ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

ഇടയ്ക്കിടയ്ക്ക് മോഡൽ നിരയിൽ വമ്പൻ മാറ്റങ്ങളുമായി വന്ന് ശ്രദ്ധ നേടാറുള്ള പ്രമുഖ കമ്പനിയാണ് മഹീന്ദ്ര. ഇപ്പോഴിതാ തങ്ങളുടെ ജനപ്രിയ എസ്‌യുവികളിലൊന്നായ XUV700 മോഡലിന് ഒരു സ്പെഷ്യൽ എഡിഷൻ സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര. ഫീച്ചറുകളുടെ കാര്യത്തിലും യാത്രാസുഖത്തിന്റെ കാര്യത്തിലും മിടുക്കനായ എസ്‌യുവിക്ക് ഇപ്പോഴുള്ള ഫാൻബേസ് ഒന്ന് വേറെ തന്നെയാണ്.

ബ്ലേസ്‌ എന്നാണ് ഈ വാഹനത്തിന് പേരിട്ടിരിക്കുന്നത്. മോഡലിന്റെ 2,500 യൂണിറ്റുകൾ മാത്രമായിരിക്കും കമ്പനി പുറത്തിറക്കുക. വളരെ കുറച്ച് യൂണിറ്റുകൾ മാത്രമേ നിർമിക്കപെടുകയുള്ളു എന്നതിനാൽ തന്നെ നിരത്തിൽ വാഹനത്തിന് പ്രത്യേക പരിഗണന ലഭിക്കും എന്ന് ഉറപ്പിക്കാം.

പുതിയ ബ്ലേസ് എഡിഷൻ 7 സീറ്റർ ഓപ്ഷനിൽ മാത്രമായിരിക്കും വാങ്ങാനാവുക എന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയുന്നു. അലോയ് വീലുകൾ, റൂഫ്, വിംഗ് മിറർ കേസിംഗുകൾ, ഫ്രണ്ട് ഗ്രിൽ എന്നിവയെല്ലാം കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടൊപ്പം ടെയിൽഗേറ്റിലും ഫ്രണ്ട് ഫെൻഡറുകളിലും ബ്ലേസ് എഡിഷൻ ബാഡ്ജുകളും കാണാൻ സാധിക്കും. എക്സ്റ്റീരിയറിലേതു പോലെ സ്പെഷ്യൽ എഡിഷൻ എസ്‌യുവിയുടെ ഇന്റീരിയറിലും ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

XUV700 ബ്ലേസ് എഡിഷന്റെ അപ്‌ഹോൾസ്റ്ററിക്ക് കോൺട്രാസ്റ്റിംഗ് റെഡ് സ്റ്റിച്ചിംഗും എസി വെൻ്റുകൾക്കും സെൻ്റർ കൺസോളിനും റെഡ് ആക്‌സൻ്റും ഉള്ള ഒരു ബ്ലാക്ക് ഇന്റീരിയറാണ് ലഭിക്കുന്നത്. ടോപ്പ്-സ്പെക്ക് AX7 L ട്രിം അടിസ്ഥാനമാക്കിയുള്ളതായതിനാൽ എല്ലാ ഫീച്ചറുകളും വാഹനത്തിലുണ്ട്. ഫ്രണ്ട്-വീൽ ഡ്രൈവ് രൂപത്തിൽ മാത്രമേXUV700 ബ്ലേസ് എഡിഷൻ ലഭ്യമാകൂ.

പെട്രോൾ രൂപത്തിൽ XUV700 ബ്ലേസ് എഡിഷന് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ലഭിക്കൂ. അതേസമയം ഡീസലിന് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭിക്കും. എസ്‌യുവിയിലെ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 200 ബിഎച്ച്പി പവറിൽ പരമാവധി 380 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കുന്നു. മറുവശത്ത് 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 185 ബിഎച്ച്പി കരുത്തിൽ 420 എൻഎം ടോർക്ക് ആണ് നൽകുന്നത്. ഓട്ടോമാറ്റിക്കിനൊപ്പം ടോർക്ക് 450 എൻഎം ആയി ഉയരും.

ഡീസൽ AWD വേരിയൻ്റുകളിൽ ബ്ലേസ് എഡിഷൻ ലഭ്യമല്ല. എന്തായാലും പുതിയ എസ്‌യുവിലൂടെ ഉന്നംവെക്കുന്നത് 7 സീറ്റർ എംപിവി സെഗ്മെന്റിലെ കൂടി വിൽപ്പനയാണെന്ന് പറയാം. ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് മോഡലുകളോട് വെല്ലുവിളിക്കാനും XUV700 പ്രാപ്‌തമാവുന്നുണ്ട്. 2024 ഏപ്രിലിലെ പ്രതിമാസ വിൽപ്പന കണക്കുകൾ പുറത്തുവിടുമ്പോൾ ആഭ്യന്തര വിപണിയിൽ 41,008 പാസഞ്ചർ വാഹനങ്ങളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിറ്റഴിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 34,698 യൂണിറ്റുകൾ വിറ്റഴിച്ചതിനെ അപേക്ഷിച്ച് 18 ശതമാനം വളർച്ചയാണ് മഹീന്ദ്രയ്ക്ക് കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം XUV 3XO എന്ന നവീകരിച്ച സബ്കോംപാക്‌ട് എസ്‌യുവിയും മഹീന്ദ്ര വിപണിയിൽ എത്തിച്ചിട്ടുണ്ട്. 7.49 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള മോഡൽ ശരിക്കും XUV300 പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ്.

സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വേറിട്ടുനിർത്തുന്നതിനായി സവിശേഷമായ മാറ്റ് റെഡ് കളർ ഓപ്ഷനൊപ്പം ചില ബ്ലാക്ക്ഡ് ഔട്ട് എലമെന്റുകളും ചേർത്താണ് പുതിയ XUV700 ബ്ലേസ് എഡിഷനെ മഹീന്ദ്ര ഒരുക്കിയെടുത്തിട്ടുള്ളത്. 24.24 ലക്ഷം രൂപയാണ് എസ്‌യുവിയുടെ സ്പെഷ്യൽ മോഡലിനായി നിശ്ചയിച്ചിട്ടുള്ള വില. സ്റ്റാൻഡേർഡ് AX7 L വേരിയന്റിനേക്കാൾ ഏകദേശം 25,000 രൂപ കൂടുതൽ ചെലവേറിയതായിരിക്കും ഈ മോഡൽ.