രാജ്യത്ത് ഒരു മലയാളി സാരഥിയാകുന്ന പുതിയൊരു വിമാനക്കമ്പനി പിറവിയെടുക്കുകയാണ്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രാദേശിക എയർലൈൻ സ്റ്റാർട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ91 എയർലൈൻസിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നൽകി കഴിഞ്ഞു. ഇതിന് നേതൃത്വം നൽകുന്നത് തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് 30 വർഷത്തെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ ആണ്. ഒക്ടോബർ-ഡിസംബർ മാസത്തോടെ സർവീസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെറു പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി അടിസ്ഥാനമാക്കിയായിരിക്കും ഫ്‌ളൈ91 പറക്കുക.
ഇന്ത്യയുടെ ടെലിഫോൺ കോഡ് ആണ് ഫ്‌ളൈ91ലെ ’91’ സൂചിപ്പിക്കുന്നത്. 200 കോടി പ്രാഥമിക മൂലധനത്തോടെയാണ് ഫ്‌ളൈ91 പ്രവർത്തനം തുടങ്ങുന്നത്. അനുമതികൾ എല്ലാം ലഭിച്ചാൽ ചെറിയ പട്ടണങ്ങൾ കേന്ദ്രീകരിച്ച് പറക്കുകയാണ് ലക്ഷ്യം. 70 യാത്രക്കാരെ വഹിക്കുന്ന എ. ടി. ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. ആറ് വിമാനങ്ങൾ പാട്ടത്തിനെടുത്തായിരിക്കും ആദ്യ വർഷം ഉപയോഗിക്കുക. രണ്ടാമത്തെ വർഷം ഇത് 12 വിമാനങ്ങളായി ഉയർത്തും. ഇങ്ങനെ അഞ്ച് വർഷത്തിനുള്ളിൽ 40 വിമാനങ്ങളാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ വംശജനും കനേഡിയൻ ശതകോടീശ്വരനുമായ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്‌സിന്റെ ഇന്ത്യാ വിഭാഗം മേധാവിയായിരുന്ന ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ചതാണ് ‘ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്’. ഇതിന് കീഴിലാണ് ഫ്‌ളൈ91 എയർലൈൻസ് പ്രവർത്തിക്കുക. ഹർഷയുടെ കൺവർജന്റ് ഫിനാൻസ് ആണ് ഫ്‌ളൈ91ന്റെ മുഖ്യ നിക്ഷേപകർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ എയർ ഓപ്പറേറ്റർ പെർമിറ്റിനായി അധികം താമസിയാതെ തന്നെ ഫ്‌ളൈ91 അപേക്ഷ സമർപ്പിക്കുമെന്ന് മനോജ് ചാക്കോ വ്യക്തമാക്കി കഴിഞ്ഞു .
ഗോവയിലെ മനോഹർ ഇന്റർനാഷണൽ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും ഫ്‌ളൈ91 പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ ചെറു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹൂബ്ലി, നാസിക്, ബെൽഗാം, ഷിർദ്ദി, മൈസൂർ, കോലാപൂർ, ഷോലാപൂർ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. അതേസമയം ഫ്‌ളൈ91 പിന്നീട് കേരളത്തിലേക്കും സർവീസ് വ്യാപിപ്പിക്കുമെന്ന് മനോജ് ചാക്കോ സൂചിപ്പിച്ചിട്ടുണ്ട്. 45 മുതൽ 90 മിനുട്ട് നേരം വരെ പറക്കൽ നീളുന്ന റൂട്ടുകളാണ് കമ്പനിയുടെ പരിഗണയിൽ ഉള്ളത്. ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രികരിൽ 30 ശതമാനം ആളുകളും ഇത്തരം റൂട്ടുകളിൽ ആണുള്ളതെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
മനോജ് ചാക്കോ ആയിരിക്കും ഫ്‌ളൈ91 എയർലൈൻസിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ. വ്യോമയാനം, യാത്ര തുടങ്ങിയ മേഖലകളിലായി മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തനപരിചയമുള്ള ആളാണ് അദ്ദേഹം. ഡബ്‌ള്യു.എൻ.എസ് ഗ്ലോബൽ സർവീസസ്, എസ്.ഒ.ടി.സി ട്രാവൽ, കിംഗ്ഫിഷർ എയർലൈൻസ്, എമിറേറ്റ്‌സ് എയർലൈൻസ് തുടങ്ങിയവയിൽ നിർണായക ചുമതലകളും വഹിച്ചിട്ടുണ്ട്. കിംഗ്ഫിഷർ എയർലൈൻസിന്റെ എക്‌സിക്യുട്ടീവ് പ്രസിഡന്റ് ആയിരുന്നു മനോജ് ചാക്കോ. എയർലൈൻസിസിനെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായി വളർത്തിയതിൽ മുഖ്യപങ്ക് വഹിച്ചതും മനോജ് ചാക്കോ ആയിരുന്നു. ജെറ്റ് എയർവേസ്,ഗൾഫ് എയർ, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ, വിസ്താര തുടങ്ങിയ പ്രമുഖ കമ്പനികളിൽ നിന്നുള്ളവരും അധികം വൈകാതെ ഫ്‌ളൈ91ന്റെ മാനേജ്‌മെന്റ് തലത്തിലേക്ക് എത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
Read more
ഇത് ആദ്യമായല്ല ഒരു പ്രാദേശിക എയർലൈൻ ആരംഭിക്കാനായി വ്യവസായ രംഗത്തെ പ്രമുഖരും സംരംഭകരും ഒന്നിക്കുന്നത്. പ്രമുഖ ഓഹരി നിക്ഷേപകനായിരുന്ന രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ‘ആകാശ’ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് പ്രവർത്തനമാരംഭിച്ചത്. ആകാശയ്ക്ക് ഇതിനകം തന്നെ വ്യോമയാനമേഖലയുടെ മൂന്ന് ശതമാനം വിപണിവിഹിതം നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രാദേശിക റൂട്ടുകളിലേക്ക് മനോജ് ചാക്കോയുടെ ഫ്‌ളൈ91 എയർലൈൻസും വരുന്നതോടെ ഇനി മത്സരം ശക്തമാകും.