ഓസ്കർ നേട്ടം സ്വന്തമാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും രാജ്യാന്തരതലത്തിൽ പോലും നാട്ടു നാട്ടു ഗാനത്തിന്റെ വിശേഷങ്ങൾ തീരുന്നില്ല. നാട്ടു നാട്ടുവും നൃത്തചുവടുകളും നേരത്തെ തന്നെ ട്രെൻഡായി മാറിയ ഒന്നായിരുന്നു. ആരാധകർ മാത്രമല്ല ലോകമെമ്പാടുമുള്ള പല സെലിബ്രിറ്റികളും ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും ചുവടുകൾ വച്ച് ട്രെൻഡിങ്ങിൽ പങ്കെടുത്തിരുന്നു. എന്നാലിപ്പോൾ നാട്ടു നാട്ടുവിനോടൊപ്പം ടെസ്‌ല കാറുകളിൽ ലൈറ്റ് ഷോ നടത്തി അമ്പരപ്പിക്കുകയാണ് അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള ആരാധകർ. വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
.@Teslalightshows light sync with the beats of #Oscar Winning Song #NaatuNaatu in New Jersey 🤩😍
Thanks for all the love. #RRRMovie @Tesla @elonmusk pic.twitter.com/wCJIY4sTyr
— RRR Movie (@RRRMovie) March 20, 2023
ആര്‍ആര്‍ആറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് നാട്ടു നാട്ടു ഗാനത്തിനൊപ്പം ടെസ്‌ല കാറുകളുടെ ലൈറ്റ് ഷോയുടെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. വീഡിയോയിൽ ടെസ്‌ലയേയും ഇലോണ്‍ മസ്‌കിനേയും ടാഗ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്. ശേഷം വീഡിയോ കണ്ട എലോൺ മസ്‌ക് തന്നെ ഹൃദയ ചിഹ്നങ്ങള്‍ സഹിതം കമന്റ് ഇടുകയും ചെയ്തു. ടെസ്‌ലയുടെ ഔദ്യോഗിക പേജും വീഡിയോ പങ്കുവച്ചതോടെ വീഡിയോ വൈറലായി മാറുകയായിരുന്നു. ആർ ആർ ആറിന്റെ സംവിധായകനായ എസ്. എസ് രാജമൗലിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
150 ഓളം ടെസ്‌ല കാറുകൾ അണിനിരത്തിയാണ് നാട്ടു നാട്ടുവിന്റെ ലൈറ്റ് ഷോ നടത്തിയിരിക്കുന്നത്. വലിയൊരു പാർക്കിംഗ് സ്ഥലത്ത് 150 ഓളം കാറുകൾ ആർ ആർ ആർ എന്ന രൂപത്തിൽ നിർത്തിയാണ് ലൈറ്റ് ഷോ അവതരിപ്പിച്ചത്. പാട്ടിന്റെ ഓരോ ബീറ്റിനൊപ്പം ഹെഡ്‍ലൈറ്റുകളും മറ്റ് ലൈറ്റുകളും കത്തിച്ചും കെടുതിയും ചുവപ്പും വെള്ളയും നിറത്തിലുള്ള ഗംഭീര ലൈറ്റ് ഷോയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. വീഡിയോയുടെ മനോഹാരിത പകർത്താനായി ഡ്രോൺ ഉപയോഗിച്ചുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാണ്. വീഡിയോ ഇതുവരെ 9 മില്യണിലധികം ആളുകളാണ് കണ്ടത്.
‘ഏകദേശം 150 ടെസ്‌ല കാറുകളാണ് ലൈറ്റ് ഷോയ്ക്ക് വേണ്ടി പങ്കെടുത്തത്. ലോകത്ത് ഇത് ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. ഈ ലൈറ്റ് ഷോ കാണാൻ അഞ്ഞൂറോളം പേരാണ് എത്തിയത്’ എന്ന് ഷോ സംഘടിപ്പിച്ച സംഘാടകർ പറഞ്ഞു. ന്യൂജേഴ്‌സിയിലെ എഡിസൺ സിറ്റിയിൽ, ടോളിവുഡ് പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുമായി സഹകരിച്ച് നോർത്ത് അമേരിക്കൻ സീമ ആന്ധ്രാ അസോസിയേഷന്റെ വംശി കോപ്പുരവുരി ആണ് ഈ ക്രിയേറ്റീവ് ഷോ സംഘടിപ്പിച്ചത്.
Read more
ടെസ്‌ല കാറുകളിലുള്ള ടോയ് ബോക്‌സ് എന്ന ഫീച്ചര്‍ ഉപയോഗിച്ചാണ് പാട്ടുകൾക്ക് അനുസരിച്ച് ലൈറ്റ് ഷോകൾ നടത്താൻ സാധിക്കുക. ഇതാണ് വീഡിയോയിലും കാണാൻ സാധിക്കുന്നത്. ഈ ഫീച്ചറിലൂടെ കാറുകളിലുള്ള പാട്ടുകളിലെ ബീറ്റിനനുസരിച്ച് ലൈറ്റ് ഷോ നടത്താം. പാട്ടിന്‍റെ ബീറ്റുകള്‍ക്കനുസരിച്ച് ഹെഡ് ലൈറ്റുകളും ടെയിൽ ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളുമെല്ലാം താളത്തില്‍ കത്തുകയും കെടുകയും ചെയ്യും. ലൈറ്റ് ഷോ മോഡ് ഉൾപ്പെടെയുള്ള നിരവധി രസകരമായ ഫീച്ചറുകളാണ് ടെസ്‌ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാറിന്റെ ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, ടേൺ സിഗ്നലുകൾ, ഇന്റീരിയർ ലൈറ്റുകൾ എന്നിവ ഫ്ലാഷ് ചെയ്യാനും സംഗീതവുമായി ചേർത്ത് നിറങ്ങൾ മാറ്റാനും പ്രോഗ്രാം ചെയ്യാൻ അനുവദിക്കുന്നവയാണ് ലൈറ്റ് ഷോ മോഡ്.