ലോകത്തിലെ ഏറ്റവും ജനപ്രിയമായ സിംഗിൾ സീറ്റർ ഇലക്‌ട്രിക് റേസിംഗ് ആയ ഫോർമുല ഇ കാറോട്ട മത്സരങ്ങൾക്ക് ആദ്യമായി ഇന്ത്യ വേദിയായിരിക്കുകയാണ്. ലോകമെമ്പാടുമായി ഒട്ടേറെ ആരാധകരുള്ള കാർ റേസിംഗ് മത്സരങ്ങളിൽ ജനപ്രിയമായ ഫോര്‍മുല ഇ തുടക്കം കുറിച്ചത് 2014 ലാണ്. 2014-ൽ ആരംഭിച്ച ഒരു ഇലക്ട്രിക്കൽ പവർഡ് റേസിംഗ് സീരീസാണ് ഫോർമുല ഇ. മുൻ എഫ്ഐഎ പ്രസിഡന്റ് ജീൻ ടോഡിന്റെയും സ്പാനിഷ് വ്യവസായി അലജാൻഡ്രോ അഗാഗിന്റെയും ആശയമായിരുന്നു വൈദ്യുത കാറുകൾക്ക് ഒരു രാജ്യാന്തര വേദിയെന്നത്. മോട്ടോര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പുകള്‍ മലിനീകരണത്തിന് കാരണമായതോടെയാണ് എന്തുകൊണ്ട് വൈദ്യുത കാറുകള്‍ കൊണ്ട് മത്സരയോട്ടം നടത്തിക്കൂടാ എന്ന ചിന്ത മുന്നോട്ട് വന്നത്. ഇതോടെ 2014 സെപ്റ്റംബറില്‍ ആദ്യ ഫോര്‍മുല ഇ കാറോട്ട മത്സരത്തിന് ബെയ്‌ജിങ് വേദിയാവുകയായിരുന്നു.
പത്ത് നഗരങ്ങളിലായി 11 റേസുകൾ ഉദ്‌ഘാടന സീസണിലുണ്ടായിരുന്നു. ബെയ്ജിങിന് പുറമേ മലേഷ്യ, ഉറുഗ്വേ, ബ്യൂണസ് ഐറിസ്, കലിഫോര്‍ണിയ, മിയാമി, മോണ്‍ടെ കാര്‍ലോ, ബെര്‍ലിന്‍, മോസ്‌കോ, ലണ്ടന്‍ എന്നിവിടങ്ങളിലായിട്ടായിരുന്നു മത്സരം നടന്നത്. രണ്ട് ഡ്രൈവർമാർ വീതമുള്ള പത്ത് ടീമുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഔഡി സ്‌പോർട് എബിടി ടീമിലെ ലൂക്കാസ് ഡി ഗ്രാസിയാണ് ആദ്യത്തെ ഫോർമുല ഇ റേസ് കിരീടമണിഞ്ഞത്.
ഫോർമുല 1ൽ നിന്നും മറ്റേതൊരു എഫ്‌ഐഎ വേൾഡ് ചാമ്പ്യൻഷിപ്പ് റേസ് ഫോർമാറ്റിൽ നിന്നും ഫോർമുല ഇ വ്യത്യസ്തമാണെന്ന കാര്യം എടുത്തു പറയേണ്ട ഒന്നാണ്. ഫോര്‍മുല ഇയില്‍ വൈദ്യുത കാറുകളാണ് ഉപയോഗിക്കുന്നത് എന്നതാണ് ഫോര്‍മുല 1ൽ നിന്നുള്ള വ്യത്യാസം. 2014ല്‍ ഹൈബ്രിഡ് മോട്ടോറുകളാണ് ഫോര്‍മുല വണ്ണില്‍ അവതരിപ്പിച്ചിരുന്നത്. 2026ലെ മത്സരങ്ങൾക്ക് മുന്നോടിയായി കാര്‍ബണ്‍ ന്യൂട്രല്‍ സിന്തറ്റിക് ഇന്ധനങ്ങള്‍ അവതരിപ്പിക്കുമെന്നും ഫോര്‍മുല 1 ഇതിനോടകം അറിയിച്ചു കഴിഞ്ഞു. പങ്കെടുക്കുന്ന ടീമുകളിലെ വാഹനങ്ങൾക്കെല്ലാം പൊതു ഫീച്ചറുകളായിരിക്കും എന്നതാണ് ഫോർമുല ഇ യിലെ മറ്റൊരു സവിശേഷത. ഓരോ മത്സരവും ജയിക്കുന്നതിനായി പങ്കെടുക്കുന്നവർക്കെല്ലാം തുല്യ അവസരമായിരിക്കും ഉണ്ടാവുക എന്ന് ചുരുക്കം. അതേസമയം, സോഫ്റ്റ്‌വെയറിലെ മാറ്റങ്ങളും ഡ്രൈവർ ലൈനപ്പിലെ മുൻതൂക്കവും നിർണായകമാകാൻ സാധ്യതയുണ്ട്.
ഈ സീസണിലാണ് മൂന്നാം തലമുറയില്‍പ്പെട്ട കാറുകള്‍ ആദ്യമായി മത്സരത്തിന് എത്തുന്നത്. ആദ്യ തലമുറ കാറുകള്‍ക്ക് മണിക്കൂറില്‍ പരമാവധി 225 കിലോമീറ്ററായിരുന്നു വേഗം . എന്നാൽ മൂന്നാം തലമുറ കാറുകള്‍ക്ക് മണിക്കൂറില്‍ 322 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവും.
വ്യക്തമായ ലൈനുകളിൽ പൂർണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓപ്പൺ-വീൽഡ് റേസ് കാറുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. സമാന സ്പെസിഫിക്കേഷനുകളുള്ള കാറുകളാണ് ഇലക്ട്രിക് റേസിൽ പങ്കെടുക്കുന്നത്. സീസണിലെ മൂന്നു റേസുകള്‍ ഇതിനകം പൂർത്തിയായിട്ടുണ്ട്. ആദ്യത്തെ സീസൺ മെക്‌സിക്കോ സിറ്റിയിലും തുടർന്നുള്ള രണ്ട് മത്സരങ്ങൾ സൗദി അറേബ്യയിലെ ദിരിയായിലുമാണ് നടന്നത്. ഹൈദരാബാദിലെ മത്സരത്തിന് ശേഷം കേപ് ടൗണ്‍, സാവോ പോളോ നഗരങ്ങളിലും ഫോര്‍മുല ഇ നടക്കും.
ഹൈദരാബാദ് ഹുസ്സൈൻ സാഗർ തടാകത്തിന് ചുറ്റുമുള്ള സ്ട്രീറ്റ് സർക്യൂട്ടിലാണ് ഇത്തവണത്തെ മത്സരം . ഇ പ്രിക്‌സ് നടത്തുന്ന മുപ്പതാമത്തെ വേദിയാണ് ഹൈദരാബാദിലേത് . 2014ൽ ആഗോളതലത്തിൽ ആരംഭിച്ച റേസിംഗ് മത്സരം ഇന്ത്യയിൽ ആദ്യമായിട്ടാണ് എത്തുന്നത് എന്നതാണ് പ്രത്യേകത. മൊത്തം പതിനൊന്ന് ടീമുകളാണ് മത്സരിക്കാനായി എത്തിയത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യ ഇത്തരമൊരു ഒരു ടോപ്പ്-ടയർ മോട്ടോർസ്‌പോർട്ട് സീരീസിന് ആതിഥേയത്വം വഹിക്കുന്നത്. 2011, 2012,2013 വർഷങ്ങളിൽ ഫോർമുല വൺ റേസുകൾക്ക് നേരത്തെ ഗ്രേറ്റർ നോയിഡ ആതിഥേയത്വം വഹിച്ചിരുന്നു.