ഥാർ റോക്സ് വിജയകരമായി അവതരിപ്പിച്ചതിന് ശേഷം ഥാർ 3-ഡോറിന് വൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ കാർ നിർമ്മാതാക്കളായ മഹീന്ദ്ര. 3 ഡോർ മോഡൽ അത്ര പ്രായോഗികമല്ല എങ്കിലും വണ്ടിയുടെ കിടിലൻ പെർഫോമൻസും റോഡ് പ്രസൻസുമെല്ലാം കാരണം പലരുടെയും സ്വപ്ന വാഹനമായി മാറിയിരിക്കുകയാണ്. ഇതിനിടെ വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കമ്പനി.
3-ഡോർ പതിപ്പിന് കിടിലൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഥാർ റോക്‌സിന്റെ വരവോടെ 3-ഡോർ പതിപ്പിന് ഡിമാന്റിൽ കുറവ് വരാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നും ചിലർ പറയുന്നുണ്ട്. ഥാർ സ്വന്തമാക്കാൻ തീരുമാനിച്ചിരുന്ന ആളുകൾക്ക് എന്തായാലും നല്ല ഒരു അവസരമാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
പുതിയ ഓഫർ വഴി 3-ഡോർ ഥാറിൻ്റെ നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കാനും സാധിക്കും. എന്തെന്നാൽ 3 ഡോർ വാങ്ങാൻ ബുക്ക് ചെയ്‌തവരെല്ലാം 5-ഡോർ പതിപ്പിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായാണ് വലിയ ഡിസ്കൗണ്ട്. എസ്‌യുവിക്ക് 1.50 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ആണ് ഇട്ടിരിക്കുന്നത്. LX 2.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് RWD, 1.5 LX ഡീസൽ മാനുവൽ RWD, 2.0 LX പെട്രോൾ മാനുവൽ 4WD എന്നീ വേരിയന്റുകളിലാണ് 1.50 ലക്ഷം രൂപ വരെയുള്ള വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നത്.
3-ഡോറിന്റെ 2.0 LX പെട്രോൾ ഓട്ടോമാറ്റിക് 4WD, 2.2 LX ഡീസൽ, 2.2 LX ഡീസൽ ഓട്ടോമാറ്റിക് 4WD മോഡലുകൾക്കും 1.50 ലക്ഷം രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. അതേസമയം 1.5 AX ഓപ്ഷണൽ ഡീസൽ മാനുവൽ RWD വേരിയൻ്റിന് 1.36 ലക്ഷം രൂപ വരെയാണ് ഓഫർ.
3-ഡോർ ഥാറിൻ്റെ പെട്രോൾ, ഡീസൽ മോഡലുകൾക്ക് ഇപ്പോഴുള്ള വലിയ ഡിസ്കൗണ്ട് ഓഫറുകൾക്ക് പുറമേ ബുക്കിംഗ് പിരീഡും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 4X4 വേരിയന്റുകളെല്ലാം മുമ്പുള്ളതിനേക്കാളും വേഗത്തിൽ സ്വന്തമാക്കാനാവും. 5-ഡോർ മോഡലിന് ഡിമാൻഡ് ഉയരാൻ സാധ്യതയുള്ളതിനാൽ നിർമാണം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ. 2 വീൽ ഡ്രൈവ് പതിപ്പുകളുടെ വില മാത്രമാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്.