റോയലാകാൻ 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350 !

ഓരോ വർഷം കഴിയുന്തോറും കൂടുതൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയും മറ്റ് എതിരാളികളുടെ നെഞ്ചിടിപ്പ് കൊടുക്കയും ചെയ്യുന്ന കരുത്തുറ്റ ബ്രാൻഡാണ് റോയൽ ബ്രാൻഡ്. ഏത് പ്രായക്കാർക്കുമുള്ള വേരിയന്റുകൾ ഉണ്ടെന്നതാണ് ബ്രാൻഡിന്റെ പ്രത്യേകത. എന്നാൽ പ്രായഭേദമന്യേ ഏവരുടെയും ഹരമായി മാറിയ ഒരു മോഡലായിരുന്നു ഹണ്ടർ.

റോയൽ എൻഫീൽഡിന്റെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ഹണ്ടർ 350. കൂടുതൽ ഫീച്ചറുകളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തി പരിഷ്കരിച്ച ഹണ്ടർ 350യുടെ 2025 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. എൻഫീൽഡിൻറെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൈക്കാണ് ഇത്. ന്യൂഡൽഹിയിലും മുംബൈയിലും വെച്ച് നടന്ന ഹണ്ടർഹുഡ് ഇവൻറിലാണ് ബൈക്ക് പ്രദർശിപ്പിച്ചത്.

ഫാക്ടറി ബ്ലാക്ക്, ഡാപ്പർ ഗ്രീൻ, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ, റെബൽ ബ്ലാക്ക്, റെബൽ ബ്ലൂ, റെബൽ റെഡ് എന്നിവയാണ് പുതിയ കളർ ഓപ്ഷനുകൾ. പുത്തൻ മോട്ടോർസൈക്കിളിൽ ഉപഭോക്താക്കൾക്ക് പുതിയ ബോഡി ഗ്രാഫിക്‌സും ലഭിക്കും. കഴിഞ്ഞ വർഷം പരീക്ഷണത്തിനിടെ കണ്ടെത്തിയ ടെസ്റ്റ് മ്യൂളിൽ നിന്ന് പുതിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പാണ് ലഭിക്കുന്നത്.

ഇതോടൊപ്പം ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിക്കുകയും സീറ്റ് പൊസിഷൻ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്,. ഇവയ്ക്ക് പുറമേ പുതിയ സസ്‌പെൻഷൻ, റൈഡിംഗ് സുഖവും വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് ലഭിക്കുന്ന റോയൽ എൻഫീൽഡിൻ്റെ ആദ്യത്തെ 350-സിസി മോട്ടോർസൈക്കിളായിരിക്കും 2025 ഹണ്ടർ എന്ന പ്രത്യേകതയുമുണ്ട്. മെച്ചപ്പെട്ട റൈഡർ അനുഭവത്തിനായി LED ഹെഡ്‌ലാമ്പുകൾ, ട്രിപ്പർ പോഡ്, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാർജിംഗ് വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

വാഹനത്തിൻ്റെ മെക്കാനിക്കൽ ഭാഗങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. 20.2 ബിഎച്ച്പി പീക്ക് പവറും 27 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള അതേ 349 സിസി സിംഗിൾ സിലിണ്ടർ എയർ ആൻഡ് ഓയിൽ-കൂൾഡ് OHC ഫ്യുവൽ-ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. 5-സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. 800 എംഎം സീറ്റ് ഹൈറ്റുള്ള ബൈക്കിന് 13 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ലഭിക്കുന്നത്. ലിറ്ററിന് 36 കിലോമീറ്ററാണ് മൈലേജ് പറയുന്നത്.

പുതിയ പരിഷ്‌കാരങ്ങളോടെ എത്തുന്നതായതിനാൽ 2025 റോയൽ എൻഫീൽഡ് ഹണ്ടർ 350-യുടെ വില അൽപ്പം കൂടാൻ സാധ്യതയുണ്ട്. നിലവിൽ ബേസ് റെട്രോ ഫാക്ടറി വേരിയന്റിന് 1.50 ലക്ഷം രൂപയാണ് വില വരുന്നത്. മെട്രോ ഡാപ്പർ വേരിയന്റുകൾക്ക് 1.70 ലക്ഷം രൂപയും മെട്രോ റെബൽ വേരിയന്റുകൾക്ക് 1.75 ലക്ഷം രൂപയുമാണ് വില.

എൻട്രി ലെവൽ വിപണിയിൽ ഹോണ്ട CB350 ആർഎസ്, ജാവ 42 എന്നിവയോടാണ് റോയൽ എൻഫീൽഡ് ഹണ്ടർ 350 മത്സരിക്കുന്നത്. റോയൽ എൻഫീൽഡ് ഡീലർഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റിലും പുത്തൻ ഹണ്ടറിന്റെ ബുക്കിങ്ങ് ആരംഭിച്ചതായാണ് റിപ്പോർട്ട്. മോഡലിന്റെ ഡെലിവറി ഉടൻ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 വിൽപ്പനയിൽ പുതിയൊരു നേട്ടവും കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ഇപ്പോൾ. വിപണയിലെത്തി മൂന്ന് വർഷം പിന്നിടാൻ മാസങ്ങൾ ബാക്കി നിൽക്കെ 5 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡിന്റെ ഹണ്ടർ 350. ലോഞ്ച് ചെയ്‌തതിന് ശേഷം വെറും 6 മാസത്തിനുള്ളിൽ ഹണ്ടറിന്റെ ആദ്യത്തെ 1 ലക്ഷം യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചിരുന്നു. ശേഷം 2023 ജൂലൈ അവസാനത്തോടെ 2 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിൽ ഹണ്ടർ എത്തിയപ്പോൾ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഏകദേശം രണ്ടര വർഷങ്ങൾക്ക് ശേഷമാണ് 5 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്.

Read more