ഹീറോയുടെ പുതിയ ഇലക്ട്രിക് മൗണ്ടന്‍ സൈക്കിളുകള്‍ വിപണിയില്‍; ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത

ഹീറോ സൈക്കിള്‍സിന്റെ ഇലക്ട്രിക് സൈക്കിള്‍ ഡിവിഷനായ ഹീറോ ലെക്ട്രോ രണ്ട് പുതിയ ഇലക്ട്രിക് മൗണ്ടന്‍ സൈക്കിളുകള്‍ വിപണിയിലെത്തിച്ചു. F2i, F3i എന്നീ മോഡലുകള്‍ക്ക് 39,999, 40,999 എന്നിങ്ങനെയാണ് വില.

സാഹസികരായ റൈഡര്‍മാരെ ലക്ഷ്യമിട്ട് ഹീറോ ഇറക്കിയിരിക്കുന്ന പുതിയ മോഡലുകള്‍ നഗരങ്ങളിലെ ട്രാക്കുകളിലും ഓഫ്-റോഡ് ട്രാക്കുകളിലും സുഖപ്രദമായ റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുമെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. ഈ മോഡലുകള്‍ ഹീറോ ലെക്ട്രോയില്‍ നിന്നുള്ള മൗണ്ടന്‍-ബൈക്കിംഗ് വിഭാഗത്തില്‍ രാജ്യത്തെ ആദ്യത്തെ കണക്റ്റഡ് ഇ-സൈക്കിളുകളാണെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത്, സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് കണക്റ്റിവിറ്റി എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഇവ റൈഡര്‍മാര്‍ക്ക് സ്ഥിതിവിവരക്കണക്കുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ അവസരമൊരുക്കും.

ഹീറോയുടെ ഈ രണ്ട് പുതിയ മോഡല്‍ സൈക്കിളുകളും ഒറ്റ ചാര്‍ജില്‍ 35 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ്. ഏഴ് സ്പീഡ് ഗിയറുകള്‍, 100 എം എം സസ്പെന്‍ഷന്‍, 27.5 ഇഞ്ച്, 29 ഇഞ്ച് ഡബിള്‍ അലോയ് റിം, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് ഇലക്ട്രിക് സൈക്കിളുകളുടെ മറ്റു പ്രത്യേകതകള്‍. പുതിയ രണ്ട് മൗണ്ടന്‍ ഇ-ബൈക്കുകളും ഉയര്‍ന്ന ശേഷിയുള്ള 6.4എ.എച്ച്. ഐപി 67 റേറ്റുചെയ്ത വെള്ളവും പൊടിയും പ്രതിരോധിക്കുന്ന ബാറ്ററി കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഇത് 250 വാള്‍ട്ട് ബിഎല്‍ഡിസി മോട്ടോറിന്റെ ഉയര്‍ന്ന ടോര്‍ക്ക് നല്‍കുന്നു.

Read more

റൈഡര്‍മാര്‍ക്ക് നാല് തരത്തിലുള്ളവ തെരഞ്ഞെടുക്കാം. 35 കിലോമീറ്റര്‍ റേഞ്ചുള്ള പെഡെലെക്, 27 കിലോമീറ്റര്‍ റേഞ്ചുള്ള ത്രോട്ടില്‍, ക്രൂയിസ് കണ്‍ട്രോള്‍ പിന്നെ മാനുവല്‍. സൈക്കിളുകളിലെ സ്മാര്‍ട്ട് എല്‍ഇഡി ഡിസ്പ്ലേ ഉപയോഗിച്ച് ഈ മോഡുകള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ സാധിക്കും.ഹീറോ F2i, F3i ഇലക്ട്രിക് എംടിബികള്‍ ലെക്ട്രോയുടെ 600ല്‍ അധികം ഡീലര്‍മാര്‍ വഴിയും, ചെന്നൈയിലെയും കൊല്‍ക്കത്തയിലെയും ബ്രാന്‍ഡിന്റെ എക്‌സ്‌ക്ലൂസീവ് എക്സ്പീരിയന്‍സ് സെന്ററുകളിലും സോണുകളിലും നിന്നും ഇ-കൊമേഴ്‌സ് പങ്കാളികളുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ മുഖേനയും വാങ്ങാവുന്നതാണ്.