ഓഫ് റോഡറുകളുടെ തമ്പുരാനായി ഒറ്റയ്ക്ക് വിപണിയില്‍ വിലയിരുന്ന മഹീന്ദ്ര ഥാറിന് ശക്തനായ എതിരാളിയെ രംഗത്തിറക്കി മാരുതി സുസുക്കി. തങ്ങളുടെ ഐതിഹാസിക മോഡലായ ജിംനിയെ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയിലാണ് അഞ്ച് ഡോറുകളുള്ള ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചിരിക്കുന്നത്.
പുത്തന്‍ ജിംനിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി സുസുക്കിയുടെ സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനം ഓണ്‍ലൈനായോ നെക്സ ഡീലര്‍ഷിപ്പിലൂടെയോ പ്രീ-ബുക്ക് ചെയ്യാം. ജിംനിയെ ഈ കലണ്ടര്‍ വര്‍ഷത്തിന്റെ മധ്യത്തോടെ വിപണിയിലെത്താനാണ് മാരുതി ഉദ്ദേശിക്കുന്നത്.
പുതിയ കെ15സി എഞ്ചിനിലേക്ക് മാറിയ മാരുതിയുടെ ഇന്ത്യയിലെ മറ്റ് വാഹന ലൈനപ്പില്‍ നിന്ന് വ്യത്യസ്തമായി ജിംനി 5-ഡോര്‍ പഴയ കെ15ബി എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാണ് വരുന്നത്. 3 ഡോര്‍ ജിംനിയുമായി സാമ്യതയുള്ള ഈ എഞ്ചിന്‍ 105 എച്ച്പി പവറും 134 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. മാരുതിയുടെ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിലുണ്ട്.
എസ്യുവിയുടെ വലിപ്പത്തിലേക്ക് നോക്കിയാല്‍ 3,985 എംഎം നീളവും 1,645 എംഎം വീതിയും 1,720 എംഎം ഉയരവും 2,590 എംഎം വീല്‍ബേസുമാണുള്ളത്. ജിംനിയുടെ വരവോടെ ഥാറിന് പുറമെ ഫോഴ്സ് ഗൂര്‍ഖയുടെ അടപ്പും തെറിക്കുമെന്നാണ് വിലയിരുത്തല്‍.