മോട്ടോർസൈക്കിളുകളുടെ കാര്യത്തിൽ, റോയൽ എൻഫീൽഡിന് ഇന്ത്യയിലുടനീളമുള്ള റൈഡർമാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ഐതിഹാസികമായ ഡിസൈനുകളും കൈവരിച്ച പ്രശസ്തിയും കൊണ്ട് റോയൽ എൻഫീൽഡ് ഒരു ബ്രാൻഡ് എന്നതിനപ്പുറത്തേക്ക് ഉയരങ്ങളിൽ എത്തിക്കഴിഞ്ഞു. റോയൽ എൻഫീൽഡ് ഇനി പുറത്തിറക്കാൻ പോകുന്നത് നാല് മോട്ടോർസൈക്കിളുകളാണ്. അവ ഏതൊക്കെയെന്ന് നോക്കാം.
റോയൽ എൻഫീൽഡ് ഹിമാലയൻ 452: ഈ മാസം 7-ന് വേൾഡ് പ്രീമിയറിന് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഒരു വാഹനമാണ് റോയൽ എൻഫീൽഡ് ഹിമാലയൻ 452. 40 ബിഎച്ച്‌പി കരുത്തേകുന്ന 452 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ, മോണോഷോക്ക് റിയർ സസ്‌പെൻഷൻ, ഓൾ എൽഇഡി ലൈറ്റിംഗ്, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം എന്നിവയും വാഹനത്തിൽ ഉൾപ്പെടുന്നു. ഈ ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ബൈക്കിന് 2.7 മുതൽ 2.8 ലക്ഷം വരെയാണ് എക്‌സ്-ഷോറൂം വില.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള വൃത്താകൃതിയിലുള്ള ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോൾ, സ്‌പ്ലിറ്റ് സീറ്റുകൾ, സ്വിച്ചബിൾ എബിഎസ്, റൈഡ് മോഡുകൾ, ഉയരമുള്ള വിൻഡ്‌സ്‌ക്രീൻ, സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച്, സ്‌പോക്ക് വീലുകൾ, ഒരു വലിയ ഫ്യുവൽ ടാങ്ക്, മെറ്റൽ ടാങ്ക് ബ്രേസുകൾ, വിശാലമായ ഹാൻഡിൽബാർ, പുതിയ സ്വിച്ച്ഗിയർ തുടങ്ങിയവയാണ് വരാനിരിക്കുന്ന ഹിമാലയന്റെ മറ്റ് ഹൈലൈറ്റുകൾ. കെടിഎം 390 അഡ്വഞ്ചർ എക്‌സ്, ബിഎംഡബ്ല്യു ജി310 ജിഎസ്, ട്രയംഫ് സ്‌ക്രാമ്പ്ളർ 400 എക്‌സ് എന്നിവയെയാണ് ഈ വാഹനം നേരിടുക.
റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650: റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ഇന്ത്യയിൽ ഹോമോലോഗ് ചെയ്തതായി ഈയിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് നടന്ന ഇഐസിഎംഎ ഷോയിൽ പ്രദർശിപ്പിച്ച എസ്ജി 650 കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 നിർമ്മിക്കുന്നത്. സൂപ്പർ മെറ്റിയർ 650 മായി ഇതിന് വളരെയധികം സാമ്യമുണ്ടായിരിക്കും. 648 സിസി പാരലൽ-ട്വിൻ എഞ്ചിനായിരിക്കും ബൈക്കിന് കരുത്ത് നൽകുക. ഏകദേശം 3.70 ലക്ഷം രൂപ മുതൽ 3.90 ലക്ഷം രൂപ വരെയായിരിക്കും ബോബർ സ്റ്റൈൽ ബൈക്കിന് പ്രതീക്ഷിക്കുന്നത്.
റോയൽ എൻഫീൽഡ് ക്ലാസിക് ബോബർ 350: മെറ്റിയോർ, ബുള്ളറ്റ്, ക്ലാസിക്, ഹണ്ടർ എന്നിവയിൽ കാണപ്പെടുന്ന അതേ 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് എഞ്ചിൻ തന്നെയാണ് വരാനിരിക്കുന്ന ബോബറിലും ഉപയോഗിക്കുന്നത്. മുൻവശത്ത് ഉയരം കൂടിയ ഹാൻഡിൽബാർ അവതരിപ്പിക്കുന്നതിനൊപ്പം മുന്നിലും പിന്നിലും വൈറ്റ്‌വാൾ ടയറുകളും ഫോർവേഡ് സെറ്റ് ഫൂട്ട്‌പെഗുകളും ഉൾപ്പെടുത്തി ഷാസിയിലും ചെറിയ മാറ്റം വരുത്തിയായിരിക്കും ബൈക്ക് വരുന്നത്.
റോയൽ എൻഫീൽഡ് സ്ക്രാമ്പ്ളർ 650: കഴിഞ്ഞ മാസങ്ങളിൽ മുൻനിര 650 സിസി റോയൽ എൻഫീൽഡ് സ്‌ക്രാംബ്ലർ ഇന്ത്യയിലും വിദേശത്തും നിരവധി തവണ പരീക്ഷണം നടത്തിയിരുന്നു. അടുത്ത ആറ് മാസത്തിനുള്ളിൽ ഷോറൂമുകളിലേക്ക് എത്താനൊരുങ്ങുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായിരിക്കും ഇത്.