കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഏഥര്‍. ‘ഏഥര്‍ 450S’ എന്നായിരിക്കും ഇലക്ട്രിക്ക് സ്കൂട്ടറിന് പേര് നൽകുക എന്നാണ് റിപ്പോർട്ടുകൾ. ഇവി സ്റ്റാര്‍ട്ടപ്പ് ഈ പേരിനു വേണ്ടി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വാഹനം കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ഫീച്ചർ ലിസ്റ്റിൽ വെട്ടിനിരത്തൽ നടത്തും. നിലവിലുള്ള 450X പ്രോ പായ്ക്കില്‍ കാണപ്പെടുന്ന പല ഹൈടെക് ഫീച്ചറുകളും ഏഥര്‍ 450S വേരിയന്റില്‍ നഷ്ടമാകും.
ഫുള്‍ കളര്‍ 7 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ പോലുള്ള ഫീച്ചറുകള്‍ ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ഏഥര്‍ 450X ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇതിനോടകം ഫുള്‍ കളര്‍ യൂനിറ്റ് മാറ്റി ഗ്രേ സ്‌കെയില്‍ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഗൈഡ് മീ ഹോം ലൈറ്റ്, ഹില്‍ അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്,4G കണക്റ്റിവിറ്റി, മ്യൂസിക് കോള്‍ ആക്‌സസ് തുടങ്ങി അത്യാവശ്യമല്ലാത്ത ചില ഫീച്ചറുകൾ നീക്കം ചെയ്യപ്പെട്ടേക്കാം.
ഫീച്ചറുകൾ കുറയ്ക്കുന്നത് കൂടാതെ വില കുറയ്ക്കാനായി 450X-ലെ അലൂമിനിയം ഫ്രെയിമിന് പകരം ട്യൂബുലാര്‍ ഫ്രെയിമായിരിക്കും ഏഥര്‍ 450S-ന് ലഭിക്കാൻ സാധ്യത. ഇതിനോടൊപ്പം ചെറിയ ബാറ്ററി പായ്ക്കും പവർ കുറഞ്ഞ മോട്ടോറുമായിരിക്കും ഉൾപ്പെടുത്തുക.
വിപണിയിൽ വരാൻ തയ്യാറെടുക്കുന്ന ഏഥര്‍ 450S വേരിയന്റിന് 1.5 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില വരുന്നത്. ഫെയിം പദ്ധതിക്ക് കീഴില്‍ ലഭ്യമാകുന്ന സബ്‌സിഡിയും സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡിയും കിഴിച്ച് ഏകദേശം 76,000 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍പ്പന നടത്തുന്ന കമ്പനികളില്‍ ഒന്നാണ് ഏഥര്‍ എനര്‍ജി. തുടക്കം മുതൽ ജനങ്ങളുടെ ഇടയിൽ ശ്രദ്ധേയമായ ഏഥറിന്റെ 450X മോഡല്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ശക്തമായ വില്‍പ്പനയാണ് ഇപ്പോൾ നേടിയെടുക്കുന്നത്.