ജനപ്രിയ മോഡലുകളായ ഹോണ്ട സിറ്റിക്കും അമേസിനും ഈ മാസം 31 വരെ വൻ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹോണ്ട മോട്ടോർസ്. ക്യാഷ് ഡിസ്‌കൗണ്ട് ആയി 10,000 രൂപ, ലോയൽറ്റി ബോണസായി 4,000 രൂപ, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ആയി 3,000 രൂപ എന്നിവ ചേർത്ത് 17,000 രൂപയാണ് കമ്പനിയുടെ വക ഡിസ്‌കൗണ്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് കൂടാതെ നിരവധി ഡീലേഴ്സ് അവരുടെ വക ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. കേരളത്തിലെ ഡീലർമാർ അമേസിനും ഹോണ്ട സിറ്റിക്കും അവരുടെ ഭാഗത്തു നിന്നുകൂടി ഡിസ്‌കൗണ്ട് നൽകി വരുന്നുണ്ട്. എന്നാലും 17,000 രൂപയുടെ ഡിസ്‌കൗണ്ട് എന്നത് കസ്റ്റമറിനെ സംബന്ധിച്ച് ചെറിയൊരു കാര്യമല്ല.
അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് 15,000 രൂപ വരെയാണ് കമ്പനി ഡിസ്‌കൗണ്ട് നൽകുന്നത്. 6,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് നൽകുന്നുണ്ടെങ്കിലും, നിലവിൽ അത് ഹോണ്ട ഉടമകൾക്ക് മാത്രം ബാധകമായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കൂടാതെ 4,000 രൂപയുടെ ലോയൽറ്റി ബോണസ്, 5,000 രൂപയുടെ കോർപ്പറേറ്റ് ബോണസ് എന്നിവയും നൽകുന്നുണ്ട്.
നിലവിൽ ഹോണ്ടയിൽ നിന്നുള്ള ഏറ്റവും താങ്ങാനാകുന്ന ഒരു കാറാണ് അമേസ്. വാഹനത്തിലെ ക്രൂയിസ് കൺട്രോൾ സിസ്റ്റം ഹൈവേകളിൽ ഡ്രൈവർക്ക് മികച്ച ഡ്രൈവിങ്ങ് അനുഭവം നൽകും. മികച്ച രീതിയിലാണ് അമേസിൽ ലെഗ് റൂം, തൈ സപ്പോർട്ട് എന്നിവ ഡിസൈൻ ചെയ്തിരിക്കുന്നത്. ദീർഘയാത്രയിൽ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്താൽ പോലും ക്ഷീണം തോന്നില്ല എന്നതാണ് പ്രത്യേകത. ഇൻബിൽറ്റ് കപ്പ് ഹോൾഡറുകളുള്ള മടക്കാൻ സാധിക്കുന്ന ആംറെസ്റ്റും കമ്പനി നൽകുന്നുണ്ട്.
സുരക്ഷയുടെ കാര്യത്തിലും അമേസ് ഒട്ടും പുറകിലല്ല. സ്റ്റാൻഡേർഡ് ആയി ഇരട്ട എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ, ഇബിഡിയുള്ള എബിഎസ്, എഞ്ചിൻ ഇമ്മൊബിലൈസർ തുടങ്ങിയവയാണ് വാഹനത്തിലെ പ്രധാന സുരക്ഷാ സംവിധാനങ്ങൾ. 6.56 ലക്ഷം രൂപ മുതൽ 11.41 ലക്ഷം രൂപയാണ് അമേസിൻ്റെ എക്സ്-ഷോറൂം വില വരുന്നത്.
സിറ്റിയെ മുന്നിലിറക്കി മിഡ് സൈസ് സെഗ്മെന്റിൽ ഒരു യുദ്ധത്തിന് തയാറെടുക്കുകയാണ് ഹോണ്ട എന്ന് വേണമെങ്കിൽ പറയാം. കൂടുതൽ കരുത്തോടെയും കൂടുതൽ ഫീച്ചറുകളോടെയും ഇന്ത്യക്കായി നാലാം തലമുറ വെർണയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. പുതിയ 2023 സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ബേസ് പെട്രോൾ മാനുവൽ മോഡലിന് 11. 49 ലക്ഷം രൂപയും സിറ്റി ഹൈബ്രിഡ് വേരിയന്റിന് 20.39 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. മുൻപുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2023 മോഡൽ സിറ്റിയ്ക്ക് 35,000 രൂപയോളം വില കൂടുതലാണ്
സിറ്റി ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഹോണ്ട കൊണ്ടു വന്ന ഒരു പ്രധാന മാറ്റം ഫ്രണ്ട് ബമ്പറിലാണ്. ഫ്രണ്ട്, റിയർ ബമ്പറുകളിൽ ചില ഫോക്സ് കാർബൺ ഫൈബർ ബിറ്റുകളും നിർമ്മാതാക്കൾ ഉപയോഗിക്കുന്നുണ്ട്. ക്യാമറ അടിസ്ഥാനമാക്കിയുള്ള ADAS സാങ്കേതികവിദ്യയുടെ സെൻസിംഗ് സ്യൂട്ടും ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഹോണ്ട ചേർത്തിട്ടുണ്ട്.
റഡാർ അധിഷ്ഠിത ADAS സ്യൂട്ടോടു കൂടിയ ഇനി വരാനിരിക്കുന്ന ഹ്യുണ്ടായ് വെർണയിൽ നിന്ന് വ്യത്യസ്തമായി ഹോണ്ടയുടെ ക്യാമറ യൂണിറ്റ് അതിന്റെ IRVM -ന് താഴെയാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഇത് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്‌സ്‌പോട്ട് മോണിറ്ററിംഗ് എന്നീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യും.