്‍ കയറി. എതിരെ ആംബുലന്‍സ് പോകുന്നത് കണ്ടപ്പോള്‍ അനുരൂപിന്റെ മനസ്സില്‍ ആദ്യം ഒരു ഭയവും പിന്നീട് മുഖത്ത് ചെറിയ ചിരിയും വിരിഞ്ഞു. ആദ്യം ആശുപത്രിയിലേക്കും പിന്നീട് നേഴ്‌സിലേക്കുമല്ലേ നീ പോയത് എന്ന റിയാസിന്റെ ചോദ്യചൂണ്ടയില്‍ പൊട്ടിച്ചിരിച്ചാണ് അവന്‍ വണ്ടി ഓടിച്ചത്.

അവളെ കണ്ടാല്‍ തിരിച്ചറിയുമോ എന്ന ചോദ്യത്തിന് എവിടെ എന്ന് വിരലുയര്‍ത്തി ഉത്തരം കാണിച്ചു. സ്വീപ്പര്‍ മുതല്‍ ഡോക്റ്റര്‍ വരെ ഹിമക്കരടികളെ പോലെ നടക്കുകയായിരുന്നു. വെളുത്ത ആവരണത്തിനിടയില്‍ ചെറിയൊരു സൂചികുത്ത് പോലെയുള്ള പൊട്ട് മാത്രമാണ് തനിക്ക് കണ്ടുപിടിക്കാനായത് എന്ന് അനുരൂപ് ഓര്‍ത്തു. ഇടറോഡിലൂടെ ഓടി ഇടത് വശത്തെ മൂന്നാമത്തെ വീട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി. മഞ്ഞഗേറ്റ് അവര്‍ക്കായി തുറന്നിട്ടതായിരുന്നു.

കാര്‍ നിര്‍ത്തിയശേഷം അവര്‍ പച്ച പെയിന്റ് അടിച്ച ആ വീട്ടിലേക്ക് നടന്നു കയറുമ്പോള്‍ കിണറിന്റെ തൂണില്‍ കെട്ടിയ അഴയില്‍ ഓറഞ്ചു ഇലകളുള്ള ഒരു ടോപ് ഉണങ്ങാനിട്ടിരിക്കുന്നത് കണ്ടു.

ഓറഞ്ചിന്റെ തോട് പൊട്ടുന്ന മണം. ചിതറുന്ന ചൊനയുടെ നീറ്റല്‍. അറിയാതെ കണ്ണ് നിറഞ്ഞു.

Latest Stories

'ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും എംടി ശബ്ദമായി, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത'; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

നിരാശ എങ്കിലും ആദ്യ ദിനത്തില്‍ പണി പാളിയില്ല; 'ബറോസ്' ഗംഭീര കളക്ഷനുമായി മുന്നില്‍, റിപ്പോര്‍ട്ട് പുറത്ത്

ഇടയ്ക്കൊക്കെ ചെറുപുഞ്ചിരി സമ്മാനിച്ചു.. ആ വിരല്‍ത്തണുപ്പ് ബാക്കിനില്‍ക്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്: മഞ്ജു വാര്യര്‍

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ സംസ്‌കാരിക ചരിത്രം; അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നു: വി ഡി സതീശൻ

എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി