ഇന്ത്യയ്ക്ക് പുതിയ ഓള്‍-ഇലക്ട്രിക് കൂപ്പര്‍ സമ്മാനിച്ച് മിനി, 270 കിലോമീറ്റര്‍ റേഞ്ച്

270 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ഓള്‍ ഇലക്ട്രിക് കൂപ്പറിനെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച് ബ്രിട്ടീഷ് പ്രീമിയം വാഹന നിര്‍മാതാക്കളായ മിനി. 47.20 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് ഇവി ഹാച്ച്ബാക്ക് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. മിനി കൂപ്പര്‍ SE ഇലക്ട്രിക് എന്ന ഈ പുതിയ മോഡല്‍ ഒരു സിബിയു യൂണിറ്റായതിനാല്‍ ഒരൊറ്റ വേരിയന്റില്‍ മാത്രമാകും ലഭ്യമാവുക. മിനി കൂപ്പര്‍ SE ഇലക്ട്രിക്കിന്റെ ആദ്യ ബാച്ചിന്റെ ഡെലിവറി മാര്‍ച്ച് മുതല്‍ ആരംഭിക്കും. ഈ ആദ്യ ബാച്ചില്‍ 30 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യക്കായി അനുവദിച്ചിരിക്കുന്നത്. എല്ലാ യൂണിറ്റുകളും ഇതിനകം തന്നെ വിറ്റഴിച്ചതായും കമ്പനി വ്യക്തമാക്കി. എന്നാല്‍ അടുത്ത ബാച്ചിനുള്ള ബുക്കിംഗും കമ്പനി ഇതോടൊപ്പം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂപ്പര്‍ SE ഇവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്.

ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കിന്റെ രൂപകല്പനയുടെ കാര്യത്തില്‍ കൂപ്പറിന്റെ ഡിസൈനിലെ എല്ലാ പരമ്പരാഗത ഘടകങ്ങളും പുതിയ ഇലക്ടിക് വാഹനത്തിലും കാണാം. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍, യൂണിയന്‍ ജാക്ക്-തീം എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പരിചിതമായ ആ രൂപകഘടന എന്നിവയെല്ലാം ബ്രിട്ടീഷ് ബ്രാന്‍ഡ് നിലനിര്‍ത്തിയിട്ടുണ്ട്. വലിയ ബ്ലാങ്ക്-ഔട്ട് ഫ്രണ്ട് ഗ്രില്‍, അല്‍പ്പം റീ-പ്രൊഫൈല്‍ ചെയ്ത ഫ്രണ്ട് ബമ്പര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍ ബമ്പര്‍, എക്സ്ഹോസ്റ്റ് പൈപ്പുകളുടെ അഭാവം, മിറര്‍ ക്യാപ്പുകളിലും വീലുകളിലും ഗ്ലോസി യെല്ലോ ആക്സന്റുകള്‍ എന്നിവ പോലുള്ള ചില പ്രധാന വ്യത്യാസങ്ങളും മിനി പുതിയ കൂപ്പറില്‍ വരുത്തിയിട്ടുണ്ട്.വൈറ്റ് സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നീ നാല് നിറങ്ങളിലായിരിക്കും കൂപ്പര്‍ SE ഇന്ത്യയില്‍ ലഭ്യമാവുക.

Preview: 2022 Mini Cooper SE electric hatch receives new look

ഇന്റീരിയര്‍ സവിശേഷതകള്‍

SE ഇലക്ട്രിക് കാറിന്റെ അകത്തളത്തിന്റെ മൊത്തത്തിലുള്ള ഡാഷ്ബോര്‍ഡ് ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് കൂപ്പര്‍ ഹാച്ച്ബാക്കിന് സമാനമാണ്. എന്നാല്‍ ഒരു പുതിയ 5.5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉള്‍പ്പെടുത്തി പ്രധാന ഹൈലൈറ്റാക്കി മാറ്റിയിരിക്കുന്നു.മള്‍ട്ടി-ലെവല്‍ ബ്രേക്ക്-റിജനറേഷന്‍ സിസ്റ്റത്തിനായുള്ള സെന്റര്‍ കണ്‍സോളില്‍ ഒരു പുതിയ ടോഗിള്‍ സ്വിച്ച് മാത്രമാണ് മറ്റൊരു വ്യത്യാസം. അതേസമയം ഗ്ലോസി യെല്ലോ ആക്സന്റുകള്‍ ഇന്റീരിയറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്റീരിയര്‍, ബൂട്ട് സ്‌പേസ് എന്നിവയെ പുതിയ പവര്‍ട്രെയിന്‍ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്.

ഫീച്ചറുകള്‍

ആപ്പിള്‍ കാര്‍പ്ലേ അനുയോജ്യത, സ്പോര്‍ട്സ് സീറ്റുകള്‍, ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ്, നാപ്പ ലെതര്‍ സ്റ്റിയറിംഗ് വീല്‍, ടിപിഎംഎസ് എന്നിവയുള്ള 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയെല്ലാമുണ്ട് ഈ പുതിയ ഇലക്ട്രിക് കൂപ്പറില്‍. 184 ബി എച്ച് പി കരുത്തില്‍ 270 എന്‍ എം ടോര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് കൂപ്പര്‍ SE ഹാച്ച്ബാക്കിന്റെ എഞ്ചിന്‍. ടി ആകൃതിയില്‍ പാസഞ്ചര്‍ സീറ്റിന് താഴെ ഘടിപ്പിച്ചിരിക്കുന്ന 32.6 കിലോവാട്ട് ബാറ്ററിയില്‍ നിന്നാണ് കാര്‍ പവര്‍ എടുക്കുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമാണിത്. അതിന്റെ ഫലമായി 7.3 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത വാഹനത്തിന് കൈവരിക്കാന്‍ സാധിക്കും.അതേസമയം 150 കിലോമീറ്ററിന്റെ ഉയര്‍ന്ന വേഗതയാണ് ഇലക്ട്രിക് കാറിനുള്ളത്. കൂപ്പര്‍ SE ഇലക്ട്രിക്കില്‍ മിഡ്, സ്പോര്‍ട്ട്, ഗ്രീന്‍, ഗ്രീന്‍ പ്ലസ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളും ലഭിക്കുന്നുണ്ട്.കൂപ്പര്‍ ഇവിയില്‍ അണ്‍ലിമിറ്റഡ് കിലോമീറ്ററുകളുള്ള 2 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്.

സ്വീകാര്യമായ സിറ്റി ഡ്രൈവിംഗ് ശ്രേണിയും ആവശ്യമുള്ള പെര്‍ഫോമന്‍സ് നിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാന്‍ കൂപ്പര്‍ SE ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നും അതിന്റെ ഫലമായി 270 കിലോമീറ്റര്‍ വരെ WLTP സാക്ഷ്യപ്പെടുത്തിയ റേഞ്ച് ലഭിക്കുമെന്നും കമ്പനി പറയുന്നു. കൂപ്പര്‍ SE 50 കിലോവാട്ട് ചാര്‍ജ് പോയിന്റ് വഴി 36 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ പ്രാപ്തമാണ്.കൂടാതെ 11 കിലോവാട്ട് വാള്‍ ബോക്സിന് (സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നത്) 150 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. അതേസമയം പൂര്‍ണമായി ചാര്‍ജിലെത്താന്‍ ഏകദേശം 210 മിനിറ്റ് വരെ വേണ്ടി വരും.