ഈ ഉത്സവ സീസണിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ. പോയ മാസം മൊത്തം 7045 കാറുകൾ ഇന്ത്യയിൽ വിറ്റ് ഒക്‌ടോബറിൽ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് എംജി നേടിയത്. 2023-ൽ വിറ്റ 5108 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 37.92 ശതമാനമാണ് വാർഷിക വളർച്ച. ഇന്ത്യയിൽ എത്തിയതിനു ശേഷം എംജി നടത്തുന്ന ഏറ്റവും മികച്ച പെർഫോമൻസാണിത്. എംജിയുടെ വിൽപ്പനയുടെ 70 ശതമാനവും സംഭാവന ചെയ്തത് ഇലക്ട്രിക് വാഹനങ്ങളാണ് എന്നതാണ് പ്രത്യേകത.
എംജി വിൻഡ്‌സർ ഇവി ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനത്തിന്റെ വരവാണ് ഇതിന്റെ പ്രധാന കാരണം. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ 15000 ഉപഭോക്താക്കളെയാണ് വിൻഡ്‌സർ സ്വന്തമാക്കിയത്. പോയ മാസം എംജിയുടെ ബെസ്റ്റ് സെല്ലർ കാറാണ് വിൻഡ്‌സർ. വിൽപ്പനക്കെത്തിയ ആദ്യ മാസം 3,116 വിൻഡ്‌സർ ഇവിയാണ് വിറ്റുപോയത്. ബ്രാൻഡിന്റെ മാത്രമല്ല 2024 ഒക്‌ടോബറിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാസഞ്ചർ ഇലക്ട്രിക് വാഹനവും വിൻഡ്‌സർ ആണെന്നാണ് എംജിയുടെ അവകാശവാദം. ഇന്ത്യയിൽ ബാറ്ററി ആസ് എ സർവീസ് (ബാസ്) പ്രോഗ്രാമിന് കീഴിൽ വാഗ്ദാനം ചെയ്യുന്ന ആദ്യ ഇലക്ട്രിക് കാറാണ് വിൻഡ്‌സർ. ബാറ്ററി വാടകയ്ക്ക് നൽകുന്ന ഈ പ്രോഗ്രാം വഴി വാഹനത്തിന്റെ പ്രാരംഭ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഇത് ഉപഭോക്താക്കളെ ആകർഷിച്ചുവെന്ന് വേണം കരുതാൻ.
ബാസിന് കീഴിൽ എത്ര പേരും അല്ലാതെ നേരിട്ട് എത്ര ആളുകൾ വിൻഡ്‌സർ വാങ്ങിയെന്ന കാര്യം എംജി വെളിപ്പെടുത്തിയിട്ടില്ല. എക്സൈറ്റ്, എക്സ്‌ക്ലൂസീവ്, എസെൻസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ സിയുവി തെരഞ്ഞെടുക്കാം. ടർക്കോയ്‌സ് ഗ്രീൻ, സ്റ്റാർബർസ്റ്റ് ബ്ലാക്ക്, പേൾ വൈറ്റ്, ക്ലേ ബീജ് എന്നിവയാണ് നിറങ്ങൾ.
15.6 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീൻ, കണക്റ്റിവിറ്റി ഓപ്ഷനുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രോണിക് ടെയിൽഗേറ്റ്, ആംബിയന്റ് ലൈറ്റിംഗ്, സ്റ്റിയറിംഗ് വീലിൽ ഘടിപ്പിച്ചിരിക്കുന്ന മീഡിയ കൺട്രോളുകൾ, ലെവൽ-2 ADAS, 360ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിററുകൾ എന്നീ സൗകര്യങ്ങളും കാറിൽ ലഭ്യമാണ്.
38 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കിക്ക് ഫുൾ ചാർജിൽ ഏകദേശം 330 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്നു. 136 PS പവറും 200 Nm പീക്ക് ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോർ ആണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. 3 kWചാർജർ വഴി 15 മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവും. 7.4 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാനാവും.
ബാസ് പ്രോഗ്രാമിന് കീഴിൽ 9.99 ലക്ഷം രൂപയ്ക്ക് ഇവി സ്വന്തമാക്കാനാണ് അവസരം. പകരം ഓടുന്ന ഓരോ കിലോമാറ്ററിനും 3.50 രൂപ കമ്പനിക്ക് വാടകയായി നൽകിയാൽ മതിയാവും. അതേസമയം ബാറ്ററി വാടകയ്ക്കല്ലാതെ വാങ്ങുന്നവർക്ക് 13.50 ലക്ഷം രൂപ മുതൽ കാർ വാങ്ങാൻ സാധിക്കും. ദസറ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഇവിയുടെ ഡെലിവറി ആരംഭിച്ചത്.