സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റുന്ന വീഡിയോകളിൽ മിക്കതും കുട്ടികളുടെയാണ്. ഈയടുത്ത് 700 രൂപക്ക് ഥാർ എസ്‌യുവി നൽകാൻ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെടുന്ന ഒരു ആൺകുട്ടിയുടെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ഈ വീഡിയോ രസകരമായ മറുപടിയോടു കൂടി പങ്കു വയ്ക്കുകയും ചെയ്തിരുന്നു.
700 രൂപയ്ക്ക് ഥാർ വിൽക്കുകയാണെങ്കിൽ തങ്ങൾ പാപ്പരായി പോകുമെന്നായിരുന്നു അദ്ദേഹം അന്ന് മറുപടി നൽകിയത്. നോയിഡയിൽ നിന്നുള്ള ചീക്കു എന്ന ബാലനാണ് വൈറൽ വീഡിയോയ്ക്ക് പിന്നിൽ. ചീക്കുവിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ആനന്ദ മഹീന്ദ്ര. 700 രൂപക്ക് ഥാർ നൽകാനാകില്ലെങ്കിലും മഹീന്ദ്രയുടെ പൂനെയിലുള്ള ചകൻ പ്ലാന്റ് സന്ദർശിക്കാൻ ചീക്കുവിന് അവസരമൊരുക്കിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
‘ചീക്കു ചക്കനിലേക്ക് പോകുന്നു. ഒരു വൈറൽ വീഡിയോ മുതൽ ഒരു യഥാർത്ഥ ജീവിതത്തിലെ സാഹസികത വരെ…യുവ ഥാർ പ്രേമിയായ ചീക്കു ഞങ്ങളുടെ ചക്കൻ പ്ലാൻ്റ് സന്ദർശിച്ചു. ഞങ്ങളുടെ മികച്ച ബ്രാൻഡ് അംബാസഡർമാരിൽ ഒരാളെ ഹോസ്റ്റുചെയ്യുന്നതിന് ടീം മഹീന്ദ്രയ്ക്ക് നന്ദി ! പ്ലാന്റ് സന്ദർശിച്ചത് കൊണ്ട് വെറും 700 രൂപയ്ക്ക് ഒരു താർ വാങ്ങാൻ അച്ഛനോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഇത് അവനെ തടയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! എന്നാണ് ആനന്ദ് മഹീന്ദ്ര മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സിൽ പങ്കുവച്ച വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.
2.44 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോ ആണ് ആനന്ദ് മഹീന്ദ്ര എക്‌സിൽ പങ്കുവച്ചിരിക്കുന്നത്. ചക്കനിലുള്ള മഹീന്ദ്രയുടെ നിർമ്മാണ പ്ലാന്റിന്റെ കവാടത്തിൽ ചീക്കു എത്തുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്.
ചെറിയൊരു മരം നട്ടുപിടിപ്പിച്ചാണ് കുട്ടി പ്ലാന്റ് സന്ദർശനം കഴിഞ്ഞ് മടങ്ങിയത്. ചീക്കുവിനെ വാഹന നിർമാണ പ്ലാന്റ് സന്ദർശിക്കാൻ സഹായിച്ച മഹീന്ദ്ര കമ്പനിയെയും ചെയർമാൻ ആനന്ദ് മഹീന്ദ്രയെയും അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ഈ അനുഭവം ചീക്കുവിന്റെ മനസ്സിൽ എന്നും ഉണ്ടായിരിക്കും എന്നാണ് പലരുടെയും കമന്റുകൾ. യുവജനങ്ങളുടെ കഴിവുകൾ പുറംലോകത്തെ അറിയിക്കുന്ന നിരവധി വീഡിയോകൾ ആനന്ദ് മഹീന്ദ്ര പങ്കവയ്ക്കാറുണ്ട്.