കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പക്കലുള്ള 15 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ വാഹനങ്ങളും പൊളിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇതുസംബന്ധിച്ച നയരേഖ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ പരിധിയില്‍ വരുന്ന 15 വര്‍ഷം പഴക്കമുള്ള എല്ലാ ബസുകളും, ട്രക്കുകളും, കാറുകളും ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷം ഒഴിവാക്കേണ്ടിവരും. ഇവ നിരത്തുകളില്‍ ഇറക്കില്ല. സര്‍ക്കാര്‍ ഈ നയം എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളും അവരുടെ പരിധിയില്‍ വരുന്ന വകുപ്പുകളിലെ 15 വര്‍ഷം പഴക്കമുള്ള ബസുകള്‍, ട്രക്കുകള്‍, കാറുകള്‍ എന്നിവ ഒഴിവാക്കണമെന്നും ഗഡ്ഗരി പറഞ്ഞു.
പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ഇതിനായി ശരാശരി 2 കേന്ദ്രങ്ങള്‍ വരെ തുറക്കും. പൊളിക്കുന്ന വാഹനങ്ങളിലെ പഴയ ടയറുകള്‍ ഉള്‍പ്പെടെയുള്ളവ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 2 പ്ലാന്റുകള്‍ ഹരിയാനയിലെ പാനിപ്പത്തില്‍ തുടങ്ങിയിട്ടുണ്ടെന്നു പറഞ്ഞ ഗഡ്കരി, അവിടെ കാര്‍ഷിക അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് എഥനോളും ജൈവ റോഡ് നിര്‍മാണവസ്തുവും ഉല്‍പാദിപ്പിക്കുമെന്നും പറഞ്ഞു. ഇത് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു മൂലം ഉത്തരേന്ത്യയില്‍ ഉണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.