ഇന്ത്യക്കാരുടെ ഇഷ്ടവും പ്രശംസയും ഏറ്റുവാങ്ങിയ കാർ ആയിരുന്നു ഫോക്‌സ്‌വാഗണിന്റെ പോളോ ഹാച്ച്ബാക്ക്. 2010-ലാണ് ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്.12 വര്‍ഷങ്ങള്‍ക്ക് ശേഷം പോളോ വിടവാങ്ങിയെങ്കിലും ചടുലമായ ഡ്രൈവിംഗ് ഡൈനാമിക്സും ടര്‍ബോ-സ്ട്രാറ്റിഫൈഡ് എഞ്ചിനുകളും കൊണ്ട് കാര്‍ പ്രേമികളുടെ നെഞ്ചില്‍ കയറികൂടിയ പോളോ ഇന്നും യൂസ്ഡ് കാര്‍ വിപണിയില്‍ താരമാണ്. പോളോയ്ക്ക് പറ്റിയ ഒരു പകരക്കാരനായാണ് ടാറ്റ ആള്‍ട്രോസ് റേസർ എത്തുന്നത്.
ഈ വർഷം ജനുവരിയിൽ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന 2023 ഓട്ടോ എക്സ്പോയിലാണ് ടാറ്റ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. പെര്‍ഫോമന്‍സ് കാര്‍പ്രേമികളെ ഉദ്ദേശിച്ചാണ് ടാറ്റ ആള്‍ട്രോസിന്റെ പുതിയ പതിപ്പ് പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്. ഹാച്ച്ബാക്കിന്റെ ബോഡി സ്റ്റൈലിങ്ങില്‍ മാറ്റങ്ങളൊന്നും ടാറ്റ വരുത്തിയിട്ടില്ലെങ്കിലും മെക്കാനിക്കലായും ഇന്റീരിയറിലും നിരവധി നവീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആള്‍ട്രോസ് റേസര്‍ എഡിഷന് പുറമെ കോസ്‌മെറ്റിക്കായ ചില മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ബ്ലാക്ക് അലോയ് വീലുകളോടൊപ്പം ബ്ലാക്ക്ഡ് ഔട്ട് ഡ്യുവല്‍ ടോണ്‍ ട്രീറ്റ്മെന്റാണ് എക്‌സ്റ്റീരിയറിന് ലഭിക്കുക.
ബോണറ്റില്‍ നിന്ന് റൂഫിലേക്ക് നീളുന്ന വെളുത്ത വര കാറിന് ഒരു സ്പോര്‍ട്ടിയര്‍ ലുക്ക് നൽകും. ഇത് മാത്രമല്ല, കാറിന് മികച്ച രീതിയില്‍ അണിയിച്ചൊരുക്കിയ റിയര്‍ സ്‌പോയിലര്‍ ലഭിക്കുന്നു. കൂടെ വിന്‍ഡോ ലൈനിലും ബൂട്ട് ലിഡിലും ബ്ലാക്ക് എലമെന്റ്‌സും നൽകിയിട്ടുണ്ട്. പുറമെ നൽകിയിരിക്കുന്ന ഈ മാറ്റങ്ങള്‍ കാറിന്റെ സ്‌പോര്‍ട്ടിയര്‍ ലുക്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. സ്‌പോര്‍ട്ടിയര്‍ ലുക്ക് നിലനിര്‍ത്താന്‍ ഇന്റീരിയറിലും കറുപ്പും ചുവപ്പും നിറങ്ങൾ നൽകിയിട്ടുണ്ട്. ഒപ്പം പുതിയ ഫീച്ചറുകളും ഉൾപ്പെടുത്തിട്ടുണ്ട്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 എയര്‍ബാഗുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പുതിയ 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കാറുകളിലെ പോപ്പുലർ ഫീച്ചറുകളില്‍ ഒന്നായ സണ്‍റൂഫും പുതിയ പതിപ്പിൽ ഉണ്ടാകും. മുമ്പ് സെഗ്‌മെന്റില്‍ ഹ്യുണ്ടായി i20 യില്‍ മാത്രമായിരുന്നു ഇവ ഓഫര്‍ ചെയ്തിരുന്നത്. കാറിന്റെ സ്‌പെസിഫിക്കേഷനുകളിലും ചില മാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആണ് എടുത്തു പറയേണ്ട ഒരു സ്പെസിഫിക്കേഷൻ. 118 bhp പവറും 170 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ ഹാച്ചിനെ കൂടുതല്‍ കരുത്തും വേഗതയുമുള്ള കാറാക്കി മാറ്റും. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമായിരിക്കും ഇത് ലഭ്യമാകുക. ഡ്രൈവര്‍ കാര്‍ അനുഭവം പൂർണ്ണമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്. ആള്‍ട്രോസ് റേസര്‍ വിപണിയില്‍ എന്ന് എത്തുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിരത്തുകളിൽ എത്തിയാല്‍ ഇന്ത്യക്കാരുടെ സ്വന്തം’ഹോട്ട് ഹാച്ച്’ എന്ന പദവി ആൾട്രോസ് സ്വന്തമാകുമെന്നാണ് പ്രതീക്ഷ. പുതിയ പെര്‍ഫോമന്‍സ് ഓറിയന്റഡ് കാറിന് ടാറ്റ മോട്ടോര്‍സ് 9 – 10 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വിലയിടുമെന്നാണ് കരുതുന്നത്.
പെര്‍ഫോമന്‍സ്, ഹാന്‍ഡ്‌ലിംഗ്, ബില്‍ഡ് ക്വാളിറ്റി എന്നിവയുടെ കാര്യത്തില്‍ മുൻപന്തിയിൽ നിന്ന പോളോ രാജ്യത്തെ കാർ പ്രേമികളുടെ മനസുകളില്ലെല്ലാം ഇടം പിടിച്ചിരുന്നു. ഫോക്‌സ്‌വാഗണിന്റെ PQ25 പ്ലാറ്റ്‌ഫോമിലാണ് പോളോ നിർമ്മിക്കപ്പെട്ടത്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ രാജ്യത്തെ ആദ്യത്തെ കാർ കൂടിയായിരുന്നു പോളോ. വാഹനവിപണിയിലെത്തിയ ശേഷം ആദ്യത്തെ അഞ്ച് വര്‍ഷം തുടർച്ചയായി പ്രതിമാസം 2500 മുതല്‍ 3000 യൂണിറ്റുകള്‍ വരെ വിറ്റഴിച്ചും പോളോ റെക്കോർഡ് നേടിയിരുന്നു. 2015ന് ശേഷം ആളുകള്‍ പെര്‍ഫോമന്‍സിനേക്കാൾ ഫീച്ചറുകള്‍ക്ക് പ്രാധാന്യം കൊടുത്തു തുടങ്ങിയതും സബ്4 മീറ്റര്‍ വിഭാഗത്തില്‍ രാജ്യത്തെ നികുതി നയങ്ങളും വന്നതോടെ പോളോയുടെ പ്രാധാന്യം മങ്ങിത്തുടങ്ങുകയായിരുന്നു.