ഹോണ്ടയുടെ 'ഉരുക്ക്' കണ്ണടച്ച് വാങ്ങാം! ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തൂക്കി എലവേറ്റ്

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഹോണ്ട പുറത്തിറക്കിയ എസ്‌യുവിയായിരുന്നു എലിവേറ്റ്. ഇപ്പോഴിതാ ക്രാഷ് ടെസ്റ്റിലും തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ് വാഹനം. ജപ്പാനിൽ WR-V എന്ന പേരിൽ വിൽക്കുന്ന മെയ്‌ഡ് ഇൻ ഇന്ത്യ ഹോണ്ട എലിവേറ്റ് ജപ്പാൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം (JNCAP) ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കി കൊണ്ടാണ് ഹോണ്ട മുന്നിലെത്തിയിരിക്കുന്നത്. ഗ്ലോബൽ NCAP അല്ലെങ്കിൽ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഇതുവരെ വിലയിരുത്തിയിട്ടില്ലെങ്കിലും ഈ നേട്ടത്തിൽ കമ്പനിക്ക് അഭിമാനിക്കാനാകും.

ഇന്ത്യയിലെ ഹോണ്ടയുടെ തപുകര പ്ലാന്റിൽ നിർമിക്കുന്ന എലിവേറ്റ് ജപ്പാൻ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ജാപ്പനീസ് വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത ഹോണ്ട വാഹനം കൂടിയാണിത്. JNCAP ടെസ്റ്റുകളിൽ എലിവേറ്റ് മൊത്തത്തിൽ 90 ശതമാനം സ്കോർ നേടിയതായാണ് റിപ്പോർട്ടുകൾ. ക്രാഷ് ടെസ്റ്റിൽ 193.8 പോയിന്റിൽ 176.23 പോയിന്റും കരസ്ഥമാക്കി A ഗ്രേഡ് വാങ്ങിയിട്ട് എലിവേറ്റ്.

പ്രിവെന്റീവ് സേഫ്റ്റി പെർഫോമൻസിൽ 95 ശതമാനം സ്കോർ (82.22/85.8) നേടിയപ്പോൾ കൊളിഷൻ സേഫ്റ്റി പെർഫോമൻസിൽ 86 ശതമാനം സ്കോറും (86.01/100) എലിവേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാർക്കായുള്ള സംരക്ഷണത്തിന് 57.73 പോയിന്റും കാൽനടയാത്രക്കാരുടെ സംരക്ഷണത്തിന് 28.28 പോയിന്റും നേടിയാണ് ക്രാഷ് ടെസ്റ്റിൽ നിന്നും ഹോണ്ട എലിവേറ്റ് മടങ്ങിയത്.

ഫുൾ-ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റിൽ എലിവേറ്റ് ഡ്രൈവർക്ക് 96 ശതമാനവും റിയർ പാസഞ്ചറിന് 88 ശതമാനവും വിജയിച്ചു. ഓഫ്‌സെറ്റ് ഫ്രണ്ടൽ കൊളീഷൻ ടെസ്റ്റിൽ ഡ്രൈവർക്ക് 86.9 ശതമാനവും റിയർ പാസഞ്ചറിന് 100 ശതമാനവും സ്കോർ ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ സൈഡ് കൊളീഷൻ സേഫ്റ്റി ടെസ്റ്റിലും പരമാവധി പോയിന്റുകൾ നേടിയെടുക്കാനും എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. ഹോണ്ട സെൻസിംഗ് സജ്ജീകരിച്ചിരിക്കുന്ന ടോപ്പ് വേരിയന്റുകളാണ് പരീക്ഷണത്തിന് എത്തിയത്.

ഹോണ്ട സെൻസിംഗ് അടിസ്ഥാനപരമായി ഒരു അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ആണ്. കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ലെയ്ൻ വാച്ച് ക്യാമറ തുടങ്ങിയ സവിശേഷതകളാണ് കമ്പനി ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ടാണ് ക്രാഷ് ടെസ്റ്റിൽ എലിവേറ്റിന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാൻ കാരണമായത്.

പുറത്തിറങ്ങി വെറും 18 മാസത്തിനുള്ളിൽ ഹോണ്ട എലിവേറ്റ് 1 ലക്ഷം യൂണിറ്റ് വിൽപ്പന ആഗോളതലത്തിൽ നേടിയിരുന്നു. ജപ്പാൻ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 47,653 യൂണിറ്റുകൾ കയറ്റുമതി ചെയ്തുകൊണ്ട് എലിവേറ്റ് 1 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ലും താണ്ടി.

1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,600 ആർപിഎമ്മിൽ 119 ബിഎച്ച്പി പവറും 4,300 ആർപിഎമ്മിൽ 145 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും.

11 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തിയ വണ്ടി സെഗ്മെന്റിൽ വളരെ പെട്ടെന്നാണ് കുതിച്ചുയർന്നത്. സേഫ്റ്റി കൂടി ആയതോടെ എലിവേറ്റ് വാങ്ങാൻ എത്തുന്നവരുടെ എണ്ണവും കൂടും. SV, V, VX, ZX എന്നീ വ്യത്യസ്‌ത വേരിയന്റുകളിൽ വിൽപ്പനയിലിറങ്ങുന്ന എലിവേറ്റിന് നിലവിൽ 11.91 ലക്ഷം രൂപ മുതൽ 16.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.