ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കികൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്. ഇരുചക്രവാഹനങ്ങൾ ആയാലും നാല് ചക്രവാഹനങ്ങൾ ആയാലും മലയാളികൾ വരെ ഇവികളെ നെഞ്ചിലേറ്റി കഴിഞ്ഞു. ഇന്ത്യയിൽ ഇലക്ട്രിക് കാറുകളെ ജനപ്രിയമാക്കിയതിൽ പങ്കുവഹിച്ചവരാണ് ടാറ്റ മോട്ടോർസ്.
ഈയിടെയായി നെക്‌സോൺ, ഹാരിയർ, സഫാരി എന്നീ എസ്‌യുവികളുടെ പുതിയ പതിപ്പുകൾ പുറത്തിറക്കിയ ടാറ്റ മോട്ടോർസ് പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ പണിപ്പുരയിലാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ ടാറ്റ മോട്ടോർസ് പഞ്ച് ഇവിയും കർവ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയും അവതരിപ്പിക്കാൻ ടാറ്റ ഇപ്പോൾ തയാറെടുക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നീ വാഹനങ്ങൾക്ക് ഉപഭോക്താക്കൾക്കിടയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത് എന്നതിനാൽ പുതിയ ശ്രേണിയുടെ വിപുലീകരണം കമ്പനിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ഈ വർഷമാദ്യം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവിയും വിപണിയിൽ അവതരിപ്പിക്കപ്പെടും.
നിലവിലുള്ള ഇവികളേക്കാൾ അധികം റേഞ്ച് വാഗ്‌ദാനം ചെയ്‌തുകൊണ്ടാവും മൈക്രോ എസ്‌യുവി വൈദ്യുതവത്ക്കരിക്കുക. വരാനിരിക്കുന്ന പഞ്ച് ഇവി, ഹാരിയർ ഇവി, കർവ് ഇവി എന്നിവയ്ക്ക് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞത്.
അടുത്തിടെ പുതുക്കിയെത്തിയ നെക്‌സോൺ ഇവിയുടെ റേഞ്ച് 12 കിലോമീറ്റർ വരെ ഉയർത്തി ഈ നേട്ടത്തിനടുത്ത് കമ്പനി എത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും റേഞ്ചിലുള്ള ഉത്കണ്ഠ ഉപഭോകതാക്കൾക്ക് എക്കാലത്തും ഉണ്ടായിരുന്നു. കൂടാതെ ഇന്ത്യയിൽ ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മകളും ഇനി പരിഹരിക്കപ്പെടേണ്ടതുണ്ട്.
കമ്പനി വാഗ്‌ദാനം ചെയ്യുന്ന ഇവികളുടെ റേഞ്ച് വർധിപ്പിക്കുന്നതിനും ‘ജനറേഷൻ 1 പ്ലാറ്റ്‌ഫോമിൽ നിന്ന് ജനറേഷൻ 2 പ്ലാറ്റ്‌ഫോമിലേക്ക് വാഹനങ്ങളുടെ തരം മാറ്റുന്നതിനും’ ബാറ്ററിയുടെ വിലയിലെ കുറവ് പ്രയോജനപ്പെടുത്താനാണ് ടാറ്റ ശ്രമിക്കുന്നതെന്ന് ശൈലേഷ് ചന്ദ്ര വ്യക്തമാക്കി.
ഉയർന്ന ഡ്രൈവിംഗ് റേഞ്ചുള്ള എസ്‌യുവികളും പാസഞ്ചർ ഇലക്ട്രിക് കാറുകളും വിപണിയിലെത്തിക്കാൻ ടാറ്റ ഒരു പുതിയ തന്ത്രം ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിലൂടെ വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കും. മാത്രമല്ല, ഉയർന്ന റേഞ്ച് ഉൾക്കൊള്ളാൻ ബാറ്ററി പായ്ക്ക് ഊർജ്ജം കൂടുതൽ ഉപയോഗിക്കും.
ടിയാഗോ ഇവി കൊണ്ടുവന്ന ഓളം വരാനിരിക്കുന്ന പഞ്ച് ഇവി വേറൊരു തലത്തിൽ എത്തിക്കും എന്ന് ഉറപ്പാണ്. മൈക്രോ എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് ലഭിച്ച സ്വീകാര്യതയും നമ്മൾ കണ്ടുകഴിഞ്ഞു. 500 കിലോമീറ്ററിലധികം റേഞ്ച് കൂടി ചേരുമ്പോൾ പഞ്ച് ഇലക്ട്രിക് ഹിറ്റാവുമെന്ന് ഇപ്പോഴേ ഉറപ്പിക്കാം.
ഇന്ത്യൻ വാഹന രംഗം വലിയ വിപ്ലവത്തിന്റെ വക്കിലാണ്. കൂടുതൽ ബ്രാൻഡുകൾ ഇവി സെഗ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മത്സരിക്കുകയാണിപ്പോൾ. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ നിർമാതാക്കളായ ടാറ്റയാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ താങ്ങാനാവുന്ന വിലയിൽ ഇവികൾ നമ്മുടെ നിരത്തിലോടാനും കാരണം രത്തൻ ടാറ്റയുടെ ഈ കമ്പനി തന്നെയാണ്.