ജിംനി വിൽക്കാൻ പതിനെട്ടാം അടവ് ! വൻ വിലക്കുറവിൽ ജിംനി വിൽക്കാൻ ഒരുങ്ങി മാരുതി സുസുക്കി

ഇന്ത്യയിൽ മാരുതി സുസുക്കി അവതരിപ്പിച്ച ഓഫ് റോഡർ ആണ് ജിംനി. ജിപ്സിയുടെ പകരക്കാരനായി എത്തിയ സ്പോർട് യൂട്ടിലിറ്റി വാഹനം വിദേശ വിപണികളിൽ നിന്നും വ്യത്യസ്‌തമായി 5-ഡോർ പതിപ്പിലാണ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. മഹീന്ദ്ര ഥാറിന് ഇല്ലാത്ത പ്രായോഗികത നേടിയെടുക്കാൻ വേണ്ടിയാണ് 5 ഡോറുകളുമായി ജിംനി അവതരിച്ചത്. എന്നാൽ ആദ്യ മാസങ്ങളിൽ ജിംനിക്ക് ലഭിച്ച സ്വീകാര്യത പിന്നീട് കിട്ടിയില്ല.

നിലവിൽ ജിംനിയുടെ 500 യൂണിറ്റുകൾ മാത്രമാണ് മാരുതി സുസുക്കി ഓരോ മാസവും വിറ്റഴിക്കുന്നത്. വമ്പൻ ഹിറ്റാകും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും നിലവിൽ ആളുകൾ ജിംനിയോട് താത്പര്യം കാണിക്കുന്നില്ല. ബ്രാൻഡിൽ നിന്നും ഏറ്റവും കുറവ് വിൽപന നേടുന്ന വണ്ടിയാണ് ജിംനിയെന്നാണ് റിപ്പോർട്ട്. തിരക്കേറിയ സിറ്റി ഡ്രൈവിംഗിൽ പോലും മികച്ച കംഫർട്ടും മൈലേജും തരുന്ന ജിംനി ഒരു പ്രാക്‌ടിക്കൽ ലൈഫ് സ്റ്റൈൽ ഓഫ് റോഡർ വാഹനമാണ്.

ജിംനിയോടുള്ള ആളുകളുടെ താത്പര്യം കുറയാനുള്ള കാരണം എന്താണെന്ന് ഇതുവരെയും അറിയില്ല. വിൽപന കുറവായതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി വമ്പൻ ഓഫറുകൾ നിരത്തി എസ്‌യുവിയുടെ വിൽപ്പന ഉയർത്താനുള്ള ശ്രമത്തിലാണ് കമ്പനി. പോയ മാസങ്ങളിൽ ജിംനിയുടെ വിലയിൽ വലിയ ഓഫറുകളാണ് മാരുതി നടപ്പിലാക്കിയത്. അതേപോലെ 2024 മാർച്ച് മാസത്തിലും കിടിലൻ പ്രഖ്യാപനങ്ങളാണ് മാരുതി ഇപ്പോൾ നടത്തിയിരിക്കുന്നത്.

2024 മാർച്ചിൽ 1.50 ലക്ഷം രൂപ ഡിസ്കൗണ്ടോടെ മാരുതി സുസുക്കി ജിംനി വീട്ടിലെത്തിക്കാൻ സാധിക്കും. സീറ്റ, ആൽഫ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ഓഫർ കമ്പനി നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 12.74 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് ലൈഫ്-സ്റ്റൈൽ എസ്‌യുവി വിപണിയിൽ എത്തുന്നത്. ഓഫറുകളുടെ വിശദാംശങ്ങൾ നോക്കുകയാണെങ്കിൽ 2023 മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കാണ് പരമാവധി 1.50 ലക്ഷം രൂപ വരെയുള്ള ക്യാഷ് ഡിസ്കൗണ്ട് ആണ് ലഭിക്കുക.

വാഹനത്തിന്റെ 2024 മോഡലാണ് നോക്കുന്നതെങ്കിൽ 50,000 രൂപ വരെ ഓഫർ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതുകൂടാതെ തെരെഞ്ഞെടുത്ത ഉപഭോകതാക്കൾക്ക് കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കുന്നതായിരിക്കും. യോഗ്യത അനുസരിച്ച് 3,000 രൂപ വരെയാണ് ഈ ആനുകൂല്യം കിട്ടുക. ഈ ഓഫറുകൾ താത്കാലികമാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. കൂടാതെ വേരിയൻ്റ്, സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ ഒക്കെ ആശ്രയിച്ച് ഓഫർ വ്യത്യാസപ്പെടുകയും ചെയ്തേക്കാം.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് മാരുതി ജിംനി 5-ഡോർ പതിപ്പിന് കരുത്തേകുന്നത്. ബ്രാൻഡിൻ്റെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും എസ്‌യുവിക്ക് ലഭിക്കും. 103 ബിഎച്ച്പി പവറിൽ പരമാവധി 134 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് സാധിക്കും. ജിംനിയുടെ എടുത്തു പറയേണ്ട സവിശേഷതയാണ് മികച്ച റിഫൈൻമെന്റും മൈലേജും.

ഓഫ്‌റോഡറാണെങ്കിലും പിൻസീറ്റിലേക്കുള്ള പ്രവേശനം വളരെ ലളിതമാണ്. ഒരു പാർട്ട് ടൈം ഓഫ്‌റോഡറും ഫാമിലി കാറുമായി ജിംനി ഉപയോഗിക്കാൻ സാധിക്കും. 7.0 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ്, റിയർ ഡീഫോഗർ, 6 എയർബാഗുകൾ, 4 സ്പീക്കർ ഓഡിയോ സിസ്റ്റം തുടങ്ങിയ ഉപയോഗപ്രദമായ സവിശേഷതകളോടെയാണ് ജിംനിയുടെ ടോപ്പ് എൻഡ് സീറ്റ വേരിയന്റ് വരുന്നത്.

മാരുതി സുസുക്കി ജിംനിക്ക് 3985 mm നീളവും 1645 mm വീതിയും 1720 mm ഉയരവും 2590 mm വീൽബേസും ഉള്ളതിനാൽ പിന്നിലും നല്ല സ്പേസാണ് കിട്ടുന്നത്. ഇത്തരത്തിലുള്ള സൗകര്യങ്ങളൊക്കെ ഉണ്ടായിട്ടും ജിംനി വാങ്ങാൻ ആളെത്താത്തതിന്റെ കാരണം ഉയർന്ന പ്രാരംഭ വിലയും ഡീസൽ എഞ്ചിന്റെ അഭാവവുമാണെന്നാണ് പലരും പറയുന്നത്. അത്യാവശ്യം ലഗേജ് വെക്കാനാവുന്ന ബൂട്ട് സ്പേസുള്ളതും വണ്ടിയുടെ പ്രായോഗികത വർധിപ്പിക്കുന്നു. പുതിയ ഓഫറോടെ കൂടുതൽ ആളുകൾ വാങ്ങാനെത്തുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി