ഏറ്റവും പുതിയതും കൂടുതൽ കർശനവുമായ BS6 P2 OBD2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കാവസാക്കി ഇന്ത്യ തങ്ങളുടെ പോർട്ട്‌ഫോളിയോ അപ്‌ഡേറ്റ് ചെയ്തുവരികയാണ്. 2025 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളിലും ഇത് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 2025 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും ഈ മാനദണ്ഡങ്ങൾ അനുസരിച്ച് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം. ഇന്ത്യയിൽ നിഞ്ച 500 മോഡലിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ജാപ്പനീസ് ഐക്കോണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ കവാസാക്കി. മോഡലിന് പുതിയ നിറവും ലഭിക്കുന്നു. ഇത് മുമ്പുള്ളതിനേക്കാൾ അൽപ്പം കൂടുതൽ ശ്രദ്ധേയമാക്കുന്നു. പുതിയ ബൈക്ക് കാണാൻ മുൻഗാമിക്ക് സമാനമാണ്.
2025 എലിമിനേറ്റർ 500 ഇന്ത്യയിൽ പുറത്തിറക്കിയതിനു ശേഷമാണ് ആ മോട്ടോർസൈക്കിളിന്റെ ഫുള്ളി ഫെയർഡ് പതിപ്പായ 2025 നിഞ്ച 500 കാവസാക്കി പുറത്തിറക്കിയത്. എലിമിനേറ്റർ 500ന് പുതിയ MY25 പതിപ്പായി വേർതിരിച്ചറിയാൻ ഒന്നുമില്ലെങ്കിലും നിഞ്ച 500 ന്റെ കാര്യത്തിൽ അങ്ങനെയല്ല. MY25 കാവസാക്കി നിഞ്ച 500 ൽ മെറ്റാലിക് കാർബൺ ഗ്രേ എന്ന പുതിയ നിറം ലഭ്യമാണ്. MY24 പതിപ്പിൽ ലഭ്യമായ മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് നിറത്തിന് പകരമാണിത്. പുതിയ നിറത്തിൽ ഫെയറിംഗിന് വ്യത്യസ്തമായ ഒരു ലുക്ക് നൽകുന്ന പച്ച നിറത്തിലുള്ള ഹൈലൈറ്റുകൾ കാണാൻ കഴിയും. ഇത് MY24 പതിപ്പിൽ ഇല്ലായിരുന്നു.
ഈ മോട്ടോർസൈക്കിളിലെ പ്രധാന മാറ്റം അതിന്റെ പവർട്രെയിനിൽ കാണാൻ കഴിയും. പാരലൽ ട്വിൻ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് 451 സിസി എൻജിൻ തന്നെയാണുള്ളതെങ്കിലും BS6 P2 OBD2B മാനദണ്ഡങ്ങൾ ഇത് പാലിക്കുന്നുണ്ട്. 44.77 bhp പീക്ക് പവറും 42.6 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു പാരലൽ ട്വിൻ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇത് 6-സ്പീഡ് ഗിയർബോക്സുമായാന ജോഡിയാക്കിയിരിക്കുന്നത്. മുൻവശത്ത് ഇപ്പോഴും RSU ടെലിസ്‌കോപ്പിക് ഫോർക്കുകളാണ് ലഭിക്കുന്നത്. മോണോ-ഷോക്ക് സസ്പെൻഷൻ ആണ് പിന്നിൽ. മുൻവശത്ത് 310 mm സിംഗിൾ ഡിസ്കും പിന്നിൽ 220 mm ഡിസ്കും ആണ് ബ്രേക്കിങ്ങ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് സ്റ്റാൻഡേർഡായി ഉണ്ട്.
സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും പ്രാപ്തമാക്കുന്ന പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് സവിശേഷതകൾ. 785 എംഎം സീറ്റ് ഉയരം, 171 കിലോഗ്രാം കെർബ് ഭാരം, 14 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ ഘടകങ്ങൾ. 2025 നിഞ്ച 500 ന് 5.29 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. MY24 പതിപ്പിന്റെ 5.24 ലക്ഷം രൂപ എക്സ്-ഷോറൂം വിലയേക്കാൾ 5,000 രൂപയുടെ എക്സ്-ഷോറൂം വർധനവാണിത്. താരതമ്യപ്പെടുത്തുമ്പോൾ, 2025 എലിമിനേറ്റർ 500 ന് അതിന്റെ MY24 എതിരാളിയേക്കാൾ 14,000 രൂപ എക്സ്-ഷോറൂം വില വർദ്ധനവ് ഉണ്ടായിരുന്നു. ഇത് താരതമ്യേന മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്ത്യയിൽ ഇത് പ്രധാനമായും അപ്രീലിയ RS457 മോഡലുമായാണ് മത്സരിക്കുന്നത്.
ഒരു സൂപ്പർ ബൈക്ക് വാങ്ങാൻ ഒരുങ്ങുമ്പോൾ ഇന്ത്യക്കാരുടെ മനസിലേക്ക് ആദ്യം വരുന്ന ബൈക്ക് ആണ് കാവസാക്കി. നിലവിൽ നിരവധി സൂപ്പർ ബൈക്കുകൾ ജാപ്പനീസ് ബ്രാൻഡ് ഇന്ത്യൻവിപണിയിൽ എത്തിക്കുന്നുണ്ട്.