രാജ്യത്തെ ഇന്ധന വില വർധനയും മലിനീകരണം കാരണമുള്ള ആശങ്കകളും കാരണം ഇപ്പോൾ ഇലക്ട്രിക്ക് കാറുകളും ഹൈബ്രിഡ് വാഹനങ്ങളുമാണ് നിരത്തുകൾ കീഴടക്കുന്നത്. വിപണിയിലെ ആവശ്യമനുസരിച്ച് വൈവിധ്യമാർന്ന നിരവധി ഹൈബ്രിഡ് വാഹനങ്ങളും ഇന്ന് ലഭ്യമാണ്. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും താങ്ങാനാവുന്ന 5 ഹൈബ്രിഡ് കാറുകളും എസ്‌യുവികളും ഏതൊക്കെയെന്ന് നോക്കാം.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ
നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഹൈബ്രിഡ് എസ്‌യുവിയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈർഡർ. ലീറ്ററിന് 27.97 കിലോമീറ്ററാണ് അർബൻ ക്രൂസർ ഹൈറൈഡറുടെ ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 16.46 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും. ലീറ്ററിന് 27.97 കിലോമീറ്ററാണ് ഇന്ധനക്ഷമത. 18.29 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ എക്‌സ്‌ഷോറൂം വില.
ഹോണ്ട സിറ്റി ഇ: എച്ച്ഇവി (ഹൈബ്രിഡ്)
ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഹൈബ്രിഡ് സെഡാനാണ് ഹോണ്ട സിറ്റി ഇ: എച്ച്ഇവി. ഹോണ്ടയുടെ അഭിപ്രായത്തിൽ സിറ്റി ഇ: എച്ച്ഇവിക്ക് ലീറ്ററിന് 27.13 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ കഴിയും.18.99 ലക്ഷത്തിനും 20.49 ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.
മാരുതി സുസുക്കി ഇൻവിക്‌റ്റോ
അടിസ്ഥാനപരമായി ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് ചെയ്ത പതിപ്പാണ് മാരുതി സുസുക്കി ഇൻവിക്‌റ്റോ. മാരുതി സുസുക്കി ഇൻവിക്ടോ ഹൈബ്രിഡ് അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 23.24 കിലോമീറ്ററാണ്. 24.79 ലക്ഷം മുതൽ 28.42 ലക്ഷം രൂപ വരെയാണ് ഇൻവിക്‌റ്റോ എംപിവിയുടെ എക്‌സ്‌ഷോറൂം വില.
ടൊയോട്ട ഇന്നോവ ഹൈക്രോസ്
രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് എത്തുന്നത്. ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയന്റിന് 25.30 ലക്ഷം മുതൽ 30.26 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ലിറ്ററിന് 23. 24 കിലോമീറ്ററാണ് ഈ മോഡൽ അവകാശപ്പെടുന്ന ഇന്ധനക്ഷമത.
ഇന്ത്യയിലെ കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ ഒരു ഹൈബ്രിഡ് കാർ തിരഞ്ഞെടുക്കുന്നത് വളരെയധികം ഗുണം ചെയ്യും. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ മോഡലുകളും ചെറിയ ദൂരത്തേക്ക് ഇവി മോഡിൽ ഓടിക്കാൻ കഴിയുമെന്ന് മാത്രമല്ല ഇത് ദൈനംദിന ഓഫീസ് യാത്രകൾക്കും അനുയോജ്യമാണ്.