പുതുതലമുറ ഥാര്‍ മഹീന്ദ്രയെ സംബന്ധിച്ച് വന്‍ വിജയമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വാഹനം വിപണിയിലെത്തിയത്. ഓഫ്‌റോഡര്‍ എന്നതില്‍ നിന്നുമാറി ഫാമിലി ഓഫ്‌റോഡര്‍ എന്ന ആശയമായിരുന്നു ഥാര്‍ അവതരിപ്പിച്ചപ്പോള്‍ മഹീന്ദ്രക്ക് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഥാറിനായുള്ള കാത്തിരിപ്പ് ഉപഭോക്താക്കളില്‍ വിരസത ഉണ്ടാക്കുന്നുണ്ട്.
നിലവില്‍ കൃത്യമായ ഡെലിവറി പൂര്‍ത്തിയാക്കാനായി കമ്പനി പെടാപാടുപെടുകയാണ്. ഉത്പാദനം വര്‍ധിപ്പിച്ചുകൊണ്ട് മഹീന്ദ്രയ്ക്ക് മികച്ച രീതിയില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. ഥാറിന്റെ മിക്ക വേരിയന്റുകള്‍ക്കും അഞ്ചുമുതല്‍ 10 മാസംവരെയാണ് കാത്തിരിപ്പ് കാലയളവ്.
ഡെലിവറികള്‍ വൈകിയതിനാല്‍ ഉപഭോക്താക്കള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് രണ്ട് ദിവസത്തേക്ക് ഥാര്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചിരിക്കുകയാണ്. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇതിനും കുറച്ച് സമയമെടുക്കുമെന്നാണ് കമ്പനി പറയുന്നത്.
ഡെലിവറികള്‍ വൈകിയ ഥാര്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര ഒറിജിനല്‍ ആക്സസറികളില്‍ 30 ശതമാനം വരെ കിഴിവിലും ലഭ്യമാക്കുമെന്ന കമ്പനി അറിയിച്ചിട്ടുണ്ട്.