സ്‌പ്ലെൻഡറിനേക്കാൾ വിലക്കുറവുള്ള 100 സിസി ബൈക്ക് ; ഷൈൻ ചെയ്യാൻ ഇനി ഹോണ്ടയുടെ 'ഹോണ്ട ഷൈൻ 100'

പുതിയ 100 സിസി ബൈക്ക് അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ. മികച്ച മൈലേജ് നൽകുന്നതും കുറഞ്ഞ വിലയുമുള്ള മോട്ടോർസൈക്കിളുകൾ ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ‘ഹോണ്ട ഷൈൻ 100’ എന്ന ബൈക്ക് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. കമ്പനിയുടെ മിതമായ വിലയിൽ ഇന്ധനക്ഷമതയുള്ള മോട്ടോർ സൈക്കിൾ കൂടിയാണിത്. ഉപഭോക്താക്കളുടെ വിശ്വാസ്യതക്കായി 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് പുതിയ ബൈക്ക് എത്തുന്നത്.

125 സിസി വിഭാഗത്തിൽ താരമായിരുന്ന ഷൈനിന്റെ പേര് കടമെടുത്താണ് പുത്തൻ ബൈക്കിനും ‘ഷൈൻ 100’ എന്നു പേരിട്ടിരിക്കുന്നത്. 125സിസി മോട്ടോർ സൈക്കിൾ വിഭാഗത്തിൽ നിലവിലുള്ള ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാൻഡാണ് ഹോണ്ട ഷൈൻ 125.രണ്ട് ബൈക്കുകൾക്കും കാഴ്ചയിൽ ചെറിയൊരു സാദൃശ്യം ഉണ്ടെന്നും പറയാം. പുതിയ ഷൈൻ 100ന് മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും മൂന്ന് വർഷത്തെ ഓപ്ഷണൽ എക്സ്റ്റൻഡഡ് വാറന്റിയുമാണ് കമ്പനി നൽകുന്നത്. അഞ്ച് നിറങ്ങളിലാണ് ഷൈൻ 100 ലഭ്യമാകുക. ഇന്ത്യയിൽ ഹീറോ സ്‌പ്ലെൻഡർ ബൈക്കുകളോടായിരിക്കും ഷൈൻ 100 മത്സരിക്കുക.

പേര് സൂചിപ്പിക്കുന്നതു പോലെ 100 സിസി ബൈക്കാണ് ഹോണ്ട ഷൈൻ 100. ഡയമണ്ട് ഫ്രെയിമിലാണ് കമ്പനി ഷൈൻ 100 നിർമിച്ചെടുത്തിരിക്കുന്നത്. ബ്ലാക്ക്-റെഡ്, ബ്ലാക്ക്-ഗ്രേ, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-ഗ്രീൻ, ബ്ലാക്ക്-യെല്ലോ എന്നീ അഞ്ച് നിറങ്ങളിലാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഹാലൊജൻ ഹെഡ്‌ലൈറ്റ്, കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, സൈഡ്-സ്റ്റാൻഡ് ഇൻഹിബിറ്റർ, ഡ്യുവൽ സ്പ്രിംഗ് റിയർ സസ്‌പെൻഷൻ എന്നിവയാണ് ഷൈൻ 100ന്റെ മറ്റ് പ്രധാനപ്പെട്ട സവിശേഷതകൾ.

കമ്മ്യൂട്ടർ മോട്ടോർ സൈക്കിൾ ആയതിനാൽ വലിയ 670 mm നീളമുള്ള സീറ്റും അപ്-റൈറ്റ് റൈഡിംഗ് പൊസിഷനുമാണ് ഷൈനിനുള്ളത്. 1245 മില്ലീമീറ്റർ ലോങ് വീൽബേസും, 168 എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. 7.6 bhp പവറിൽ 8.05 Nm torque നൽകുന്ന പുതിയ എയർ കൂൾഡ്, 99.7 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഷൈൻ 100 സിസി ബൈക്കിനു കരുത്ത് നൽകുന്നത്. മികച്ച പെർഫോമൻസും മൈലേജും നൽകുന്ന എഞ്ചിനാണിത്. എഞ്ചിനൊപ്പമുള്ള എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) ബൂസ്റ്റ് കൂടുതൽ കരുത്തും ഇന്ധനക്ഷമതയും നൽകാൻ സഹായിക്കുകയും ചെയ്യും.

ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ് , ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. കുറഞ്ഞ മെയിന്റനെൻസ് ഉറപ്പാക്കാൻ ഫ്യുവൽ പമ്പ് ടാങ്കിന് പുറത്താണ് ഒരുക്കിയിരിക്കുന്നത്. 64,900 രൂപ മുതലാണ് ഹോണ്ട ഷൈൻ 100 ബൈക്കിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഓരോ സംസ്ഥാനത്തും വിലയിൽ ചെറിയ രീതിയിൽ മാറ്റം ഉണ്ടാകും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് വാഹനം ഇപ്പോൾ ഷോറൂമുകളിലൂടെ ബുക്ക് ചെയ്യാനാവും. അടുത്ത മാസം മുതലാണ് ഉൽപ്പാദനം ആരംഭിക്കുക. 2023 മെയ് മുതൽ മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Read more

ഷൈൻ 100 പുറത്തിറക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകുന്നത് തുടരുകയാണെന്നും ഈ യാത്രയുടെ ഓരോ ഘട്ടത്തിലും അവരുടെ പ്രതീക്ഷകൾ‍ക്കുമപ്പുറം ചെയ്യാൻ തങ്ങൾ ശ്രമിക്കുകയാണെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയും മാനേജിങ് ഡയറക്ടറുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. നിലവിൽ, ഇന്ത്യയിലെ മുഴുവൻ മോട്ടോർസൈക്കിൾ സെഗ്‌മെന്റിന്റെ 33 ശതമാനവും 100 സിസി ബൈക്കുകളാണ്.