തങ്ങളുടെ ജനപ്രിയ എസ്യുവിയായ Q7 ഫെയ്സ്ലിഫ്റ്റ് ഇറക്കി ന്യൂ ഇയര്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഓഡി.ഈ മാസം ആദ്യം തന്നെ മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഔഡിയുടെ പ്ലാന്റില്‍ പുതിയ മോഡലിനായുള്ള അസംബ്ലിംഗ് ആരംഭിച്ച കമ്പനി വാഹനം ജനുവരിയില്‍ തന്നെ ഇറങ്ങുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍. 2021-ല്‍ ഇലക്ട്രിക് ഉള്‍പ്പടെ നിരവധി കാറുകള്‍ ഇതിനോടകം അവതരിപ്പിച്ച കമ്പനി വരും വര്‍ഷവും ഇത് തുടരുമെന്ന സൂചനയാണ് പുതിയ Q7 ഫെയ്‌സ് ലിഫ്റ്റ് മോഡലിന്റെ വരവ് അറിയിച്ചുകൊണ്ട് വെളിവാക്കിയിരിക്കുന്നത്.
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയുടെ Q ശ്രേണി എസ്യുവികളിലെ മുന്‍നിരക്കാരനാണ് Q7. 2019-ല്‍ ആഗോള വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഈ ആഢംബര എസ്യുവി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്. പുതുക്കിയ മോഡലിന്റെ പുറംഭാഗത്ത് കോസ്മെറ്റിക് പരിഷ്‌ക്കാരങ്ങളോടെ പുതുരൂപം നല്‍കിയിരിക്കുകയാണ് ഓഡി. അതോടൊപ്പം ഓഡിയുടെ പുതിയ സിഗ്‌നേച്ചര്‍ ഡേടൈം റണ്ണിംഗ് ലൈറ്റുകളും, മാട്രിക്‌സ് എല്‍ഇഡി ഹെഡ്ലാമ്പിനോട് ചേര്‍ന്നുള്ള ക്രോം ഫ്രെയിമോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും, വലിയ എയര്‍ ഇന്‍ലെറ്റുകളുള്ള ഒരു പുതിയ ബമ്പറും ഇന്‍കോര്‍പ്പറേറ്റഡ് എയര്‍ കര്‍ട്ടനുകളും പുതിയ എസ്യുവിയുടെ രൂപത്തിന് മാറ്റ് കൂട്ടുന്നു.
ഇതിനുപുറമെ മുന്‍ ബമ്പറില്‍ സ്ലീക്ക് ഡിഫ്യൂസര്‍, പിന്‍ഭാഗത്ത് ചങ്കിയര്‍ അണ്ടര്‍ബോഡി സംരക്ഷണം, ഫുള്‍ പെയിന്റ് ഫിനിഷ്, സ്റ്റാന്‍ഡേര്‍ഡായ 19 ഇഞ്ച് വീലുകള്‍ എന്നിവയുമായി വരുന്ന ഓപ്ഷണല്‍ എസ് ലൈന്‍ എക്സ്റ്റീരിയറിലും Q7 ഫെയ്സ്ലിഫ്റ്റ് എസ്യുവി തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി ലഭ്യമാക്കും. Q7 എസ്യുവി സാങ്കേതിക പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ ഒരു ഇലക്ട്രോ മെക്കാനിക്കല്‍ ആക്റ്റീവ് റോള്‍ സ്റ്റെബിലൈസേഷന്‍ വാഹനത്തിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 3.0 ലിറ്റര്‍ V6 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഓഡി Q7 ഫെയ്സ്ലിഫ്റ്റ് എസ്യുവിക്ക്. ഇത് പരമാവധി 335 ബിഎച്ച്പി കരുത്തില്‍ 500 എന്‍ എം ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കൂടാതെ, പുതിയ വാഹനത്തില്‍ ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി വരുമെന്നാണ് പ്രതീക്ഷ.ഇന്ത്യന്‍ പതിപ്പ് Q7 ഫെയ്സ്ലിഫ്റ്റിന് പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, ഒരു ഹൈ-ഫൈ സറൗണ്ട് സൗണ്ട് സിസ്റ്റം, മള്‍ട്ടി-സോണ്‍ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവയും മറ്റ് സവിശേഷതകളും ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനു പുറമെ ക്യാബിന്‍ ലൈറ്റിംഗ്, 12-വേ പവര്‍-അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, ഓള്‍-വെതര്‍ ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവയാണ് എസ്യുവിയിലെ മറ്റ് സവിശേഷതകള്‍.
പിന്‍വശത്തെ എയര്‍ബാഗുകള്‍,പുതുക്കിയ ടയര്‍-പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സംവിധാനങ്ങളും വരാനിരിക്കുന്ന മുഖംമിനുക്കിയ Q7 സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തിലുണ്ടാകുമെന്നും കമ്പനി പറയുന്നു. ഇന്റിരിയറിലും കാര്യമായ മാറ്റങ്ങള്‍ പുതിയ വാഹനത്തിന് ഓഡി നല്‍കിയിട്ടുണ്ട്.പുനര്‍രൂപകല്‍പ്പന ചെയ്ത ക്യാബിന്‍, സെന്റര്‍ കണ്‍സോള്‍, പുതിയ സ്റ്റിയറിംഗ് വീല്‍ എന്നിവ അതില്‍ ചിലതാണ്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂടാതെ എയര്‍-കണ്‍ കണ്‍ട്രോളുകള്‍ക്കായി 8.6 ഇഞ്ച് ടച്ച്സ്‌ക്രീനും പുതിയ Q7 എസ്യുവിയില്‍ ഓഡി അവതരിപ്പിക്കുന്നു.