2025 സ്ക്രാംബ്ലർ ഫുൾ ത്രോട്ടിൽ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമാതാക്കളായ ഡുക്കാറ്റി. പെർഫോമൻസിൽ താൽപര്യമുള്ള റൈഡർമാരെ ആകർഷിക്കുന്നതിന് വേണ്ടി റെട്രോ റേസിങ്ങ് സ്റ്റൈലിങ്ങും ആധുനിക സാങ്കേതികവിദ്യയും ചേർത്തുകൊണ്ടാണ് ഫുൾ ത്രോട്ടിൽ വരുന്നത്. ഫ്ലാറ്റ് ട്രാക്ക് റേസിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുത്തൻ പതിപ്പ് നിർമിച്ചിരിക്കുന്നത്. അടിസ്ഥാന രൂപം നിലനിർത്തിക്കൊണ്ട് ഡിസൈനിൽ ചെറിയ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ആകർഷകമായ ലുക്ക്, റേസിങ്ങ് ഡിഎൻഎ, പ്രീമിയം നിർമാണ നിലവാരം, ആവേശകരമായ റൈഡിങ്ങ് എന്നിവ നൽകാനാണ് ഫുൾ ത്രോട്ടിൽ ലക്ഷ്യമിടുന്നത്.
പുതിയ സ്‌ക്രാംബ്ലർ ഫുൾ ത്രോട്ടിലിന്റെ ഡിസൈൻ പഴയ വേരിയന്റിനേക്കാൾ വളരെ മികച്ചതാണ്. കറുപ്പും ബ്രോൺസും ചേർന്ന പെയിന്റ് സ്കീം, ബ്രോൺസ് അലോയ് വീലുകൾ, നമ്പറുകളുള്ള സൈഡ് പാനലുകൾ എന്നിവ വാഹനത്തിന് സ്പോർട്ടി ഫ്ലാറ്റ് ട്രാക്ക് അനുഭൂതി നൽകുന്നു. കൂടാതെ താഴ്ന്നതും വീതിയുള്ളതുമായ ഹാൻഡിൽബാർ, കൂടുതൽ പരന്ന സീറ്റ് എന്നിവ റൈഡിങ്ങ് പൊസിഷൻ കൂടുതൽ സ്പോർട്ടിയാകുന്നുമുണ്ട്. ഭാരം കുറഞ്ഞ ഫ്രെയിം, സ്പോർട്ടി എക്‌സ്‌ഹോസ്റ്റ് എന്നിവയും മോഡലിന്റെ മറ്റ് പ്രത്യേകതകളാണ്. അത്യാധുനിക സാങ്കേതികവിദ്യകളാൽ സമ്പന്നമാണ് പുത്തൻ ഡുക്കാറ്റി ഫുൾ ത്രോട്ടിൽ. ഇതിൽ 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, റോഡ്, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിങ്ങ് മോഡുകൾ, ഡുക്കാട്ടി മൾട്ടിമീഡിയ സിസ്റ്റം വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയും സവിശേഷതകളായി കാണാനാകും.
8,250 rpm-ൽ 73 bhp കരുത്തും 7,000 rpm-ൽ 65.2 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 803സിസി എൽ-ട്വിൻ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. സ്ലിപ്പർ ക്ലച്ച് വഴി എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിട്ടുണ്ട്. ക്ലച്ച് പിടിക്കാതെ ഗിയർ മാറ്റാൻ സഹായിക്കുന്ന ക്വിക്ക് ഷിഫ്റ്റ് അപ്പ്/ഡൗൺ സിസ്റ്റവും കമ്പനി നൽകുന്നുണ്ട്. റൈഡിങ്ങ് എളുപ്പമാക്കുന്ന ഒന്നാണ് ഇത്. ഇന്ധനമില്ലാതെ മോട്ടോർസൈക്കിളിന് 176 കിലോഗ്രാം ഭാരമുണ്ട്. മുന്നിൽ 41mm KYB USD ഫോർക്കുകളും പിന്നിൽ KYB പ്രീ-ലോഡ് ക്രമീകരിക്കാവുന്ന മോണോ-ഷോക്കും സസ്‌പെൻഷൻ ജോലികൾ നിർവഹിക്കുന്നു. ബൈക്കിന് രണ്ട് അറ്റത്തും 150mm സസ്‌പെൻഷൻ ട്രാവൽ ലഭിക്കുന്നു. ബ്രേക്കിംഗിനായി മുന്നിൽ 330mm ഡിസ്കും പിന്നിൽ 245mm ഡിസ്കും ഉണ്ട്.
സുരക്ഷാ കാര്യങ്ങളിൽ, 2025 ഫുൾ ത്രോട്ടിൽ കോർണറിംഗ് എബിഎസും 4 ലെവൽ ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഉൾക്കൊള്ളുന്നു. കൂടുതൽ നല്ല റൈഡിംഗ് അനുഭവത്തിനായി ഇത് പൂർണ്ണമായും പ്രവർത്തനരഹിതമാക്കാനും കഴിയും. വസ്ത്രങ്ങൾ, എക്‌സ്‌ഹോസ്റ്റുകൾ, സീറ്റുകൾ, നിറമുള്ള കവറുകൾ, ഫുട്‌റെസ്റ്റുകൾ, മിററുകൾ, ടാങ്ക് ക്യാപ്പുകൾ, സോഫ്റ്റ് ബാഗുകൾ തുടങ്ങിയ മെഷീൻ ചെയ്ത ഘടകങ്ങൾ ഉൾപ്പെടെ നിരവധി ആക്‌സസറികൾ ഡുക്കാറ്റി സ്‌ക്രാംബ്ലറിൽ വാഗ്ദാനം ചെയ്യുന്നു.
12.60 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിലുടനീളമുള്ള ഡുക്കാറ്റി ഷോറൂമുകളിൽ മോട്ടോർസൈക്കിൾ നിലവിൽ വിൽപ്പനയിലുണ്ട്. മോട്ടോർസൈക്കിളിന്റെ ഡെലിവറികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കമ്പനി. 1926-ൽ സ്ഥാപിതമായ ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഡുക്കാറ്റി, 2015-ൽ ഔദ്യോഗികമായി വിപണിയിൽ പ്രവേശിച്ചതു മുതൽ ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ സാന്നിധ്യം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ചണ്ഡീഗഡ്, ന്യൂഡൽഹി, അഹമ്മദാബാദ്, പൂനെ, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊൽക്കത്ത എന്നിവിടങ്ങളിൽ കമ്പനിക്ക് ഡീലർഷിപ്പുകൾ ഉണ്ട്.
2015ൽ ഡുക്കാറ്റി ആഗോളതലത്തിൽ പുനരവതരിപ്പിച്ച സ്‌ക്രാംബ്ലർ ശ്രേണി, റെട്രോ സ്റ്റൈലിംഗും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ബ്രാൻഡിന്റെ കൂടുതൽ ആക്‌സസ് ചെയ്യാവുന്ന ഉൽപ്പന്ന ശ്രേണികളിൽ ഒന്നാണ്. സ്‌ക്രാംബ്ലർ ഫാമിലിയിൽ കൂടുതൽ സ്‌പോർട്ടി സൗന്ദര്യം തേടുന്ന റൈഡർമാരെയാണ് ഫുൾ ത്രോട്ടിൽ വേരിയന്റ് പ്രത്യേകമായി ലക്ഷ്യമിടുന്നത്.