പരിശോധന ഇനി പഴയപടിയല്ല; പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാൻ ഇനി കുറച്ച് പാടുപെടും !

പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പഴയത് പോലെ വാഹനത്തിൻ്റെ പുക പരിശോധിച്ച് സർട്ടിഫിക്കറ്റ് എടുക്കാമെന്ന് വിചാരിച്ചാൽ ഇനിയത് നടക്കില്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന തോതിൽ കൂടുതൽ മലിനീകരണം ഉണ്ടെങ്കിൽ ഇനി വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കില്ല. അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോൾ ഇരുചക്ര-നാലുചക്ര വാഹനങ്ങളിൽ ബഹിർഗമന വാതകങ്ങളുടെ അളവ് വിശകലനം ചെയ്യുന്നത്.

ടെസ്റ്റിൽ പാസാകാത്ത വാഹനങ്ങൾക്ക് എന്താണ് പിഴവ് എന്നത് കണ്ടെത്തി അത് പരിഹരിച്ചതിന് ശേഷം മാത്രമേ ഇനി മുതൽ വാഹനത്തിന് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. കൂടാതെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുക പരിശോധിച്ചതിൻ്റെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ചെക്കിങ്ങ് സമയത്ത് 1500 രൂപ പോകും.

സർക്കാർ നൽകുന്നതും നിർബന്ധിതവുമായ ഒരു രേഖയാണ് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC സർട്ടിഫിക്കറ്റ്. വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ അളവ് അംഗീകൃത എമിഷൻ മാനദണ്ഡങ്ങൾക്കുള്ളിലാണെങ്കിൽ മാത്രമേ ഈ സർട്ടിഫിക്കറ്റ് ലഭിക്കു. എല്ലാ സമയത്തും റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഈ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മാത്രമല്ല, ആവശ്യപ്പെടുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡ്രൈവർക്കോ കാർ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്തുകയും ചെയ്തേക്കാം.

വാഹനത്തിൽ നിന്ന് വരുന്ന പുക പരിസ്ഥിതി മലിനീകരണത്തിന് ഒരു കാരണം തന്നെയാണ്. മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോ എന്നറിയാനാണ് വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. വാഹന ഉടമകൾക്ക് അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായും ഓൺലൈനായും ലഭിക്കും.

സർക്കാർ അംഗീകൃത പിയുസി സെന്ററുകൾക്കോ ​​റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കോ ​​(ആർടിഒ) മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാം. വായു മലിനീകരണത്തിന് കാരണമാകുന്ന കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ പുറന്തള്ളൽ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഇടയ്ക്കിടെ പരിശോധിക്കുംഅതിനുശേഷമാണ് അവയ്ക്ക് പിയുസി സർട്ടിഫിക്കറ്റുകൾ നൽകുക.

ഗതാഗത വകുപ്പ് അധികാരപ്പെടുത്തിയ 900 പുക പരിശോധനാ കേന്ദ്രങ്ങളാണ് ഡൽഹിയിൽ ഉള്ളത്. നഗരത്തിലുടനീളമുള്ള പെട്രോൾ പമ്പുകളിലും വർക്ക് ഷോപ്പുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. ഇക്കാരണത്താൽ വാഹനമോടിക്കുന്നവർക്ക് ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും. പെട്രോളും സിഎൻജിയും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മലിനീകരണ പരിശോധനയ്ക്ക് 60 രൂപയാണ് ഫീസ്. പെട്രോൾ ഓടുന്ന ഫോർ വീലറുകൾക്ക് 80 രൂപയും ഡീസൽ ഓടുന്ന ഫോർ വീലറുകൾക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. ഓരോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റിൽ അതിന്റെ വാലിഡിറ്റി തീയതിയും രേഖപ്പെടുത്തും.

ഈ കാലയളവിന് ശേഷം സർട്ടിഫിക്കറ്റ് പുതുക്കാൻ 7 ദിവസം സാവകാശവുമുണ്ട്. ഇക്കാര്യം പലർക്കും അറിയില്ല. പക്ഷേ കാലഹരണപ്പെടുന്ന തീയതിക്ക് മുമ്പായി പിയുസി പുതുക്കുന്നത് ആണ് നല്ലത്. ഏതെങ്കിലും സാഹചര്യത്തിൽ പുതുക്കാൻ സാധിച്ചില്ലെങ്കിൽ ഈ ഏഴു ദിവസം വാഹന ഉടമയ്ക്ക് ഉപയോഗപ്പെടുത്താനാവും

അതേസമയം ഒരു പുത്തൻ കാറോ ബൈക്കോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് പിയുസി ഒരു വർഷത്തേക്ക് എടുക്കേണ്ടതില്ല. കാരണം പുക പരിശോധന സർട്ടിഫിക്കറ്റുമായാണ് ഇവ ഫാക്ടറിയിൽ നിന്ന് വരുന്നത്. വാങ്ങിയ ദിവസം മുതൽ കൃത്യമായി ഒരു വർഷത്തേക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ സാധിക്കും. ഈ ഒരു വർഷക്കാലയളവിന് ശേഷമാണ് വാഹനത്തിന്റെ പുകപരിശോധന പുറത്തു നിന്നും ചെയ്യേണ്ടത്.