വരും വർഷത്തിൽ പുതിയ ഇവി മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഗണ്യമായ വിപുലീകരണത്തിന് ഒരുങ്ങുകയാണ്. നിരവധി വാഹന നിർമ്മാതാക്കൾ 2024ൽ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ.
പുതിയ മോഡലുകളുടെ ഈ കുതിച്ചുചാട്ടം മുൻനിര വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യയുടെ വളർന്നുവരുന്ന ഇവി വിപണിയിൽ പ്രവേശിക്കാനുള്ള വഴികൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ മൊത്തം വാഹന വിൽപ്പനയുടെ 7 ശതമാനത്തിൽ താഴെയാണ് ഇലക്ട്രിക് വാഹന വിൽപ്പന. അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറാൻ പോകുന്ന പുതിയ ഇലക്ട്രിക് കാറുകൾ ഏതൊക്കെയെന്ന് നോക്കാം.
ടാറ്റ ഹാരിയർ ഇവി
തങ്ങളുടെ മുൻനിര ഹാരിയർ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് 2024-ൽ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ ഹാരിയർ ഇവി അരങ്ങേറ്റം കുറിച്ചിരുന്നു. Gen 2 EV ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഹാരിയർ ഇവിയ്ക്ക് V2L, V2V ചാർജിംഗ് ശേഷിയുണ്ടാകും. ഇതുവരെ, ഈ ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ച്, പെർഫോമൻസ്, സവിശേഷതകൾ എന്നിവയെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ പുറത്തു വന്നിട്ടുള്ളൂ.
ടാറ്റ പഞ്ച് ഇവി
ടാറ്റ മോട്ടോഴ്‌സിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനമായ ടാറ്റ പഞ്ച് ഇവി അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. ശ്രദ്ധേയമായി, ലോഞ്ച് ചെയ്യുമ്പോൾ, ടാറ്റയുടെ പോർട്ട്‌ഫോളിയോയിലെ അതേ മോഡലിന്റെ ഐസിഇ, സിഎൻജി, ഇവി വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്ന നാലാമത്തെ വാഹനമായി പഞ്ച് ഇവി മാറും. നെക്‌സോൺ പോലെയുള്ള മറ്റ് ഇവികൾക്ക് സമാനമായി ടാറ്റയുടെ സിപ്ട്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ച് ഇവിയുടെ ലോംഗ്-റേഞ്ച് പതിപ്പ് ഒറ്റ ചാർജിൽ 300 കിലോമീറ്ററിലധികം സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റ കർവ്വ് ഇവി
ടാറ്റ മോട്ടോഴ്‌സിന്റെ മൂന്നാമത്തെ ഇലക്ട്രിക് വാഹനമായ ടാറ്റ കർവ്വ് ഇവി 2024-ൽ പുറത്തിറങ്ങും. എസ്‌യുവിയുടെ ഐസിഇ പതിപ്പിന്റെ ലോഞ്ചിനെ തുടർന്നാണ് ഇവി വേരിയന്റിന്റെ അവതരണം പ്രതീക്ഷിക്കുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ X1 പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച കർവ്വ് EV ഇലക്ട്രിക് വാഹന ആവശ്യകതകൾക്ക് അനുസൃതമായി കാര്യമായ മാറ്റങ്ങൾ വരുത്തും. റിപ്പോർട്ടുകൾ പ്രകാരം, കർവ്വ് ഇലക്ട്രിക് എസ്‌യുവി ഫുൾ ചാർജ് ചെയ്താൽ 400-500 കിലോമീറ്റർ പരിധി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മാരുതി സുസുക്കി EVX
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ eVX 2024-ൽ അവതരിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. 2023 ജനുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച eVX ഇലക്ട്രിക് എസ്‌യുവി അടുത്ത വർഷം മുതൽ ഗുജറാത്തിലെ ഹൻസൽപൂരിൽ നിർമ്മിക്കുമെന്ന് കാർ നിർമ്മാതാവ് വ്യക്തമാക്കിയിരുന്നു. eVX ഇലക്ട്രിക് എസ്‌യുവിക്ക് ഒറ്റ ചാർജിൽ 550 കിലോമീറ്റർ റേഞ്ച് ലഭിക്കും. 60 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കോടുകൂടിയായിരിക്കും ഇത് അണിനിരത്തുക. MG ZS EV, ഹ്യുണ്ടായ് കോന എന്നിവയുമായിട്ടായിരിക്കും ഇത് മത്സരിക്കുക.
കിയ EV9
മൂന്ന്-നിര ഇലക്ട്രിക് എസ്‌യുവി EV9 അവതരിപ്പിക്കുന്നത്തിലൂടെ കൊറിയൻ വാഹന നിർമ്മാതാവ് ഇന്ത്യയിൽ ഇവി ലൈനപ്പ് വിപുലീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് മീറ്ററിലധികം നീളമുള്ള EV9 ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് (E-GMP) നിർമ്മിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 541 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന വാഹനം രണ്ട് വേരിയന്റുകളിലാണ് വരുന്നത്.+- 9.4 സെക്കൻഡിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന 150 kW ഇലക്ട്രിക് മോട്ടോറാണ് EV9 ന് കരുത്ത് പകരുന്നത്. EV യുടെ RWD പതിപ്പിന് കൂടുതൽ ശക്തമായ 160 kW ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കും.
മഹീന്ദ്ര XUV.E8
Read more
XUV700 അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കുന്നതോടെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കും. XUV400 കഴിഞ്ഞാൽ മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണിത്. 2022 ഓഗസ്റ്റിൽ യുകെയിൽ നടന്ന ഒരു പരിപാടിയിൽ വരാനിരിക്കുന്ന അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ബോൺ ഇലക്ട്രിക് ബ്രാൻഡിന് കീഴിൽ XUV.e8 പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. കൂടാതെ ഡ്യുവൽ ഇലക്ട്രിക് മോട്ടോറും ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയും ഉണ്ടായിരിക്കും. XUV.e8 EV-യ്‌ക്കൊപ്പം കുറഞ്ഞത് 60-kWh ബാറ്ററി പാക്കിനൊപ്പം ലെവൽ 2 ADAS, 5G കണക്റ്റിവിറ്റി തുടങ്ങിയ സവിശേഷതകളും മഹീന്ദ്ര ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.