രാജ്യത്ത് നടപ്പാക്കിയ വാഹന രജിസ്‌ട്രേഷന്‍ സംവിധാനമായ ഭാരത് (ബി എച്ച്)സീരിസ് രജിസ്‌ട്രേഷന്‍ നടപ്പാക്കില്ലെന്ന് കേരളം. ഇന്ത്യയില്‍ എല്ലാം സംസ്ഥാനങ്ങളും വാഹനങ്ങള്‍ക്ക് ഭാരത് സീരീസ് നല്‍കുമ്പോള്‍ അതില്‍ നിന്നു വിട്ടുനില്‍ക്കാനാണ് കേരളത്തിന്റെ തീരുമാനം.
സാധാരണ റജിസ്‌ട്രേഷന്‍ ഉള്ള വാഹനവും ഇനി ബിഎച്ച് സീരീസ് റജിസ്‌ട്രേഷനിലേക്കു മാറ്റാന്‍ 1989ലെ കേന്ദ്ര മോട്ടര്‍ വാഹന ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയ സാഹചര്യത്തില്‍ കേരളം ഇത് അനുവദിക്കുമോ എന്ന് ചോദ്യം ഉയരുമ്പോഴാണ് നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന ഗതാഗതവകുപ്പ് വ്യക്തമാക്കുന്നത്.
നിലവില്‍ ഒരു സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ റീ റജിസ്റ്റര്‍ ചെയ്യണമെന്നാണു വ്യവസ്ഥ. ഇതു ബിഎച്ച് വാഹനങ്ങള്‍ക്കു ബാധകമല്ല. ധനകാര്യ ബില്‍ അവതരിപ്പിച്ചു നിയമമാക്കിയാല്‍ മാത്രമേ ബിഎച്ച് സീരീസ് വാഹനങ്ങള്‍ക്ക് കൃത്യമായ നിയമപരിരക്ഷ ലഭിക്കൂ എന്നാണു കേരളത്തിന്റെ വാദം. റജിസ്‌ട്രേഷന്‍ ഫീസ്, നികുതി എന്നീ ഇനങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടമാണ കേരളത്തിന്റെ എതിര്‍പ്പിനു കാരണം.
അതേസമയം ഭാരത് (ബിഎച്ച്)സീരിസ് രജിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി.2021 ഓഗസ്റ്റ് 26-നാണ് ബി എച്ച് രജിസ്‌ട്രേഷന്‍ അവതരിപ്പിച്ചത്. ബി എച്ച് രജിസ്‌ട്രേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിന് വേണ്ടിയാണ് മാറ്റങ്ങള്‍ വരുത്തിയത്. രാജ്യത്ത് എല്ലായിടത്തും ഉപയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനമാണ് ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷന്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാതാ മന്ത്രാലയവും ചേര്‍ന്നാണ് ഭേദഗതികള്‍ വരുത്തിയത്.
-ബി എച്ച് രജിസ്‌ട്രേഷന്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ബി എച്ച് രജിസ്‌ട്രേഷന് അര്‍ഹതയുള്ളവരോ അല്ലാത്തവരോ ആയ മറ്റ് വ്യക്തികള്‍ക്ക് കൈമാറാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
-ബി എച്ച് രജിസ്‌ട്രേഷന് അര്‍ഹതയുള്ള വ്യക്തികള്‍ക്ക് ആവശ്യമായ നികുതി അടച്ച് സാധാരണ രജിസ്‌ട്രേഷന്‍ വാഹനങ്ങളും ബി എച്ച് രജിസ്‌ട്രേഷനിലേക്ക് മാറ്റാവുന്നതാണ്.
-ഏതൊരു പൗരനും, സ്വന്തം താമസസ്ഥലത്തോ ജോലിസ്ഥലത്തോ ബി എച്ച് രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനായി ചട്ടം 48-ല്‍ ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
-ദുരുപയോഗം തടയുന്നതിനായി സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ സമര്‍പ്പിക്കേണ്ട വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥ കര്‍ശനമാക്കി.
-ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡിന് പുറമേ ,സേവന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ബി എച്ച്‌രജിസ്‌ട്രേഷന്‍ ലഭിക്കും.
1988 ലെ വാഹന നിയമത്തിലുള്ള 47 ആം വകുപ്പില്‍ മാറ്റം വരുത്തുന്നതോടെ സംസ്ഥാനം മാറിയുള്ള വാഹന ഉപയോഗ പരിധി 12 മാസം എന്നത് ഒഴിവാകും. പഴയ ചട്ടപ്രകാരം ഓരോ തവണ ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോഴും വാഹന രജിസ്ട്രേഷനും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. ഈ അസൗകര്യം ഒഴിവാക്കാനാണ് പുതിയ സംവിധാനം.സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം വ്യക്തിഗത വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ബിഎച്ച് രജിസ്‌ട്രേഷനിലൂടെ സാധ്യമാകും.