ഇന്ത്യയിൽ എസ്‌യുവികൾ ട്രെൻഡായതോടെ ആളുകളെ കയ്യിലെടുക്കാനുള്ള പുതിയ തന്ത്രങ്ങളാണ് പല വാഹന നിർമാതാക്കളും മുന്നോട്ട് വച്ചത്. ഹാച്ച്ബാക്കിന്റെ വിലയിൽ പുതിയ എസ്‌യുവി പുറത്തിറക്കി നിസാനാണ് ട്രെൻഡ് ആരംഭിച്ചത്. പക്ഷെ, മൈക്രോ എസ്‌യുവി സെഗ്‌മെന്റിന് രൂപം കൊടുത്ത ടാറ്റ മോട്ടോർസ് എത്തിയതോടെ കളി മാറുകയും ചെയ്തു.
പഞ്ച് അവതരിപ്പിച്ചതോടെ ഏതൊരു സാധാരണക്കാരനും എസ്‌യുവി വാങ്ങുക എന്നത് എളുപ്പമാക്കാനായി. മോഡലിന് ഒരുപാട് കാലം എതിരാളികളില്ലാതെ വിലസാൻ സാധിച്ചു. എന്നാൽ ഹ്യുണ്ടായ് ഇതേ വിഭാഗത്തിലേക്ക് തന്നെ എക്സ്റ്ററിനെ പുറത്തിറക്കിയതോടെ സംഭവം മൊത്തത്തിൽ മാറി. എതിരാളികൾ ഒരേ സെഗ്മെന്റിൽ മത്സരിക്കാനെത്തിയതോടെ 6 ലക്ഷം രൂപ മുതൽ എസ്‌യുവി ലഭിക്കാൻ തുടങ്ങി.
ഇപ്പോഴിതാ എക്സ്റ്ററിന് കിട്ടുന്ന മൈലേജിനെ കുറിച്ചുള്ള ചർച്ചയാണ് ഇന്റർനെറ്റിൽ ചർച്ചാവിഷയം. വാഹന ഉടമകൾ അവരുടെ ഗ്രൂപ്പിൽ പങ്കുവെച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകളാണ് യഥാർഥ ഇന്ധനക്ഷമത വെളിപ്പെടുത്തിയിരിക്കുന്നത്.
1,300 കിലോമീറ്ററിന് ശേഷം ലിറ്ററിന് ശരാശരി 17 കിലോമീറ്റർ മൈലേജാണ് എസ്‌യുവിയിൽ ലഭിക്കുന്നത് എന്നാണ് ദുരൈ ആനന്ദ് എന്ന എക്‌സ്‌റ്റർ പെട്രോൾ ഉടമ പറയുന്നത്. എസി സദാസമയവും ഓണാക്കിയിട്ട ശേഷമാണ് ഇത്രയും മൈലേജ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യാത്രയുടെ പകുതിയും ഹൈവേകളിലൂടെയായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതിൽ ഇത് ഹൈവേയിൽ വാഹനത്തിന് കിട്ടുന്ന ശരാശരി മൈലേജാവാനാണ് സാധ്യത.
എസിയില്ലാതെ ഹൈവേയിൽ സിഎൻജിയിൽ ലിറ്ററിന് 33 കി.മീ. വരെ മൈലേജ് ലഭിച്ചുവെന്നാണ്. അതേസമയം എസി ഉപയോഗത്തിലായിരുന്നപ്പോൾ എക്‌സ്‌റ്റർ സിഎൻജി ലിറ്ററിന് 30 കിലോമീറ്റർ ഇന്ധനക്ഷമയും നൽകി. പെട്രോളിൽ ഓടുമ്പോൾ ഹൈവേയിൽ 17-ൽ കൂടുതൽ ആയിരുന്നു മൈലേജ് എന്നും പറയുന്നു. മറ്റ് വിവിധ എക്‌സ്‌റ്റർ ഉടമകൾ അവരുടെ ട്രിപ്പ് തിരിച്ചുള്ള മൈലേജ് നമ്പറുകളുടെ സ്‌ക്രീൻഷോട്ടുകൾ പങ്കിട്ടിട്ടുണ്ട്.
എക്‌സ്‌റ്റർ പെട്രോൾ വേരിയന്റുകൾക്ക് ശരാശരി മൈലേജ് 17 മുതൽ 20 കിലോമീറ്റർ ആണെന്ന് മറ്റൊരു എക്‌സ്‌റ്റർ ഉടമയായ ദീപക് റായ് പറയുന്നത്. അതേസമയം എക്‌സ്‌റ്റർ സിഎൻജിക്ക് 30 കിലോമീറ്റർ മൈലേജും ശരാശരി കിട്ടുന്നുണ്ട് എന്ന് കണക്കാക്കാം. റോഡിലെ യഥാർഥ സാഹചര്യങ്ങളിൽ പോലും ഇത്രയും ഉയർന്ന ഇന്ധനക്ഷമത നൽകാൻ എസ്‌യുവിക്ക് സാധിച്ചത് വളരെ ശ്രദ്ധേയമാണ്. എക്‌സ്റ്ററിൻ്റെ വർധിച്ചുവരുന്ന ഡിമാന്റിന് ഇതൊരു പ്രധാന ഘടകമായിരിക്കാം.
സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ എക്‌സ്‌റ്ററിന് നിലവിൽ ഏകദേശം 8 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. എന്തായാലും പുതിയൊരു വാഹനത്തിന് ഇത്തരത്തിൽ മികച്ച പ്രതികരണം ലഭിക്കുന്നത് മറ്റുള്ള ആളുകളിലേക്കും എളുപ്പത്തിൽ എത്താൻ സഹായിക്കുന്ന കാര്യമാണ്. സേഫ്റ്റിയാണ് ആളുകളുടെ പ്രധാന പരിഗണനയെങ്കിലും അടിക്കുന്ന പെട്രോളിന് കൂടുതൽ മൈലേജ് കിട്ടുന്നതും സന്തോഷം നൽകുന്ന കാര്യമാണ്.
മികച്ച സർവീസും മറ്റ് വിൽപ്പനാന്തര സേവനങ്ങളും നൽകുന്നതിൽ ഹ്യുണ്ടായ് മികച്ച് നിൽക്കുന്നതും ടാറ്റ പഞ്ചിന് മുകളിൽ മേൽകൈ നേടാൻ സഹായകരമാവുന്ന ഒരു കാര്യമാണ്. എക്സ്റ്ററിന് 1.2 ലിറ്റർ കാപ്പ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ, സ്മാർട്ട് ഓട്ടോ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്.