രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം ഏതാണെന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. മാരുതി സുസുക്കി വാഗൺആർ, ഹ്യുണ്ടായ് ഐ10, നിയോസ്, മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര സ്കോർപിയോ, ടൊയോട്ട എന്നിവയൊക്കെയാണ് പലരുടെയും മനസിൽ വരുന്ന കാറുകൾ. എന്നാൽ മാരുതി 800 ആണ് ആ വാഹനമെന്ന് കരുതിയിട്ടുണ്ടാകാം. എന്നാൽ അത് ലിസ്റ്റിൽ ഒന്നാമൻ തന്നെയാണ്. പക്ഷെ ആൾട്ടോ 800നെ കുറിച്ചാണ് ഇപ്പോൾ പറയാനുള്ളത്.
5 മില്യൺ യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട ഇന്ത്യയിലെ ഏക കാറാണ് മാരുതി സുസുക്കി ആൾട്ടോ. 2000-ൽ ലോഞ്ച് ചെയ്ത ജനപ്രിയ ഹാച്ച്ബാക്ക് ഇതുവരെ 5.06 ദശലക്ഷം യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാറായി ഹ്യുണ്ടായ് i10 3.3 ദശലക്ഷം യൂണിറ്റുമായി പിന്നിലുണ്ട്.
2000-നും 2022-നും ഇടയിൽ 17 വർഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറായിരുന്നു മാരുതി സുസുക്കി ആൾട്ടോ. 2000-ലാണ് മാരുതി സുസുക്കി ആൾട്ടോ 800 ഇന്ത്യയിൽ അവതരിപ്പിച്ചത്. 2010-ലാണ് മാരുതി സുസുക്കി ആൾട്ടോ കെ10 വിപണിയിലെത്തിയത്. എന്നാൽ നിലവിൽ മാരുതി സുസുക്കി ആൾട്ടോ കെ10 മാത്രമാണ് വിൽപ്പനയിലുള്ളത്. 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ബിഎസ് 6 ഫേസ് 2 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എൻട്രി ലെവൽ ഹാച്ച്ബാക്ക് നവീകരിക്കുന്നതിൻ്റെ ഭാഗമായി ആൾട്ടോ 800 2023 മാർച്ചിലാണ് നിർത്തലാക്കിയത്.
റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആൾട്ടോ 800 കാറിന്റെ എഞ്ചിൻ പരിഷ്‌കരിക്കുന്നത് ചെലവേറിയ കാര്യമായതുകൊണ്ടാണ് വിപണിയിൽ നിന്ന് ഈ ഹിറ്റ് കാറിനെ പിൻവലിക്കാൻ മാരുതി തീരുമാനിച്ചത്. ബിഎസ് VI രാജ്യത്ത് നടപ്പിലാക്കിയപ്പോൾ ഡീസൽ എഞ്ചിൻ പൂർണമായി ഉപേക്ഷിച്ച കാർ കമ്പനിയാണ് മാരുതി സുസുക്കി. പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കി കാർ പരിഷ്‌കരിച്ചാൽ കാറിന്റെ വില കൂട്ടാതെ നിർവാഹമില്ലാതെ വരുമെന്നതും മറ്റൊരു കാര്യം.
മാരുതി ആൾട്ടോ 800-ന് 796 cc എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 48 bhp പവറും 69 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ മോഡൽ ഒരു സിഎൻജി കിറ്റോട് കൂടിയും സ്വന്തമാക്കാം. സിഎൻജി മോഡിൽ മാരുതി ആൾട്ടോ 800 കാർ 41 bhp പവറും 60 Nm ടോർക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിലാണ് കാർ വരുന്നത്.
7 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, കീലെസ് എൻട്രി, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ എന്നീ സവിശേഷതകൾ മാരുതി സുസുക്കി ആൾട്ടോ K10-ന് ലഭിക്കുന്നു. 214 ലിറ്റർ ശേഷിയുള്ള ബൂട്ട് സ്‌പേസും കാറിൽ ഉൾപ്പെടുന്നു. ഹാച്ച്ബാക്കിന് ഇബിഡി, റിവേഴ്‌സ് പാർക്കിംഗ് സെൻസർ എന്നിവയ്ക്കൊപ്പം എബിഎസ്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഹൈ സ്പീഡ് അലർട്ട് തുടങ്ങിയ ഫീച്ചറുകളും കാറിൽ ഒരുക്കിയിരിക്കുന്നു.
ടോപ് വേരിയന്റിന് 5.96 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. Std, LXi, VXi, VXi+ എന്നീ 4 വേരിയന്റുകളിലാണ് ഹാച്ച്ബാക്ക് വാങ്ങാൻ സാധിക്കുക. പെട്രോളിനൊപ്പം കാറിന്റെ സിഎൻജി പതിപ്പും മാരുതി വിപണിയിൽ ഇറക്കുന്നുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. സ്പീഡ് ബ്ലൂ, എർത്ത് ഗോൾഡ്, സിസ്ലിംഗ് റെഡ്, സിൽക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നീ 6 കളർ ഓപ്ഷനുകളിൽ മോഡൽ വാങ്ങാനാകും.