ആക്ടിവ മുതൽ ജൂപ്പിറ്റർ വരെ ; ഏറ്റവും കുറഞ്ഞ സീറ്റ് ഉയരമുള്ള മികച്ച അഞ്ച് സ്കൂട്ടറുകൾ !

ലിംഗഭേദമില്ലാതെ ആളുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന വാഹനമാണ് സ്കൂട്ടറുകൾ. നിരത്തുകളിൽ മോട്ടോർസൈക്കിളുകൾ പോലെ തന്നെ ജനപ്രിയമായ സ്കൂട്ടറുകൾ ജനങ്ങൾക്കിടയിൽ പ്രിയപ്പെട്ടതാകാനുള്ള പ്രധാന ഘടകം വാഹനത്തിന്റെ പ്രായോഗികതയാണ്. മോട്ടോർ സൈക്കിളുകൾ വാങ്ങാൻ പോകുമ്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കുന്നത് പോലെ സ്കൂട്ടറുകൾ വാങ്ങാൻ പോകുമ്പോഴും ശ്രദ്ധിക്കാറുണ്ട്. വീട്ടിലുള്ള ഒരു സ്കൂട്ടർ തന്നെ മറ്റുള്ളവരും ഓടിക്കാറുണ്ട്. ഇക്കാരണത്താൽ സ്ത്രീകൾക്ക് വേണ്ടിയോ സ്ത്രീകൾക്കും കൂടി വേണ്ടിയോ ആണ് വാഹനം വാങ്ങുന്നതെങ്കിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് സ്ത്രീകള്‍ക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന സീറ്റ് ഉള്ള സ്‌കൂട്ടര്‍ തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സീറ്റ് ഉയരമുള്ള, ഇപ്പോൾ വിൽപ്പനയ്‌ക്കെത്തുന്ന മികച്ച സ്കൂട്ടറുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇന്ത്യയിൽ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഗിയര്‍ലെസ് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് സെസ്റ്റ് 110. 760 മില്ലിമീറ്ററാണ് ടിവിഎസ് സ്‌കൂട്ടറിന്റെ സീറ്റ് ഉയരം എന്നതിനാൽ സീറ്റ് ഹൈറ്റിന്റെ കാര്യത്തിലും ബെസ്റ്റ് ചോയ്‌സാണ് ടിവിഎസ് സെസ്റ്റ്. 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, എഫ്‌ഐ എഞ്ചിനാണ് ടിവിഎസ് സെസ്റ്റിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 7.7 ബിഎച്ച്പി പവറും 8.8 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, സിവിടി ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. 73,036 രൂപ മുതലാണ് ഇതിന്റെ എക്സ്‌ഷോറൂം വില.

765 മില്ലിമീറ്റര്‍ മാത്രം സീറ്റ് ഉയരമുള്ള ഹീറോ പ്ലഷർ പ്ലസാണ് മറ്റൊരു വാഹനം. 110.9 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് പ്ലഷർ പ്ലസിന് കരുത്തേകുന്നത്. ഈ മോട്ടോർ 7.9 ബിഎച്ച്‌പി കരുത്തും 8.7 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.ഇത് സിവിടിയുമായി ജോടിയാക്കിയിട്ടുണ്ട്. എക്‌സ് ഷോറൂം വില 68,368 രൂപയാണ്. 68,368 രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില എന്നതിനാൽ ആർക്കും വാങ്ങാൻ സാധിക്കും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ് ഹോണ്ട ആക്ടിവ. ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്കൂട്ടറായ ഹോണ്ട സ്‌കൂട്ടര്‍ എന്നതിന്റെ പര്യായപദമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ആക്ടിവ സീരീസ് സ്കൂട്ടറുകൾക്ക് 765 മില്ലിമീറ്ററാണ് സീറ്റ് ഉയരം. ആറാം തലമുറ ആക്ടിവക്ക് 7.73 ബിഎച്ച്പി വികസിപ്പിക്കുന്ന 109.51സിസി സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ് ലഭിക്കുന്നത്. അതേസമയം ആക്ടിവ 125-ന് 8.19 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന 123.97സിസി യൂണിറ്റ് ലഭിക്കുന്നു. 75,347 രൂപ മുതലാണ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിവയുടെ വില. ആക്ടിവ 125 വേണമെങ്കില്‍ 78,920 രൂപ മുതല്‍ മുടക്കേണ്ടി വരും.

അടുത്തതായി, വില്‍പ്പനയുടെ കാര്യത്തിലെന്ന പോലെ മികച്ച സ്കൂട്ടറുകളുടെ പട്ടികയിലും ആക്ടിവയുടെ തൊട്ടുപിറകില്‍ നിൽക്കുന്നത് ടിവിഎസ് ജൂപ്പിറ്ററും, ജൂപ്പിറ്റർ 125 എന്നിവയുമാണ്. 765 മില്ലിമീറ്റര്‍ ആണ് ടിവിഎസിന്റെ ബെസ്റ്റ് സെല്ലര്‍ സ്‌കൂട്ടറിന്റെ സീറ്റ് ഉയരം. 7.7 ബിഎച്ച്‌പി പവറുള്ള 109.7 സിസി എഞ്ചിനാണ് ജൂപിറ്ററിന് കരുത്തു നൽകുന്നത്.അതേസമയം 8 ബിഎച്ച്പി പവര്‍ സൃഷ്ടിക്കുന്ന 124.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ജൂപ്പിറ്റർ 125-ന് നല്‍കിയിരിക്കുന്നത്. ഇത് സിവിടിയുമായി ജോടിയാക്കുകയും ചെയ്യുന്നു. ടിവിഎസ് ജുപ്പിറ്ററിന് 71,390 രൂപയും ടിവിഎസ് ജുപ്പിറ്റര്‍ 125ന് 82,825 രൂപയുമാണ് എക്സ്ഷോറൂം വില.

Read more

ഹോണ്ട ഗ്രാസിയ 125 ആണ് ലിസ്റ്റിലെ അവസാന സ്‌കൂട്ടർ. 765 മില്ലിമീറ്റര്‍ ആണ് ഈ സ്‌കൂട്ടറിന്റെയും സീറ്റ് ഉയരം. 123.97 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഗ്രാസിയക്ക് കരുത്തേകുന്നത്.സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്ന ഈ എഞ്ചിന്‍ 8.19 ബിഎച്ച്‌പി പവറും 10.4 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 82,520 രൂപ മുതലാണ് ഹോണ്ട ഗ്രാസിയയുടെ വില ആരംഭിക്കുന്നത്.