ഥാർ റോക്സിനെ തറപറ്റിക്കാൻ ടൊയോട്ടയുടെ 4x4 മിനി ഫോർച്ച്യൂണർ

വലിയ എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത് കൂടുതൽ പ്രീമിയം എസ്‌യുവികളുമായി അതിൻ്റെ ലൈനപ്പ് വികസിപ്പിക്കാൻ പദ്ധതിയിടുകയാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ. 2025-ൽ രണ്ട് റീ എൻജിനീയർഡ് മാരുതി സുസുക്കി മോഡലുകൾ അവതരിപ്പിക്കും എന്നാണ് റിപോർട്ടുകൾ. മാരുതി ഗ്രാൻഡ് വിറ്റാര 7-സീറ്ററിനെ അടിസ്ഥാനമാക്കിയുള്ള മൂന്ന് വരി എസ്‌യുവിയും മാരുതി ഇ-വിറ്റാര അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് കാറും ആണ് അണിയറയിലുള്ളത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ൽ അരങ്ങേറ്റം കുറിക്കും. അടുത്ത തലമുറ ടൊയോട്ട ഫോർച്യൂണറും അടുത്ത വർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര സ്‌കോർപിയോ N, ഥാർ റോക്‌സ് തുടങ്ങിയ മോഡലുകളോട് മത്സരിക്കാൻ ടൊയോട്ട ഫോർച്യൂണറിൻ്റെ കോംപാക്റ്റ് പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള ടൊയോട്ടയുടെ പുതിയ നിർമാണശാലയിൽ 2027-ൽ ഉൽപ്പാദനം ആരംഭിക്കുന്ന ആദ്യ ഉൽപ്പന്നങ്ങളിൽ ഒന്നായിരിക്കും ഈ പുതിയ മോഡൽ.

പുതുതായി വരാനിരിക്കുന്ന ടൊയോട്ട 4X4 എസ്‌യുവിയിൽ പരുക്കൻ ഡിസൈനും 4X4 ഡ്രൈവ്‌ട്രെയിനും ഉണ്ടായിരിക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. അർബൻ ക്രൂയിസർ ഹൈറൈഡറിനും ഫോർച്യൂണറിനും ഇടയിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. ഒരു പുതിയ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒന്നിലധികം ബോഡി ശൈലികളെയും പവർട്രെയിനുകളെയും പിന്തുണയ്ക്കും. ഫോർച്യൂണറിന് ഉപയോഗിക്കുന്ന ബോഡി-ഓൺ-ഫ്രെയിം ഷാസിയിൽ നിന്ന് വ്യത്യസ്തമായി, ഈ കോംപാക്റ്റ് എസ്‌യുവി കൂടുതൽ വൈവിധ്യമാർന്ന ഘടന സ്വീകരിക്കും.

ഫോർച്യൂണറിന് സമാനമായ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ശക്തമായ റോഡ് പ്രെസൻസും പുതിയ മോഡലിന് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിന്റെ കൃത്യമായ അളവുകൾ ഇപ്പോഴും ലഭ്യമല്ല. എന്നിരുന്നാലും ഇതിന് 4,410 എംഎം നീളവും 1,855 എംഎം വീതിയും 1,870 എംഎം ഉയരവും, ഏകദേശം 2,580 എംഎം വീൽബേസും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൻ്റെ രൂപകൽപ്പനയിൽ പരന്ന മേൽക്കൂരയും ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്പെയർ ടയറും ഉൾപ്പെട്ടേക്കാം. ഇത് ലാൻഡ് ക്രൂയിസറിന് സമാനമായ ബോൾഡ്, ഓഫ്-റോഡ് രൂപം നൽകുന്നു.

ഈ മോഡലിന്റെ പവർട്രെയിനിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്നോവ ഹൈക്രോസിന് സമാനമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 എൽ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ എസ്‌യുവി ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡീസൽ എൻജിൻ ഓപ്ഷൻ ഇതിൽ ഉണ്ടാകാൻ സാധ്യതയില്ല.

നിലവിൽ മഹീന്ദ്ര കൈയ്യടക്കി വാഴുന്ന ഓഫ്റോഡ് എസ്‌യുവി സെഗ്മെന്റിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക എന്ന പ്ലാനോടെയാണ് ടൊയോട്ട ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്. ടൊയോട്ടയുടെ മികവും വിശ്വാസ്യതയും സംയോജിപ്പിച്ച് വിൽപ്പനയ്ക്ക് എത്തുന്ന ഈ മിനി ഫോർച്ച്യൂണറിന് വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടിയെടുക്കാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.