ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

രാജ്യത്ത് എട്ട് ലക്ഷത്തോളം കാറുകള്‍ ഷോറൂമുകളിലും വെയര്‍ ഹൗസുകളിലുമായി കെട്ടിക്കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വന്‍ വര്‍ദ്ധനവാണ് കാര്‍ വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്ന കാറുകള്‍ ഏതൊക്കെ? നിലവില്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെ കൂടുതലുള്ള മോഡലുകള്‍ ഏതെല്ലാം ?

ഉത്സവ കാലത്ത് വില്‍പ്പനയില്‍ ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി. മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ കാര്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിച്ചുകൊണ്ട് വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. മാസങ്ങളായി ഇന്ത്യന്‍ കാര്‍ വിപണി നേരിടുന്ന അനശ്ചിതത്വത്തിന് ഒടുവിലാണ് ഒക്ടോബര്‍ മാസത്തില്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസമുണ്ടായിരിക്കുന്നത്.

ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ് ഒക്ടോബറിലെ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 202,402 യൂണിറ്റുകള്‍ വിറ്റഴിച്ചാണ് മാരുതി സുസുക്കി വില്‍പ്പനയില്‍ എതിരാളികളില്ലാതെ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്. വിപണിയില്‍ മാരുതി സുസുക്കി അജയ്യരാണെന്ന് പറയാന്‍ കാരണം രണ്ടാം സ്ഥാനത്തുള്ള വാഹന നിര്‍മ്മാതാക്കള്‍ക്ക് മാരുതി സുസുക്കിയുടെ നാലിലൊന്ന് യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കാനായത്.

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ആണ് 55,568 യൂണിറ്റുകളുമായി വില്‍പ്പനയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. തൊട്ടുപിന്നാലെ 54,504 യൂണിറ്റുകള്‍ വിറ്റഴിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്രയും നാലാം സ്ഥാനത്ത് 48,131 യൂണിറ്റുകളുമായി ടാറ്റ മോട്ടോഴ്സും ഇടം പിടിച്ചിട്ടുണ്ട്. ഇത്തവണ വില്‍പ്പനയില്‍ അഞ്ചാം സ്ഥാനമാണ് ടൊയോട്ടയ്ക്ക്. 30,845 യൂണിറ്റുകളുമായി ടൊയോട്ട അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ കിയ ആണ് 28,545 യൂണിറ്റുകളുമായി പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22.4 ശതമാനം വളര്‍ച്ചയാണ് മാരുതി സുസുക്കി നേടിയിരിക്കുന്നത്. ബ്രെസയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മാരുതി സുസുക്കിയുടെ വാഹനം. 24,237 യൂണിറ്റ് ബ്രെസയാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 22,303 യൂണിറ്റുകള്‍ വിറ്റഴിച്ച സ്വിഫ്റ്റ് ആണ് മാരുതി സുസുക്കിയുടെ പട്ടികയില്‍ രണ്ടാമത്. 19,442 യൂണിറ്റുകളുമായി എര്‍ട്ടിഗ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി ഇത്തവണ പുറത്തിറക്കിയത് 55,568 വാഹനങ്ങളാണ് പുറത്തിറക്കിയത്. ഹ്യുണ്ടായി ഏറ്റവും കൂടുതല്‍ എസ് യുവികള്‍ പുറത്തിറക്കിയെന്ന പ്രത്യേകതയും ഒക്ടോബറിനുണ്ട്. 37,902 യൂണിറ്റ് എസ്യുവികളാണ് ഹ്യുണ്ടായി നിരത്തിലിറക്കിയത്. ഹ്യുണ്ടായി ക്രെറ്റയാണ് ജനങ്ങള്‍ക്ക് ഏറെ പ്രിയമെന്ന് വില്‍പ്പന സാക്ഷ്യപ്പെടുത്തുന്നു.

ക്രെറ്റയുടെ 17,497 യൂണിറ്റ് വിറ്റഴിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ ക്രെറ്റ വിറ്റഴിച്ച മാസമെന്ന പ്രത്യേകതയും ഒക്ടോബര്‍ നേടിയിട്ടുണ്ട്. വില്‍പ്പനയില്‍ 25 ശതമാനം നേട്ടവുമായാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തുള്ളത്. മഹീന്ദ്ര ഥാര്‍ റോക്സ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വില്‍പ്പനയില്‍ അഭൂതപൂര്‍ണമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മഹീന്ദ്ര. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ 1,70,000 ബുക്കിംഗുകളാണ് ഥാര്‍ റോക്സ് നേടിയിരിക്കുന്നത്.

നാലാം സ്ഥാനത്തുള്ള മറ്റൊരു ഇന്ത്യന്‍ വാഹന നിര്‍മ്മാതാവായ ടാറ്റ മോട്ടോഴ്സിന് ഇത്തവണ നേരിയ തോതില്‍ വിപണയില്‍ കൈപൊള്ളിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 48,637 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റയ്ക്ക് ഇത്തവണ അത് 48,131 യൂണിറ്റുകളായി കുറയുകയായിരുന്നു. രാജ്യത്തെ ആഘോഷങ്ങളും വില്‍പ്പനയ്ക്ക് കാര്യമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ശുഭമുഹൂര്‍ത്തമായി കണക്കാക്കുന്ന ധന്‍തേരാസിന് മാത്രം 42000 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍സ് അഥവാ എസ്യുവികളാണ്. ചെറിയ കാറുകളോടുള്ള ഇന്ത്യക്കാരുടെ പ്രിയം നഷ്ടമായെന്നാണ് വിപണിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ട് അനുസരിച്ച് എട്ട് ലക്ഷത്തോളം കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. വിപണിയിലെ സെയില്‍സ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ചെറു കാറുകളാണെന്ന് വേണം കണക്കാക്കാന്‍. എന്താണ് ജനങ്ങള്‍ എസ്യുവികളിലേക്ക് മാറി ചിന്തിക്കുന്നതിന് കാരണം?

ഒരു പുതിയ വാഹനം നിരത്തിലിറക്കുമ്പോള്‍ ഉപഭോക്താവ് വിവിധ ഇനങ്ങളിലായി നല്‍കേണ്ടി വരുന്നത് വാഹനത്തിന്റെ മൂന്നിലൊന്ന് തുകയോളമാണ്. നികുതി, ആര്‍ടിഒ ചെലവുകള്‍ എന്നിവയ്ക്ക് പുറമേ ഇന്‍ഷുറന്‍സ് തുക കൂടി കണക്കിലെടുക്കുമ്പോള്‍ ഉപഭോക്താവിന്റെ നട്ടെല്ലൊടിക്കുന്നതാണ് പുതിയ വാഹനങ്ങളുടെ വില.

ഇത്തരത്തില്‍ ഉയര്‍ന്ന വില നല്‍കി ചെറിയ കാറുകള്‍ പുതുതായി ഷോറൂമില്‍ നിന്ന് നിരത്തിലിറക്കുന്നതിനേക്കാള്‍ ലാഭമാണ് രണ്ടോ മൂന്നോ വര്‍ഷം മാത്രം പഴക്കമുള്ള വലിയ വാഹനങ്ങള്‍ സെക്കന്‍ഹാന്റ് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നതാണ്. ചെറിയ പുതിയ കാറുകള്‍ വാങ്ങുന്ന വിലയില്‍ ഒരു എസ്യുവി സ്വന്തമാക്കാം എന്നതാണ് ഇതിലൂടെയുള്ള നേട്ടം. സെക്കന്‍ഹാന്റ് വാഹനങ്ങള്‍ക്ക് പുതിയ വാഹനങ്ങള്‍ക്ക് സമാനമായി ഫിനാന്‍സ് സൗകര്യം ലഭിക്കുന്നതും ആളുകളെ ചെറു കാറുകളില്‍ നിന്ന് അകറ്റുന്നുണ്ട്.