ഷോറൂം കാലിയാക്കാൻ ഒരുങ്ങി ഹോണ്ട ; സിറ്റി, എലിവേറ്റ് മോഡലുകൾക്ക് 90,000 വരെ ഡിസ്‌കൗണ്ട് !

ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടാൻ ശേഷിയുള്ള കിടിലൻ എഞ്ചിനും അതിനൊപ്പം നല്ല കാറുകളും രാജ്യത്തിന് സമ്മാനിച്ച കമ്പനിയാണ് വാഹന നിർമാതാക്കളായ ഹോണ്ട. സിവിക്, CR-V, ബ്രിയോ, ജാസ് തുടങ്ങിയ മോഡലുകളുടെ വലിയ നിരയുണ്ടായിരുന്ന കമ്പനിക്ക് വെറും 3 കാറുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. അമേസ്, സിറ്റി, എലിവേറ്റ് തുടങ്ങിയ മോഡലുകൾ വിറ്റുപോകുന്നുണ്ട് എന്നതിനാൽ കമ്പനി നിലവിൽ പിടിച്ചു നിൽക്കുന്നുണ്ട്.

വിൽപ്പന കൂട്ടാൻ വേണ്ടി ഇടയ്ക്കിടെ നല്ല കിടിലൻ ഓഫറുകളും കമ്പനി അവതരിപ്പിക്കാറുണ്ട്. നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിന്റെ ഭാഗമായി 2025 മാർച്ച് മാസത്തേക്ക് കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. സിറ്റി, എലിവേറ്റ്, സിറ്റി ഹൈബ്രിഡ് മോഡലുകൾക്ക് 90,000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

‘മാർച്ച് എൻഡ് ബൊനാൻസ’ സ്കീം എന്നാണ് പേരിട്ടിരിക്കുന്നത്. ഓഫറുകളിൽ ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, കോർപ്പറേറ്റ് ഡീലുകൾ പോലുള്ളവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കാറുകൾക്ക് 3 വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയും 4 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയും ഉൾപ്പെടുന്ന 7 വർഷത്തെ വാറണ്ടിയാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്.

ഇതുകൂടാതെ 8 വർഷത്തെ ഉറപ്പായ ബൈബാക്ക് പ്രൈസ് പ്രോഗ്രാമും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. പഴയ കാറുകൾ സ്‌ക്രാപ്പ് ചെയ്‌തവർക്ക് സാധുവായ സ്‌ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഡീലർമാരിൽ നിന്ന് സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താനാകും. ഏറ്റവും പുതിയ അമേസ് കോംപാക്‌ട് സെഡാനെ ഒഴിവാക്കിയാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ചിലെ ഹോണ്ടയുടെ ഓഫറുകൾ ഓരോ മോഡലുകൾക്കും എങ്ങനെയാണെന് നോക്കാം.

നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായി വരുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ സെഡാനുകളിലൊന്നായ ഹോണ്ട സിറ്റിയുടെ വേരിയന്റുകൾക്ക് ആകെ 73,300 രൂപ വരെയാണ് ഡിസ്‌കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ മിഡ്-സൈസ് സെഡാൻ സെഗ്മെന്റിൽ മത്സരിക്കുന്ന ഹോണ്ട സിറ്റിക്ക് നിലവിൽ 11.82 ലക്ഷം രൂപ മുതൽ 16.71 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ആനുകൂല്യങ്ങൾ കൂടി ഇതിനോടൊപ്പം ചേർത്താൽ 73,300 രൂപയോളം ലാഭിക്കാം.

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ മിഡ്-സൈസ് എസ്‌യുവിയായ എലിവേറ്റും വിലക്കുറവോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഈ മാസമുള്ളത്. 86,100 വരെയുള്ള ഓഫറുകളാണ് വാഹനത്തിനൊപ്പം ഉപയോഗപ്പെടുത്താനാവുന്നത്. സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിൽ പണിതിറക്കിയിരിക്കുന്ന എലിവേറ്റിന് 11.69 ലക്ഷം മുതൽ 16.91 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗൺ, മെറ്റാലിക് മെറ്ററോയിഡ്, ഗ്രേ മെറ്റാലിക്, ഒബ്‌സിഡിയൻ ബ്ലൂ, പേൾ ലൂണാർ സിൽവർ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, ഫീനിക്സ് ഓറഞ്ച് പേൾ എന്നിങ്ങനെ 9 കളർ ഓപ്ഷനുകളിൽ എലിവേറ്റ് വിപണിയിലെത്തുന്നുണ്ട്. 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ.

സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനോടുകൂടിയ ഹോണ്ട സിറ്റിയാണ് ഈ മാസം ഏറ്റവും കിഴിവോടെ സ്വന്തമാക്കാനാകുക. സിറ്റി eHEV പതിപ്പിന് 90,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ മാർച്ച് എൻഡ് ബൊനാൻസ സ്കീമിനൊപ്പം സ്വന്തമാക്കാനാവും. 19 ലക്ഷം മുതൽ 20.83 ലക്ഷം രൂപ വരെ വിലയുള്ള സിറ്റി ഹൈബ്രിഡിന് 27.13 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Read more