മിതമായ വിലയിൽ പുതിയ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ. X350 എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് ചൈനയിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 33,000 യുവാൻ( ഏകദേശം 3.93 ലക്ഷം രൂപ) ആണ് 350 സിസി ബൈക്കിന്റെ വില. ഈ അടുത്ത കാലത്തായി ഇന്ത്യൻ വാഹന വിപണിയിൽ അരങ്ങേറ്റം കുറിച്ച ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ QJ മോട്ടോറുമായി സഹകരിച്ചാണ് പുതിയ ബൈക്ക് ഹാർലി ഡേവിഡ്സൺ വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ 500 സിസി , 350 സിസി ബൈക്കുകൾ ഹാർലി ഡേവിഡ്സൺ പുറത്തിറക്കാൻ പോകുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ X350 മോഡൽ ബൈക്ക് കമ്പനിയുടെ ബ്രാന്റിങ്ങോടെയാണ് എത്തുന്നത്. എന്നാൽ ക്യുജെ എന്ന കമ്പനിയിൽ നിന്നാണ് ബൈക്കിന്റെ എഞ്ചിൻ. പുത്തൻ മോഡൽ വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ മോട്ടോർസൈക്കിൾ നിർമാതാക്കളുടെ മോഡൽ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണ് X350. സ്‌പോർട്‌സ്‌റ്റർ XR1200X-ൽ നിന്നുള്ള സ്റ്റൈലിംഗാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ മാർജിനിൽ ഉൾപ്പെടുന്ന, ഇന്ന് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും വില കുറവുള്ള ഹാർലി ഡേവിഡ്‌സൺ ബൈക്ക് കൂടിയാണിത്. വാഹനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ആകർഷകമായ ലോൺ കമ്പനി നൽകുന്നതായാണ് റിപ്പോർട്ടുകൾ. 2,110 എംഎം നീളവും 817 എംഎം സീറ്റ് ഉയരവുമാണ് പുതിയ മോട്ടോർസൈക്കിളിന് ഉള്ളത്. കൂടാതെ 185 എംഎം ഗ്രൗണ്ട് ക്ലിയറൻസും 1,410 എംഎം വീൽബേസും ഉണ്ട്.
മുന്നിലും പിന്നിലും യഥാക്രമം 120/70, 160/60 സെക്ഷൻ ടയറുകളാണുള്ളത്. 13.5 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കാണ് ഇതിനുള്ളത്. 17 ഇഞ്ച് അലോയ് വീലുകളിലാണ് മോട്ടോർസൈക്കിൾ ഓടുന്നത്. മുന്നിൽ ഡ്യുവൽ ഡിസ്‌കും പിന്നിൽ സിംഗിൾ ഡിസ്കുമാണ് ബ്രേക്കിങ്ങിനായി നൽകിയിരിക്കുന്നത്. 195 കിലോഗ്രാം ആണ് മോട്ടോർസൈക്കിളിന്റെ ഭാരം. പുതിയ ഹാർലി X350 മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഡാസ്‌ലിംഗ് ബ്ലാക്ക്, ജോയ്‌ഫുൾ ഓറഞ്ച്, ബ്രൈറ്റ് സിൽവർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഹാർലി ഡേവിഡ്‌സൺ X350 ചൈനയിൽ ലഭ്യമാകുക.
അതേസമയം, അധികം വൈകാതെ തന്നെ 500 സിസിയുള്ള ഹാർലിയുടെ X500 ബൈക്കും ഉടൻ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ. X350, X500 എന്നീ ബൈക്കുകൾ തമ്മിൽ നിരവധി കാര്യങ്ങളിൽ സാമ്യതകളുണ്ട്. X500ലെ USD ഫോർക്കുകൾ, അലോയ് വീലുകൾ, റിയർ മോണോ-ഷോക്ക്, ഹെഡ്ലൈറ്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകൾ തുടങ്ങിയ ഘടകങ്ങൾ X350 ബൈക്കിലുള്ളതിന് സമാനമായിരിക്കും. അതേസമയം, രണ്ട് ബൈക്കുകളുടെയും ഡിസൈനിൽ അൽപ്പം വ്യത്യാസം ഉണ്ടാകും. പിൻഭാഗത്തെ സബ്ഫ്രെയിം, ടെയിൽ ഭാഗം, ഫ്യൂവൽ ടാങ്കുകൾ എന്നിവയും വ്യത്യസ്‍തമാണ്. ബൈക്കുകളുടെ ബ്രേക്കിങ് ഹാർഡ്‌വെയറിലാണ് മറ്റ് വ്യത്യാസങ്ങൾ ഉള്ളത്.
ഹാർലി-ഡേവിഡ്‌സൺ X500യിൽ വലിയ ഡിസ്‌കുകൾ ആയിരിക്കും ഉണ്ടായിരിക്കുക. ഹാർലി ഡേവിഡ്‌സൺ X350 ബൈക്കിൽ മാത്രമേ ചെറിയ റേഡിയേറ്റർ ഉണ്ടാവുകയുള്ളു. 34 BHP കരുത്ത് നൽകുന്ന 353 സിസി മോട്ടോറാണ് ഹാർലി ഡേവിഡ്‌സൺ X350 ബൈക്കിലുള്ളത്. ഏകദേശം 195 കിലോഗ്രാം ഭാരമുള്ള ബൈക്കിന് മണിക്കൂറിൽ 143 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ സാധിക്കും. ഹാർലി ഡേവിഡ്‌സൺ X500 ബൈക്കിൽ 45 ബിഎച്ച്പി കരുത്തും 46 എൻഎം ടോർക്കുമുള്ള പാരലൽ – ട്വിൻ മോട്ടോറായിരിക്കും ഉണ്ടാവുക. മണിക്കൂറിൽ 159 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ X500ന് സാധിക്കും. 13.5 ലിറ്ററാണ് ബൈക്കിന്റെ ഇന്ധന ടാങ്ക് ശേഷി.