വാഹനരംഗത്ത് വിപ്ലവകരമായ പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ച് നീതി ആയോഗ്. 2030 ന് ശേഷം രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ എന്നൊരു നിര്‍ദ്ദേശമാണ് നീതി ആയോഗ് മുന്നോട്ടു വെച്ചിരിക്കുന്നത്. 2025 മുതല്‍ 150 സിസി വരെയുള്ള വാഹനങ്ങള്‍ എല്ലാം ഇലക്ട്രിക്ക് ആയിരിക്കണം എന്ന നിര്‍ദ്ദേശവും നേരത്തെ നീതി ആയോഗ് മുന്നോട്ടുവെച്ചിരുന്നു. ആസൂത്രണ കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടു വന്ന സംവിധാനമാണ് നീതി ആയോഗ്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2030- ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ എങ്ങനെ നിരത്തുകളില്‍ നിന്ന് മാറ്റാം എന്നതിനെപ്പറ്റി പഠനം നടത്താന്‍ ഗതാഗത ദേശീയപാത വികസന മന്ത്രാലയത്തിനും മറ്റ് വകുപ്പകള്‍ക്കും ചുമതലകള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. ഹൈവേകളില്‍ ബസ്സുകളുടേയും ട്രക്കുകളുടേയും നീക്കം സജ്ജീകരിക്കാന്‍ റോഡിന് മുകളിലായി വൈദ്യുത ശ്രംഖലയുള്ള ഇ ഹൈവേകള്‍ ആരംഭിക്കുവാനും നീതി ആയോഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഴുവന്‍ വൈദ്യുതവത്കരണത്തിനെതിരെ വാഹന കമ്പനികള്‍ നീങ്ങുമ്പോഴാണ് നീതി ആയോഗിന്റെ പുതിയ നിര്‍ദ്ദേശം.
മുഴു വൈദ്യുതീകരണം എന്ന പദ്ധതി വിജയിച്ചാല്‍ പ്രതിവര്‍ഷം മൂന്നു ലക്ഷം കോടി രൂപ ലാഭിക്കാം എന്നാണ് നീതി ആയോഗിന്റെ വിലയിരുത്തല്‍. 2030- ഓടെ എല്ലാ വാഹന സര്‍വീസ് ദാതാക്കളോടും തങ്ങളുടെ പെട്രോള്‍ ഡീസല്‍ വാഹന നിരയെ വൈദ്യുത വാഹനങ്ങളാക്കി പുനഃക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ബാറ്ററി നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കുന്നതിനായി നീതി ആയോഗ് സാമ്പത്തിക സഹായങ്ങളും, തദ്ദേശീയമായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ സബ്‌സിഡികളും പ്രഖ്യാപിച്ചു.