വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം

ഇലക്ട്രിക് ത്രീവീലര്‍ വിപണിയിലേക്ക് കടക്കാനൊരുങ്ങി പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പ്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നതിലൂടെയാണ് ഹീറോ മോട്ടോ കോര്‍പ്പ് ത്രീവീലര്‍ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

525 കോടി രൂപയാണ് ഹീറോ മോട്ടോ കോര്‍പ്പ് യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്. യൂളര്‍ മോട്ടോഴ്സിന്റെ 32 ശതമാനം ഓഹരികള്‍ വാങ്ങാനാണ് ഹീറോ മോട്ടോ കോര്‍പ്പിന്റെ തീരുമാനം. യൂളര്‍ മോട്ടോഴ്‌സില്‍ നിക്ഷേപം നടത്തുന്നതിന് ഹീറോ മോട്ടോ കോര്‍പ്പിന്റെ ബോര്‍ഡില്‍ നിന്ന് അംഗീകാരം ലഭിച്ചു.

യൂളര്‍ മോട്ടോഴ്‌സിലെ നിക്ഷേപം ഹീറോ മോട്ടോ കോര്‍പ്പിന്റെ ഭാവിയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ പവന്‍ മുഞ്ജലിന്റെ വിലയിരുത്തല്‍. നിക്ഷേപം ഹീറോ മോട്ടോകോര്‍പ്പിനെ ഇവി വ്യവസായത്തില്‍ ശക്തമായ സ്ഥാനത്ത് എത്തിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇന്ത്യയിലെ 30 പ്രധാന നഗരങ്ങളില്‍ ഇതോടകം യൂളര്‍ മോട്ടോഴ്‌സിന്റെ സേവനങ്ങള്‍ ലഭ്യമാണ്. ഇലക്ട്രിക് ത്രീ വീലറുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും കൊണ്ട് ശ്രദ്ധ നേടിയ കമ്പനിയാണ് യൂളര്‍ മോട്ടോഴ്‌സ്.